Categories: Kollam

കൊവിഡ് പ്രതിരോധം: സജീവസാന്നിധ്യമായി കടയ്‌ക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി

60 വയസ് വരെയുള്ളവര്‍ക്കാണ് സ്വാസ്ഥ്യം പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതികള്‍ മുഖേന ഡയറ്റ്, പ്രതിരോധം എന്നിവയില്‍ ഇവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

Published by

പുനലൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായി കടയ്‌ക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയും. കോവിഡ് ബാധിതര്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആശാവര്‍ക്കര്‍മാര്‍ മുഖേന ആശുപത്രിയെ സമീപിക്കാം. കോവിഡ് ഭേദമായതിനുശേഷം ശാരീരികപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും ചികിത്സ സൗകര്യം ഒരുക്കുന്നുണ്ട്.

സര്‍ക്കാര്‍ പദ്ധതികളായ സുഹായിഷം, സ്വാസ്ഥ്യം, പുനര്‍ജനി, അമൃതം, ഭേഷജം എന്നിവ മുഖേനയാണ് പരിശോധനകള്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള പദ്ധതിയാണ് സുഹായിഷം. 60 വയസ് വരെയുള്ളവര്‍ക്കാണ് സ്വാസ്ഥ്യം പദ്ധതിയുടെ ഗുണം ലഭിക്കുക. പദ്ധതികള്‍ മുഖേന ഡയറ്റ്, പ്രതിരോധം എന്നിവയില്‍ ഇവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.  കൊവിഡ് ഭേദമായതിനുശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കായാണ് പുനര്‍ജനി പദ്ധതി. ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് അരിഷ്ടം, കഷായം തുടങ്ങിയ ആയുര്‍വേദ മരുന്നുകള്‍ നല്‍കുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായുള്ള പദ്ധതിയാണ് അമൃതം. ഇതിലൂടെ രോഗം വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളെടുക്കണം, അതിനാവശ്യമായ പ്രതിരോധ മരുന്നുകള്‍ എന്നിവ നല്‍കുന്നു. ഭേഷജം പദ്ധതി കൊവിഡ് രോഗികള്‍ക്കായുള്ളതാണ്. താല്പര്യമുള്ളവര്‍ക്ക് ആയുര്‍വേദത്തിലും ചികിത്സ നടത്താം.

കോവിഡ് ബാധിതരായവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് നിരാമയ പോര്‍ട്ടലുമുണ്ട്. ടെലി കൗണ്‍സിലിങ് സംവിധാനമാണിത്. അതാത് ആയുര്‍വേദ ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാരാണ് കൗണ്‍സിലിങ് നടത്തുന്നത്. കൊവിഡിന്റെ പ്രാഥമിക സ്റ്റേജ് മുതല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, ലോഡിങ് തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നു. ഇതുവരെ അയ്യായിരത്തില്‍ പരം ആളുകള്‍ക്ക് ആശുപത്രി മുഖേന ചികിത്സ നല്‍കിയിട്ടുണ്ടെന്നും കടയ്‌ക്കല്‍ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. ടി ലക്ഷ്മി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by