പത്രപ്രവര്‍ത്തനത്തിലെ കുലപതി എന്നറിയപ്പെടുന്ന വി.എം. കൊറാത്ത് തന്റെ ആദ്യ കാലത്തെ അനുഭവങ്ങളെപ്പറ്റി പറയാറുണ്ട്. യശശ്ശരീരനായ അദ്ദേഹത്തിന്റെ കാലത്തുനിന്ന് പത്രപ്രവര്‍ത്തനം ആധുനിക സാങ്കേതിക വിദ്യകളുടെ തോളിലേറി ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞു. ഓരോ ദിനത്തിലും ഓരോരീതിയിലേക്കു മാറുന്ന ഈ പ്രവര്‍ത്തനം അതിന്റെ ആത്മാവു തന്നെ നഷ്ടപ്പെടുത്തുകയാണെന്ന് പറഞ്ഞാല്‍ അവാസ്തവമില്ല.
കൊറാത്ത് സാര്‍ ഉത്തരവാദിത്തത്തില്‍ ഉള്ളപ്പോള്‍ ഒരു ദിവസം ന്യൂസ് എഡിറ്റര്‍ ഇങ്ങനെ നിര്‍ദ്ദേശം കൊടുക്കുന്നത് കേട്ടുപോലും. നഗരത്തില്‍ നാലോ അഞ്ചോ ലേഖകന്മാരുണ്ട്. ഇനി കൊറാത്ത് സാറിന്റെ മൊഴി. ‘ എടോ എവിടെയൊക്കെയോ എന്തൊക്കെയോ നടന്നിട്ടുണ്ട്. ഒന്ന് അന്വേഷിച്ച് കൊണ്ടുവാ യോ ‘.
വര്‍ത്തമാനം (കൊറാത്തിന്റെ ഭാഷയില്‍ വാര്‍ത്ത ) സംശുദ്ധവും മുന്വിധിയില്ലാത്തതുമാവണം. എന്താണോ സംഭവിച്ചത് അത് അതുപോലെയാവണം. അതില്‍ ലേഖകന്റെ മധുരവും മസാലയും ഒന്നും പാടില്ല. പത്ര പ്രവര്‍ത്തനത്തിന്റെ ‘ബേസിക് ഇന്‍സ്റ്റിങ്റ്റ് ‘ ഇങ്ങനെയാണെങ്കിലും അതൊന്നും ഇന്നത്തെ കാലത്ത് നടപ്പില്ല എന്നത്രേ ആധുനിക മാധ്യമ ദല്ലാളുകള്‍ പറയുന്നത്.
വസ്തുത കൊണ്ടുവരൂ, അത് വായനക്കാര്‍ക്ക് കൊടുക്കാം എന്നതില്‍ നിന്ന് ‘ വസ്തുത വെട്ടിക്കുഴിച്ചുമൂടൂ , നമുക്കു വേണ്ടത് പുഴുങ്ങിയെടുക്കൂ ‘ എന്നത്രേ ആധുനിക ന്യൂസ്റൂം ദേഹണ്ഡക്കാരുടെ നിര്‍ദ്ദേശങ്ങള്‍. അവരുടെ ഇച്ഛയ്ക്കൊത്ത് വാര്‍ത്തകള്‍ നല്കാത്തവരെ തീണ്ടാപ്പാടകലെ നിര്‍ത്തുകയും ഇഷ്ടമില്ലാത്ത രാഷ്ട്രീയ ചാപ്പകുത്തി വിടുകയും ചെയ്യും. സമ്മാനപ്പൊതികളുടെ തൂക്കത്തിനും വലിപ്പത്തിനും അനുസരിച്ച് വാര്‍ത്തകള്‍ പുഴുങ്ങിയെടുക്കുമ്പോള്‍ വാര്‍ത്തയില്‍ നിന്ന് വസ്തുതകള്‍ നഷ്ടമാവുന്നു. അതുവഴി അപക്വവും അപകടകരവും സ്വേച്ഛാധിപത്യമുള്ളതുമായ കാര്യങ്ങള്‍ വായനക്കാരിലെത്തുന്നു.
മറ്റൊന്ന് ,ന്യൂസ്റൂമിന്റെ താല്പര്യത്തിനനുസരിച്ച് കഥകള്‍ (സ്റ്റോറി എന്ന് ഓമനപ്പേര് ) മെനഞ്ഞെടുക്കപ്പെടുന്നതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണല്ലോ ‘ നേരാെടെ നിര്‍ഭയം ‘ പോരാടുന്ന ദൃശ്യന്റെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരെ ‘കഥ’ കള്‍ പുഴുങ്ങിയെടുക്കാന്‍ തലപ്പത്തെ തമ്പ്രാക്കന്മാര് ലേഖകന്മാര്ക്ക് കൊടുത്ത നിര്‍ദ്ദേശം ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞു .വാസ്തവത്തില്‍ അത് ഞെട്ടിക്കുന്നതല്ലേ? ജനാധിപത്യത്തിന്റെ നാലാം തൂണിനെ ദുര്‍ബലപ്പെടുത്താന്‍ കങ്കാണിപ്പണി ചെയ്യുന്നതിനെ മാധ്യമ പ്രവര്‍ത്തനം എന്നു വിളിക്കാനാവുമോ? ചുവന്ന തെരുവിലെ ജോലിപോലും ഇതിലും മികച്ച ധാര്‍മിക പ്രവര്‍ത്തനമല്ലേ? ്യു പണക്കൊഴുപ്പിനും വാഗ്ദാനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഇടയില്‍ മാര്‍ജാരമാര്‍ഗം തേടുന്നവരുടെ കൈയില്‍ ശ്വാസംമുട്ടി മരിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ രക്ഷിക്കേണ്ടതല്ലേ? ഇത്തരം മ്ലേച്ഛപ്രവര്‍ത്തനം നടത്തി മാന്യതയുടെ ജൂബയുമിട്ട് നടക്കുന്നവരെ വിളക്കു കാലില്‍ കെട്ടിയിട്ട് പതം വരുത്തുന്ന പ്രഭാതത്തിലേക്ക് ദൈവമേ എന്നെ വിളിച്ചുണര്‍ത്തണേ എന്ന ല്ലേ നിഷ്പ്പക്ഷമതികള്‍ പ്രാര്‍ഥിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: