ന്യൂദല്‍ഹി: ദല്‍ഹി ഓക്സിജന്‍ ക്ഷാമം മൂലം നിലവിളിക്കുമ്പോള്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും നടത്തിയ നവ്‌നീത് കല്‍റ എന്ന ബിസിനസുകാരനെ ദല്‍ഹി പൊലീസ് പിടികൂടി. കല്‍റയുടെ ബന്ധുവിന്റെ ഫാം ഹൗസില്‍ നിന്നാണ് നവ്നീത് കല്‍റയുടെ കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച സാകേത് കോടതിയില്‍ ഹാജരിക്കിയ കല്‍റയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഓക്‌സിജന്‍ ക്ഷാമം മൂലം ദല്‍ഹി ശ്വാസംമുട്ടുമ്പോള്‍ നവ്‌നീത് കല്‍റ എന്ന ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള ദല്‍ഹി നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍ നിന്നായി ഒളിപ്പിച്ചുവെച്ച 524 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകളാണ് പൊലീസ് കണ്ടെത്തിയത്. കല്‍റയ്‌ക്കെതിരെ 120ബി, 34, 188,420 എന്നീ വകുപ്പുകള്‍പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കല്‍റ മുന്‍കൂര്‍ ജാമ്യത്തിനായ് കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളി. കല്‍റയുടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ കരിഞ്ചന്തയിലുള്ള വില്‍പന നിയന്ത്രിക്കുന്നതിന്റെ ചുമതല മാട്രിക്‌സ് സെല്ലുലാര്‍ കമ്പനി സിഇഒ ഗൗരവ് ഖന്നയ്‌ക്കായിരുന്നു. ഇദ്ദേഹമുള്‍പ്പെടെ 5 പേര്‍ പൊലീസ് പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. കല്‍റ രാജ്യം വിട്ടേക്കുമെന്ന സൂചനകള്‍ ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സമ്മര്‍ദ്ദം വര്‍ധിച്ചതോടെ ഒടുവില്‍ വേറെ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പിടികൊടുക്കുകയായിരുന്നു.
നേരത്തെ നവനീത് കല്‍റയുമായി കോണ്‍ഗ്രസിന് രഹസ്യബന്ധമുണ്ടെന്ന് ബിജെപി എംപി മീനാക്ഷി ലേഖി ആരോപിച്ചിരുന്നു. 7000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നവ്‌നീത് കല്‍റ കരിഞ്ചന്തയില്‍ വില്‍പന നടത്തിയെന്നും മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.
‘കൃത്രിമമായി ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിച്ച ശേഷം ഓക്‌സിജന് ക്ഷാമമാണെന്ന് പരാതിപ്പെടുകയായിരുന്നു രാഹുല്‍ഗാന്ധിയും കൂട്ടരും ചെയ്തത്. സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടി കപടനാട്യക്കാരുടെ പാര്‍ട്ടിയാണ്,’ മീനാക്ഷി ലേഖി ആരോപിച്ചു.
തന്റെ ഫേസ്ബുക്ക് പേജില്‍ ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന ഹോട്ടല്‍ ബിസിനസ്സുകാരനായ നവ്‌നീത് കല്‍റയും ഓക്‌സിജന്‍ ക്ഷാമത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവായ അജയ് മാകന്‍ 2005-06ല്‍ നവ്‌നീത് കല്‍റയെ ദല്‍ഹി ഗോള്‍ഫ് ക്ലബ്ബിലേക്ക് നാമനിര്‍ദേശം ചെയ്തതും ഈ ബിസിനസ്‌കാരന്റെ കോണ്‍ഗ്രസ് ബന്ധമാണ് വെളിപ്പെടുത്തുന്നതെന്നും മീനാക്ഷി ലേഖി ആരോപിച്ചു. കല്‍റയ്‌ക്ക് വേണ്ടി ദല്‍ഹി ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി ഹാജരായതിനെയും മീനാക്ഷി ലേഖി വിമര്‍ശിച്ചു. എന്തായാലും കസ്റ്റഡിയില്‍ കിട്ടിയതോടെ കല്‍റയുടെ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: