ബീജാപൂരില്നിന്നും സഹായമഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതൊന്നും ഫലിച്ചില്ല. ക്രുദ്ധനായ വെങ്കോജി അനുജനായ സന്താജിയെ ആക്രമിച്ചു. സന്താജി തിരിച്ചടിച്ചു വെങ്കോജിയുടെ സൈന്യത്തെ തകര്‍ത്തു തരിപ്പണമാക്കി. ഇതെല്ലാം അറിഞ്ഞതിനുശേഷവും ഔദാര്യത്തോടെ ശിവാജി വെങ്കോജിക്ക് ഒരു എഴുത്തയച്ചു- കഴിഞ്ഞതിനെപ്പറ്റി ചിന്തിക്കേണ്ട. ഇനിയങ്ങോട്ടെങ്കിലും സന്ധി അംഗീകരിക്കാന്‍ തയ്യാറാകൂ എന്ന്. ശക്തിയുടെ പ്രഭാവം മനസ്സിലാക്കിയ വെങ്കോജി പ്രസ്താവന അംഗീകരിച്ചുകൊണ്ട് സന്ധിക്ക് തയ്യാറായി. രഘുനാഥപന്ത് സന്ധിക്ക് കളമൊരുക്കി.
വെങ്കോജിയുടെ പത്നി ദീപാബായി ധര്‍മ്മജ്ഞയും വിവേകിനിയുമായിരുന്നു. ഇവര്‍ക്ക് ശിവാജിയോട് വലിയ ആദരവുണ്ടായിരുന്നു. ദീപാബായി പതി വെങ്കോജിയെ ഉപദേശിച്ച് വഴിക്കു കൊണ്ടുവന്നു. അതുകൊണ്ട് ശിവാജി ദീപാബായിക്കും വെങ്കോജിക്കും സ്വരാജ്യത്തിന്റെ അധീനതയില്‍ നിര്‍ത്തിക്കൊണ്ടുതന്നെ മേലാദായം എടുക്കാന്‍ ഏതാനും സ്ഥലങ്ങള്‍ വിട്ടുകൊടുത്തു.
ശിവാജിയുടെ ദക്ഷിണാഭിയാനം ആരംഭിച്ചിട്ട് പതിനെട്ടു മാസം പിന്നിട്ടു. ഔറംഗസേബ് ബീജാപൂരുമായി മിത്രത സമ്പാദിച്ചു എന്ന വിവരം ശിവാജിക്ക് ലഭിച്ചു. റായ്ഗഢില് മുതിര്‍ന്ന ഭരണാധികാരികളും ശിവാജിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് തിരിച്ചു പോകണമെന്ന് ശിവാജിയും നിശ്ചയിച്ചു. അതനുസരിച്ച് മടക്കയാത്ര ആരംഭിച്ചു.
1678 മെയ് മാസം 15-ാം തീയതി ഛത്രപതി ശിവാജി റായഗഢ് കോട്ടയില്‍ തിരിച്ചെത്തി. റായഗഢില്‍ എത്തിയതിന് പുറകെ വെല്ലൂര്‍കോട്ട ജയിച്ചു എന്ന ശുഭവാര്‍ത്തയും എത്തി. രാജധാനിയില്‍ ശിവാജി ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പല വീരപ്രവര്ത്തനങ്ങളും ചെയ്തുകൊണ്ട് സ്വരാജ്യത്തിന്റെ സുതാര്യവും സുസ്ഥിരവുമായ ഭരണനിര്‍വ്വഹണം നടത്തിപ്പോന്നു.
1678 ഫെബ്രുവരി മാസത്തില്‍ ബീജാപൂരിന്റെ പ്രമുഖ ഭരണനിര്വാഹകനായ ബഹലോല്‍ഖാന്‍ മരിച്ചിരുന്നു. പകരം ജമശേദഖാന് ആ സ്ഥാനത്തു വന്നു. ഇയാള്‍ അയോഗ്യനും ദുര്‍ബല മനസ്സിന്റെ ഉടമയുമായിരുന്നു. ഇയാളെ അനായാസേന വിലക്കെടുക്കാന്‍ സാധിക്കുമായിരുന്നു. ഇതു മനസ്സിലാക്കിയ ഛത്രപതി സുല്‍ത്താനെയും സിംഹാസനസഹിതം ബീജാപൂരിനെ വിലക്കെടുക്കാന്‍ നിശ്ചയിച്ചു. അതനുസരിച്ച് ജമശേദഖാന് ആറ് ലക്ഷം സ്വര്‍ണനാണയവും കൊടുത്ത് ബീജാപൂരിനെ ശിവാജിക്ക് നല്കാന് വ്യവസ്ഥയായി. എന്നാല്‍ ഈ വിവരം സിദ്ദിമസൂദ് അറിഞ്ഞു. മസൂദ് തന്റെ ഭാര്യാപിതാവായ സിദ്ദിജൗഹറിന്റെ മരണശേഷം തന്റെ സൈനികരോടൊപ്പം ബീജാപൂരില്നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ബീജാപൂര്‍ സിംഹാസനത്തോടുള്ള അദ്ദേഹത്തിന്റെ കൂറ് ഒട്ടും കുറഞ്ഞിരുന്നില്ല. ഇപ്പോള്‍ ബീജാപൂരിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായതറിഞ്ഞ മസൂദ് എങ്ങിനെയും ബീജാപൂരിനെ നിലനിര്‍ത്തണം എന്ന പ്രഖരമായ നിഷ്ഠയോടെ ബീജാപൂര്കോട്ടയില് പ്രവേശിക്കാനുള്ള മാര്‍ഗം ആലോചിച്ചു. ജമശേദഖാന് സ്വാഭാവികമായും സിദ്ദിമസൂദിന് അകത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കില്ല, അതുകൊണ്ട് ഒരു തന്ത്രം ആവിഷ്കരിച്ചു.
സിദ്ദിമസൂദ് അതികഠിനമായ രോഗബാധിതനായി കിടപ്പിലാണെന്ന് ആദ്യം പ്രചരിപ്പിച്ചു. കുറച്ചുദിവസങ്ങള്‍ക്കു ശേഷം മസൂദ് മരിച്ചു എന്നു പ്രചരിപ്പിച്ചു. ഇദ്ദേഹത്തിന്റെ അനാഥരായ സൈനികര്‍ ജമശേദഖാനോട് ആശ്രയത്തിനഭ്യര്ത്ഥിച്ചു. ഖാന്മസൂദിന്റെ സൈന്യത്തിന് കോട്ടയില്‍ ആശ്രയം നല്കി. സൈന്യത്തിന്റെ കൂടെ വേഷപ്രഛന്നനായി മരിച്ച മസൂദും അകത്ത് പ്രവേശിച്ചു. അകത്ത് കടന്ന മസൂദ് തന്റെ സൈനികരെ ഉപയോഗിച്ച് കോട്ട പിടിച്ചു. ജമശേദഖാനെ ബന്ധനസ്ഥനാക്കി. തുടര്‍ന്ന് ബാദശാഹയേയും ബീജാപൂര്‍ നഗരത്തെയും തന്റെ അധീനത്തിലാക്കി. ഇക്കാരണത്താല്‍ ശിവാജിയുടെ പദ്ധതി പൊളിഞ്ഞു. ബീജാപൂരിലേക്ക് പുറപ്പെട്ട അദ്ദേഹത്തിന് വെറും കയ്യോടെ തിരിച്ചുപോരേണ്ടിവന്നു.
ശിവാജി നേരെ പന്‍ഹല്‍ കോട്ടയിലേക്കാണ് പോയത്. 1678 സപ്തംബര്‍ 17 ന് അദ്ദേഹം പന്ഹളില് എത്തി. തന്റെ അനുപസ്ഥിതിയിലും രാജ്യഭരണം വ്യവസ്ഥാപിതമായി നടക്കുന്നു എന്ന് ദക്ഷിണവിജയാഭിയാനത്തിന് പോയ പതിനെട്ടു മാസത്തെ അനുഭവംകൊണ്ട് അദ്ദേഹത്തിനു മനസ്സിലായി. തന്റെ കാലശേഷവും ശാശ്വതമായി സ്വരാജ്യത്തിന്റെ ഭരണവ്യവസ്ഥ അനുസ്യൂതം നടന്നുവരേണ്ടതിനെപ്പറ്റി അദ്ദേഹം ചിന്തിച്ചു. അതിനായി യുവരാജാവായ സംഭാജിക്ക് പ്രശിക്ഷണം നല്കാന് ആരംഭിച്ചു. യുവരാജാവിന്റെ സംസ്കൃത വിദ്യാഭ്യാസം ആരംഭിച്ചു. യുദ്ധവിദ്യയിലും നിഷ്ണാതനാവാന് പ്രശിക്ഷണം നല്കി. രാജ്യകാര്യ
നിര്‍വഹണത്തിലും രാജ്യതന്ത്രത്തിലും ആവശ്യമായ അനുഭവം ഉണ്ടാവട്ടെ എന്ന ഉദ്ദേശ്യത്തോടെ എല്ലാ പ്രധാനപ്പെട്ട സന്ദര്‍ഭത്തിലും മഹാരാജ് സംഭാജിയെ പങ്കെടുപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: