ജനസ്ഥാന മധ്യത്തിലുള്ള പ്രസ്രവണ പര്‍വത ദര്‍ശനത്തില്‍ വികാര തരളിതനായ പഴയ സുന്ദരദിനങ്ങള് രാമന് സീതയുമായി പങ്കുവയ്ക്കുന്ന ചേതോഹരമായ ഒരു രംഗമുണ്ട് ഭവഭൂതിയുടെ ‘ഉത്തര രാമചരിതം’ നാടകത്തില്‍.
അക്കാലം സുഖമോടുമ-
ഗ്ഗിരിയില് നാം
സൗമിത്രി ചെയ്യുന്ന നല്-
സ്സല്ക്കാരത്തെ വഹിച്ചു-
കൊണ്ടു ബഹുനാള്‍
വാണുള്ളതോര്ക്കുന്നുവോ?
മല്‍ക്കാന്തേ മധുരാംബു
ചേര്ന്നൊഴുകുമ-
ഗ്ഗോദാവരീ സിന്ധുവും
തല്ക്കൂലങ്ങളില്
നാം കളിച്ചതുമയേ!
മയ്ക്കണ്ണിയോര്ക്കുന്നുവോ
കാല്‍പ്പനിക പ്രണയത്തിന്റെ മന്ദാരഹാരം കൊരുത്ത് ക്രീഡാലോലനായ രാമന് സ്നേഹ വിവിശയായ സീതയെ അണിയിക്കുന്നത് മധുവൊഴുകുന്ന ഗോദാവരീ തീരത്താണെന്ന സങ്കല്പ്പ മാധുരി പ്രേമാനുഭൂതിയുടെ കൊച്ചോളങ്ങളില്‍ തരംഗിത സ്പന്ദനമായി മാറുന്നു.
രാമായണ വിഭൂതിയോടൊപ്പം വിശ്രുതമായ ഗോദാവരീ നദി ഭവഭൂതിയുടെ രചനാപഥങ്ങളില് ശാന്തിദമായി ഒഴുകിക്കൊണ്ടേയിരിക്കുന്നു. വിദര്‍ഭ രാജ്യത്തിലെ പത്മപുരത്ത് ഒരു വൈദിക ബ്രാഹ്മണ കുടുംബത്തിലാണ് ഭവഭൂതിയുടെ പിറവി. മാതാപിതാക്കളായ ജാതുകര്ണിയും നീലകണ്ഠനും കുഞ്ഞിനു നല്കിയ പേര് ശ്രീകണ്ഠനെന്നായിരുന്നു. ‘ശിവഭസ്മം’ എന്നര്ഥത്തില് ഭവഭൂതിയെന്ന നാമധേയം ഭാരതീയ സാഹിത്യ ചരിത്രത്തിന്റെ വിശാല ഫാലത്തില്‍ തിളങ്ങുന്നു. ‘ സാംബ പുനാതു ഭവഭൂതി പവിത്രമൂര്ത്തി’ എന്ന് തുടങ്ങുന്ന ഒരു നിമിഷ ശ്ലോകം ചൊല്ലിക്കേട്ട് സംതൃപ്തനായ രാജാവ് ശ്രീകണ്ഠന് നല്കിയ ബിരുദനാമമാണ് ‘ഭവഭൂതി’യെന്ന് ഐതിഹ്യം പറയുന്നു.
വേദാന്തം, ധര്‍മശാസ്ത്രം, രാജനീതി, തര്‍ക്കം, വ്യാകരണം, മീമാംസാദി വിഷയങ്ങളില്‍ അഗാധമായ ജ്ഞാനമാര്ജിച്ചു കൊണ്ടാണ് ഭവഭൂതി സ്വജീവിതത്തിന് രൂപം നല്‍കിയത്. യശോവര്‍മന്റെ കൊട്ടാരത്തിലും കശ്മീര്‍ രാജാവ് ലളിതാദിത്യന്റെ രാജസദസ്സിലും ആ മഹാസാന്നിധ്യം വിളങ്ങി നിന്നു. ശ്രേഷ്ഠമായ വൈദിക സാഹിത്യത്തിന്റെയും സംസ്കൃത സാഹിത്യ സരണിയുടെയും പ്രകാശത്തില്‍ ഭവഭൂതിയുടെ സ്വത്വം ഉജ്ജ്വലിക്കാന് തുടങ്ങി. കാവ്യ നാടകത്തിന്റെ രചനാസിദ്ധികളില് മൗലികമായ മാനം തെളിച്ചുകൊണ്ട് ഭവഭൂതിയുടെ യാത്ര ആരംഭിച്ചു.
‘മഹാവീര ചരിത’മാണ് കവിയുടെ പ്രഥമ നാടകമെന്നാണ് ഗവേഷക മതം. സീതാവിവാഹം മുതല്‍ രാവണ വധാനന്തരം ശ്രീരാമപട്ടാഭിഷേകം വരെയുള്ള രാമായണ കഥയാണ് ഇതിലെ പ്രമേയം. മഹാവീരനായ രാമന്റെ ചരിതമായതിനാലാണ് മഹാവീരചരിതമെന്ന നാടകനാമമെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നതിനപ്പുറം ശ്രീരാമന്, പരശുരാമന്, ബലി എന്നീ വീരന്മാരുടെ സംയുക്തചരിത്രമാണ് ഈ പേരിന് ആധാരമെന്ന് കരുതുന്നവരുമുണ്ട്.
നാടകത്തിന്റെ ഏഴ് അങ്കങ്ങള്‍ കണ്ടുകിട്ടിയെങ്കിലും അഞ്ചങ്കം മാത്രമാണ് ഭവഭൂതിയുടെ രചനയെന്ന് പണ്ഡിതമതമുണ്ട്. ‘മാലതീമാധവം’ എന്ന പ്രകരണം സ്വകല്പ്പനയില് രൂപം കൊണ്ട മൗലിക കൃതിയാണ്. സരളമായൊരു പ്രേമകഥയിലൂടെ മനുഷ്യജീവിതത്തിന്റെ ഭാവസങ്കലനം സാധിക്കുകയാണ് കവി. കഥകൊണ്ട് സങ്കീര്‍ണമെങ്കിലും ശ്രേഷ്ഠമായ രചനയാണിതെന്ന് നിര്‍ണയിക്കപ്പെടുന്നു.
ഏഴങ്കങ്ങളില്‍ പൂര്‍ണത പ്രാപിക്കുന്ന ഉത്തരരാമചരിതമാണ് ഭവഭൂതിയുടെ പ്രകൃഷ്ടകൃതി. സീതാപരിത്യാഗം തൊട്ട് അന്തര്‍ധാനം വരെയുള്ള രാമായണകഥ സൂക്ഷ്മമായ വര്‍ണനയും നിരീക്ഷണവും മൂല്യ നിര്‍ണയവുമായി കൃതി സാക്ഷാത്ക്കാരം നേടുന്നു. ചിത്രദര്‍ശനവും അന്തര്‍നാടകവും നാടകീയതയും രസപുഷ്ടിയുടെ തന്ത്രങ്ങളും ചേര്‍ന്ന് സമഗ്രമായ നാടകസങ്കല്പ്പമാണ് ഭവഭൂതി ആവിഷ്കരിക്കുക. ‘ഉത്തരേ രാമചരിതേ ഭവഭൂതിര് വിശിഷ്യതേ’ എന്ന മൊഴി സത്യകഥനമാണ്. ഈ നാടകത്തിലെ അംഗിയായ രസം കരുണമാണെന്നും അതല്ല കരുണ വിപ്രലംഭമാണെന്നും പണ്ഡിതന്മാര്ക്കിടയില് രസകരമായ ചര്‍ച്ചാവിഷയമായിരുന്നു. സ്വന്തം കാലഘട്ടത്തില്‍ ‘ ഉത്തരരാമചരിത’ ത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കാതെ വന്നപ്പോള്‍ ‘കാലം നിരവധിയും ഭൂമി വിപുലയുമാണെ’ന്ന കവിയുടെ പ്രവചനം സഫലമായി. ഏഴാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ നിന്ന് ഏറെ ദൂരം താണ്ടി ആ വിശിഷ്ട കൃതി അംഗീകാരവും പ്രശസ്തിയും നേടുകയായിരുന്നു.
കാളിദാസന് സമശീര്‍ഷനായി സംസ്കൃത നാടക സാഹിത്യ ചരിത്രത്തിന്റെ ശ്രേഷ്ഠ പദവിയില്‍ ഭവഭൂതി അവരോധിതനാകുന്നു. ഐതിഹാസിക പ്രമേയങ്ങളെ ലാവണ്യപൂരമായി പ്രദര്‍ശിപ്പിക്കുകയും പ്രഭാമയിയായ പ്രകൃതിയെ സര്‍ഗകലയില്‍ സംലയിപ്പിക്കുകയുമായിരുന്നു മഹാകവി. ഭാരതീയതയുടെ ഭസ്മക്കുറിയാണ് ഭവഭൂതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: