ചാരുംമൂട്: താമരക്കുളം വേടരപ്ലാവ് ഗവ.എല്പിഎസിനോട് ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്ന ഹോമിയോ ആശുപത്രിയുടെ തറ ഇടിഞ്ഞുതാണു. സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് 2015-16 വര്‍ഷത്തെ പദ്ധതിയില്‍ 15 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് മുറികളും ശുചിമുറിയുമുള്ള കെട്ടിടം നിര്‍മ്മിച്ചത്. 2017 ല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ വാടകക്കെട്ടിടത്തില്‍ നിന്നും ആശുപത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
ഇന്നലെ രാവിലെ ഡോക്ടര്‍ എത്തി രോഗികളെ പരിശോധിക്കുന്നതിനിടയില്‍ വലിയ ശബ്ദത്തോടെ ടൈല്‍ പാകിയിരുന്ന മുറിയുടെ തറഭാഗം ഇടിഞ്ഞുതാഴുകയായിരുന്നുയെന്ന് ഡ്യൂട്ടി ഡോക്ടര്‍ ലക്ഷ്മി പറഞ്ഞു. തറയില്‍ പാകിയിരുന്ന ടൈലുകള്‍ ഇളകിമാറിയ വിവരമറിഞ്ഞ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.ബി.ഹരികുമാര്‍, അംഗങ്ങളായ വി.പ്രകാശ്, അനിലാ തോമസ്, സെക്രട്ടറി കെ.ബിജു എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് എന്‍ജിനീയറിങ് വിഭാഗം ഉദ്യേഗസ്ഥരുമെത്തി കെട്ടിട പരിശോധന നടത്തി. മുറിയുടെ അടിഭാഗത്തെ മണ്ണ് നീങ്ങിയതാണ് തറയിടിഞ്ഞു താഴാന്‍ കാരണമെന്നും കെട്ടിടത്തിന് ബലക്ഷയമുണ്ടായിട്ടില്ലെന്നുമാണ് ഉദ്യേഗസ്ഥരുടെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: