ബെംഗളൂരു: കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മേഖലയിലുള്ളവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ഷകര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, കലാകാരന്മാര് എന്നിവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇതോടൊപ്പം സഹകരണ ബാങ്കില്‍ നിന്ന് കര്‍ഷകര്‍ എടുത്ത വായ്പയുടെ മൂന്നുമാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും തിരിച്ചടവിന് മൂന്നുമാസത്തെ കാലാവധി ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. പഴം, പച്ചക്കറി, പൂ കര്‍ഷകര്‍ക്ക് ഹെക്ടറിന് 10000 രൂപ വീതം നല്‍കും. 95000കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 82.73 കോടിരൂപ അനുവദിച്ചു.
ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും കര്‍ണാടക നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കും 3000 രൂപ വീതം ലഭിക്കും. യഥാക്രമം 65 കോടി, 494കോടിരൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. അസംഘിടത മേഖലയിലെ തൊഴിലാളികളായ ബാര്‍ബര്‍, തയ്യല്‍ തൊഴിലാളികള്‍, മെക്കാനിക്കുകള്‍, ചെരുപ്പുകുത്തി, പോര്‍ട്ടര്‍, പാഴ് വസ്തുക്കള്‍ പെറുക്കുന്നവര് തുടങ്ങിയവര്‍ക്ക് രണ്ടായിരം രൂപ വീതം ലഭിക്കും. 3.05ലക്ഷം ഗുണഭോക്താക്കള്‍ക്കായി 31കോടി രൂപ അനുവദിച്ചു.
ആത്മനിര്‍ഭര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തെരുവ് കച്ചവടക്കാര്‍ക്ക് 2000രൂപ വീതം ലഭിക്കും. 2.2ലക്ഷം പേര്‍ക്ക് പ്രയോജിനം ലഭിക്കും. 45 കോടിരൂപ അനുവദിച്ചു. 4.85 കോടിരൂപ ചെലവഴിച്ച് കലാകാരന്മാക്ക് 3000രൂപ വീതം നല്‍കും. കര്‍ഷകര്‍ക്കുള്ള ചെറുകിട, ഇടത്തരം, സഹകരണബാങ്ക് വായ്പകളുടെ മൂന്ന് മാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പ തിരിച്ചടവ് തീയതി മെയ്1 മുതല്‍ ജൂലൈ 31വരെ നീട്ടി.
സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടു നേരിടുകയാണെങ്കിലും ഈ അവസരത്തില്‍ ജനങ്ങളോടൊപ്പം നില്ക്കാന് സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം നിര്‍ധനര്‍ക്ക് മേയ്, ജൂണ്‍ മാസങ്ങളില്‍ റേഷന്‍ കടകളിലൂടെ അഞ്ചു കിലോ അരി നല്‍കും. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കും അരി ലഭിക്കും. 3.10 ലക്ഷം ഗുണഭോക്താക്കള്‍ക്കായിരിക്കും ഇത്തരത്തില്‍ അരി ലഭിക്കും. ഇതിന് പുറമെ കേന്ദ്ര പദ്ധതിയില്‍ വരാത്ത പത്തു ലക്ഷത്തിലധികം പേര്‍ക്കും അരിയും ധാന്യങ്ങളും നല്‍കുന്നതിനായി സര്‍ക്കാര്‍ 180 കോടി മാറ്റിവെച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 2.6ലക്ഷം കൊവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യചികിത്സ നല്കി. ഇതിനായി 956 കോടിരൂപ ചെലവഴിച്ചു. 18വയസിന് മുകളിലുള്ളവര്‍ക്കായി മൂന്നു കോടി ഡോസ് വാക്സിന് വാങ്ങുന്നതിനായി 1,000 കോടിയും മാറ്റിവെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി 6,000 ഗ്രാമപഞ്ചായത്തുകള്‍ക്കായി അരലക്ഷം വീതം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2000കോടിരൂപയുടെ പ്രത്യേക പാക്കേജ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: