Categories: Samskriti

ചിത്പ്രകാശവും മനോവൃത്തികളും

വിവേകചൂഡാമണി 215

ശ്ലാേകം 305

അഹങ്കാരേ കര്‍ത്തര്യഹമിതി  

മതിം മുഞ്ച സഹസാ

വികാരാത്മന്യാത്മ പ്രതിഫലജുഷി  

സ്വസ്ഥിതിമുഷി

യദദ്ധ്യാസാത് പ്രാപ്താ  

ജനിമൃതിജരാ ദുഃഖബഹുലാ

പ്രതീചശ്ചിമൂര്‍ത്തേ സ്തവ  

സുഖതനോഃ സംസൃതിരിയം

അഹങ്കാരവുമായുള്ള താദാത്മ്യത്തെ കര്‍ത്തൃത്വബുദ്ധിയെ ഉടന്‍ ഉപേക്ഷിക്കുക. അത് ആത്മ പ്രതിഫലനത്താല്‍ പ്രകാശിക്കപ്പെടുന്ന ഒരു വികാരമാണ്. അത് സ്വസ്ഥിതിയില്‍ പ്രതിഷ്ഠനാകുന്നതില്‍ നിന്ന് അകറ്റും. ചിന്മൂര്‍ത്തിയും സുഖതനുവുമാണെങ്കിലും ഈ അദ്ധ്യാസം കൊണ്ടാണ് നിങ്ങള്‍ ജനന മരണ ദുഃഖങ്ങള്‍ നിറഞ്ഞ സംസാരത്തിലെത്തിപ്പെട്ടത്.

അഹംകര്‍ത്തര്യസ്മിന്‍… എന്ന പാഠഭേദം തുടക്കത്തില്‍ തന്നെയുണ്ട്.  

ആത്മാവ് താദാത്മ്യത്താല്‍ ഞാന്‍ ഭാവിച്ച് ഈ സംസാരത്തില്‍ കുടുങ്ങും. അതിനാല്‍ അഹങ്കാരമായ ഞാന്‍ എന്ന ഭാവത്തെ വെടിയണം. അഹങ്കാരമുണ്ടായാല്‍ സംസാര ദുരിതങ്ങള്‍ ഉറപ്പാണ്.

ഞാന്‍ ചെയ്യുന്നവന്‍  ഞാന്‍ അനുഭവിക്കുന്നവന്‍ എന്ന അഭിമാനമാണ് അഹങ്കാരം. ഇതിനെയാണ് കര്‍ത്തൃത്വഭോക്തൃത്വ അഭിമാനം എന്ന് പറയുക. ഈ അഭിമാനത്തെയാണ് വെടിയേണ്ടത്. പല തരത്തിലുള്ള മനോവൃത്തികള്‍ ചേര്‍ന്നതാണ് അഹങ്കാരം.

ചിത്പ്രകാശം മനോവൃത്തികളെ പ്രകാശിപ്പിക്കുമ്പോള്‍ നാം അവയെ അറിയും. ചിത് പ്രകാശത്തില്‍ പ്രകാശിതങ്ങളായ ചിത്തവൃത്തികളാണ് അഹങ്കാരത്തിന്റെ  ചിദാഭാസന്റെ സ്വരൂപം. ചിത്തവൃത്തികള്‍ അടങ്ങിയാല്‍ അഹങ്കാരം നശിക്കും. ചിത്തവൃത്തികളുമായുള്ള തന്മയീഭാവവും അത് സൃഷ്ടിക്കുന്ന അഹങ്കാരവും കാരണം അല്പസമയത്തേക്കെങ്കിലും ബ്രഹ്മാനന്ദം അനുഭവിക്കാന്‍ നമുക്ക് സാധിക്കുന്നില്ല

നാം ഓരോരുത്തരും ചിന്മൂര്‍ത്തിയും സുഖതനുവുമാണെന്ന് ഇവിടെ വിശേഷിപ്പിക്കുന്നു. ചിന്മൂര്‍ത്തി എന്നാല്‍ ചിത്താകുന്ന, ജ്ഞാനമാകുന്ന മൂര്‍ത്തിയോട് അഥവാ ശരീരത്തോട് കൂടിയത് എന്നര്‍ത്ഥം.

സുഖതനു എന്നാല്‍ ആനന്ദ ഘനം. തിങ്ങി നിറഞ്ഞ ആനന്ദക്കട്ട.

മനസ്സില്‍ വിക്ഷേപമുണ്ടാകുമ്പോഴാണ് അതേ തുടര്‍ന്ന് എല്ലാ കുഴപ്പങ്ങളുമുണ്ടാകുക. മനസ്സുമായി തന്മയീഭവിക്കുമ്പോള്‍ അതിന്റെ ധര്‍മ്മങ്ങളൊക്കെ നമ്മുടെതാണ് എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയാകും. ഇതു മൂലം ജനന മരണങ്ങളുള്‍പ്പടെയുള്ള ദുഃഖ പരമ്പരകള്‍ അനുഭവിക്കേണ്ടി വരും. ഇതിനെയാണ് സംസാരം എന്ന് വിളിക്കുന്നത്.

അഹങ്കാരം മൂലം ചിദാനന്ദരൂപിയായ പരമാത്മാവാണ് ഞാന്‍ എന്നറിയാന്‍ കഴിയുന്നില്ല. അതുകൊണ്ട് ജനനം, വളര്‍ച്ച, ക്ഷയം, രോഗം, മരണം എന്നീ ധര്‍മ്മങ്ങള്‍ എനിക്കുള്ളതായി കരുതി ഒടുങ്ങാത്ത ദുഃഖത്തില്‍ പെട്ട് പോകുന്നു. സംസാരദുഃഖങ്ങള്‍ അനുഭവിക്കുന്ന സംസാരിയല്ല എല്ലാറ്റിനും ആധാരമായ പരമാത്മാവാണ് എന്ന് അനുഭവമാക്കൂ എന്ന് ഉപനിഷത്തുക്കള്‍ നമ്മോട് നിരന്തരം പറയുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക