ഇടുക്കി : ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്സ് സൗമ്യയെ ഇസ്രയേല്‍ ജനത കാണുന്നത് മാലാഖ ആയെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. ഭീകരാക്രമണത്തിന്റെ ഇരയാണ് സൗമ്യ. അവരുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിക്കവേയാണ് കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സട്ക ഇക്കാര്യം അറിയിച്ചത്.
‘വളരെ സങ്കീര്‍ണമായ സമയം ആണ് ഇത്. ഈ കുടുംബത്തെ സംബന്ധിച്ച് സൗമ്യയുടെ നഷ്ടം അവിശ്വസനീയമാണ്. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നത്. കുടുംബത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്കുന്നു’.
ഭീകരാക്രമണത്തിന് ഇരയാണ് ഇവരെന്നും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം സട്ക അറിയിച്ചു. സൗമ്യയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച സട്ക മകന് അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്കി. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വച്ചാണ് സൗമ്യയുടെ അന്തിമ സംസ്കാര ചടങ്ങുകള്‍. ശനിയാഴ്ച രാവിലെ ദല്‍ഹിയില്‍ എത്തിച്ച മൃതദേഹം രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച് ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: