ന്യൂദല്‍ഹി: ബ്ലാക്ക് ഫംഗസ് രോഗവ്യാപനം ഇന്ത്യയില്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ രോഗത്തെ 1897ലെ പകര്‍ച്ച വ്യാധി നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്ര ജോയിന്റ് ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍.
ഇങ്ങിനെ ചെയ്താല്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും രോഗനിര്‍ണ്ണയം, സ്ക്രീനിംഗ്, രോഗത്തെ കൈകാര്യം ചെയ്യല്‍, രോഗം റിപ്പോര്‍ട്ട് ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ ഐസിഎംആറിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിവരും. ഇത് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ചെറുക്കാനും ഉള്ള സാഹചര്യം സൃഷ്ടിക്കും.
നിരവധി സംസ്ഥാനങ്ങള്‍ രോഗത്തിന് ഉപയോഗിക്കുന്ന ആന്റിഫംഗല്‍ മരുന്നായ ആംഫോടെറിസിന്‍ ബിയുടെ അപര്യാപ്തതയെപ്പറ്റി കേന്ദ്രശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്- ഇവിടെ 2000 പേര്‍ക്ക് രോഗബാധയുണ്ടായി, 90 പേര് മരിച്ചു. ഗുജറാത്തില്‍ 1163 പേര്‍ക്ക് രോഗബാധയുണ്ടായി. മധ്യപ്രദേശില്‍ 281 പേര്‍ക്കാണ് രോഗബാധ, മരണം 27. ഉത്തര്‍പ്രദേശില്‍ 73 കേസുകളും രണ്ട് മരണവും. തെലുങ്കാനയില്‍ 60 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ തെലുങ്കാന, മഹാരാഷ്ട, രാജസ്ഥാന്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി നിയമത്തില്‍ ഉള്‍പ്പെടുത്തി.
കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അമിതമായി സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രം ആരോഗ്യപ്രവര്‍ത്തകരോടും ഡോക്ടര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്. ബ്ലാക് ഫംഗസിന് ഇത് ഒരു കാരണമായേക്കാമെന്ന് പറയുന്നു. സര്‍ക്കാര്‍ ആംഫോടെറിസിന്‍ ബി മരുന്നിന്റെ ഉല്പാദനം കൂട്ടാനായി മരുന്ന് നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിനകം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ഫാര്മവകുപ്പ് ആംഫോടെറിസിന്‍ ബി വിതരണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: