ന്യൂദല്‍ഹി: രാസവളത്തിന് അന്താരാഷ്ട്ര വിപണയില്‍ വില കുത്തനെ ഉയരുമ്പോഴും കര്‍ഷകര്‍ക്കുള്ള വളം സബ്സിഡി 140 ശതമാനത്തോളം വര്‍ധിപ്പിച്ച് പ്രധാനമന്ത്രി. ‘അന്താരാഷ്ട്ര വിപണിയില്‍ രാസവളത്തിന്റെ വില വര്‍ധിക്കുമ്പോഴും പഴയ കാലത്തെ വിലയ്ക്ക് കര്‍ഷകര്‍ക്ക് രാസവളം ലഭിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യം കര്‍ഷകരുടെ ക്ഷേമമാണ്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.
സബ്സിഡി വര്‍ധിപ്പിച്ചു നല്‍കാനായി 14,775 കോടി രൂപ കേന്ദ്രം അധികമായി ചെലവഴിക്കും. ഇതോടെ സബ്സിഡിക്കായി ആകെ ചെലവഴിക്കുന്ന തുക 95,000 കോടിയായി വര്‍ധിപ്പിക്കും.
ഇപ്പോള്‍ 500 രൂപ വീതമാണ് ഒരു ബാഗ് വളത്തിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഈ സബ്സിഡി തുക 1200 രൂപയാക്കി വര്‍ധിപ്പിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ ഒരു ബാഗ് ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ വില 2400 രൂപയാണ്. ഇത് 1200 രൂപയ്ക്ക് കര്‍ഷകര്‍ക്ക് ലഭിക്കും.
പിഎം-കിസാന്‍ അക്കൗണ്ടില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് 20,667 കോടി നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്കിയ നടപടിക്ക് ശേഷമുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ കാര്ഷികക്ഷേമനീക്കമാണ് കാര്‍ഷിക സബ്സിഡി കൂട്ടാനുള്ള തീരുമാനം.
ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കര്‍ഷകരോടുള്ള നിലപാടിന്റെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കര്‍ഷകരുടെ രാസവളത്തിന് സബ്സിഡി 140 ശതമാനം വര്‍ധിപ്പിച്ചുകൊണ്ടുള്ള ചരിത്ര തീരുമാനം എത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: