ആലപ്പുഴ: 2018ലെ മഹാപ്രളയത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങി, കുട്ടനാട്ടുകാര്‍ക്ക് കൊവിഡിനും, വെള്ളപ്പൊക്കത്തിനുമിടയില്‍ ദുരിത ജീവിതം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, വീടിനുള്ളില്‍ വരെ വെള്ളം കയറിയ സാഹചര്യത്തില്‍ എങ്ങനെ വീട്ടില്‍ കഴിയുമെന്നാണ് കുട്ടനാട്ടുകാര്‍ ചോദിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനും അവര്‍ക്ക് ഭയമാണ്.
കൊവിഡ് പടരുന്നതിനാല്‍ കൊച്ചുകുട്ടികളും, വൃദ്ധരും അടക്കമുള്ളവരുമായി എങ്ങനെ ക്യാമ്പുകളിലേക്ക് മാറുമെന്നാണ് ചോദ്യം. കൊവിഡ് സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ ബന്ധു വീടുകളില്‍ അഭയം തേടാനും കഴിയുന്നില്ല. പ്രദേശത്തെ പ്രധാന റോഡുകളും, ഇടറോഡുകളുമെല്ലാം മുങ്ങിത്തുടങ്ങി. കൊവിഡ് അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിച്ചാല്‍ ആശുപത്രിയിലെത്തിക്കുക പോലും ദുഷ്ക്കരമാകും. നിലവില്‍ കുട്ടനാട്ടില്‍ ഒരു ദിവസം ശരാശരി മുന്നൂറോളം പേര്‍ക്ക് വരെ കൊവിഡ് സ്ഥിരീകരിക്കാറുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ ചെകുത്താനും, കടലിനും ഇടയിലെന്ന ദുരസ്ഥയിലാണ് കുട്ടനാട്ടുകാര്‍.
കാലവര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ 2018 മുതല്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാതെ വരുമ്പോള്‍ കുട്ടനാട് വീണ്ടും ഒരു പ്രളയം നേരിടേണ്ടിവരുമോ എന്നാണ് ചോദ്യം. തോട്ടപ്പള്ളി സ്പില്‍വേ നവീകരിക്കുക എന്നതാണ് കുട്ടനാട്ടിലെ പ്രളയം നിയന്ത്രിക്കുന്നതിന് അനിവാര്യമായ പ്രവര്‍ത്തിയെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും തോട്ടപ്പള്ളി സ്പില്‍വേ ഷട്ടര്‍ നവീകരണതിനുള്ള 3.43 കോടി രൂപയ്ക്കുള്ള കരാര്‍ പോലും റദ്ദാക്കുകയായിരുന്നു. വീയപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള ലീഡിങ് ചാനലില്‍ അഞ്ചു ലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ അടിഞ്ഞിട്ടുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തി. 15,000 ക്യുബിക് മീറ്റര്‍ മണല്‍ മാത്രമേ നീക്കിയിട്ടുള്ളു. ലീഡിങ് ചാനല്‍ ആഴം കൂട്ടുന്ന പ്രവര്‍ത്തികള്‍ക്കും കാലതാമസമാണ്.
മഹാ പ്രളയം മുതല്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ പമ്പ, മണിമലയാര്‍, മീനച്ചിലാര്‍, അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയുടെ കുട്ടനാട്ടിലുടെ ഒഴുകുന്ന കൈവഴികള്‍ ആഴം കൂട്ടാന്‍ സാധിച്ചിട്ടില്ല. കുട്ടനാട്ടിലെ പുറംബണ്ടുകള്‍ ബല പ്പെടുത്തി ഉയര്‍ത്തി നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല. തണ്ണീര്‍മുക്കം ബണ്ടിനോട് ചേര്‍ന്ന് കായലിനടിയില്‍ അടിഞ്ഞിരിക്കുന്ന രണ്ട് ലക്ഷം ക്യുബിക് മീറ്റര്‍ മണല്‍ ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല.
വേമ്പനാട് കായലില്‍ 4500 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ പഠന റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ കായലുകളില്‍ എക്കല്‍ അടിയുന്നത് ഒരു മുതല്‍ 25 ടണ്‍ വരെയാണ് എന്നാല്‍ രണ്ട് പ്രളയശേഷം 130 ടണ്‍ വരെയാണ് കായലില്‍ അടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു പ്രളയത്തില്‍ കുട്ടനാട്, വേമ്പനാട്ടു കായല്‍, നദികള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ എക്കല്‍ നീക്കിയിട്ടില്ല. പല സ്ഥലങ്ങളിലും ചതുപ്പു രൂപപ്പെടുന്നു. നദികള്‍ ഒഴുകിവരുന്ന സ്ഥലങ്ങളിലെ അശാസ്ത്രീയമായ കൃഷി മൂലം മണ്ണൊലിപ്പ്. മണ്ണുസംരക്ഷണം കാര്യക്ഷമമായി നടക്കുന്നില്ല.
വേമ്പനാട്ടു കായലിലെ നീരൊഴുക്ക് നിലയ്ക്കുകയാണ്. കായല്‍ ചതുപ്പുവല്‍ക്കരണത്തിലേക്ക് പോകുന്നു. കുട്ടനാട്ടില്‍ വേണ്ടത് വകുപ്പുകളുടെ ഏകോപനമാണ്. എന്നാലത് ഇതുവരെ ഉറപ്പാക്കാന്‍ ഒരു ഭരണകൂടത്തിനും സാധിച്ചിട്ടില്ല. മറ്റു പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങുമ്പോഴാണ് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നത് എന്നതാണ് പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: