തിരുവനന്തപുരം: കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കേരളത്തിലെ നാല് ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന തോതിലുള്ള എറണാകുളം, മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് അടച്ചിടുന്നത്. മലപ്പുറം 4782, എറണാകുളം 3744, തൃശൂർ 3334, തിരുവനന്തപുരം 3292 എന്നിങ്ങനെയാണ് പുതിയ രോഗികള്‍.
അതിർത്തികൾ അടയ്‌ക്കുന്നതിനൊപ്പം നാല് ജില്ലകളിലും കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരും. ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലനിൽക്കുന്ന ജില്ലയിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു വഴി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തും.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്ന സ്ഥലങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചാകും സുരക്ഷ ശക്തിപ്പെടുത്തുക. കൊവിഡ് പ്രോട്ടോക്കോൾ അനുസരിക്കാതിരുന്നാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരും. മാസ്‌ക് അടക്കമുള്ള കൊവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണം.
ക്വാറൻ്റൈൻ ലംഘനം കണ്ടെത്താൻ ജിയോ ഫെൻസിങ് സാങ്കേതിക വിദ്യ ഉപയോഗിക്കും. ക്വാറൻ്റൈൻ ലംഘിക്കുന്നവർക്കും ഇവർക്ക് സഹായം നൽകുന്നവർക്കെതിരെയും പോലീസ് നടപടി സ്വീകരിക്കും. കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമായിരിക്കും നടപടികൾ സ്വീകരിക്കുക.
ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം. അതില്‍ക്കവിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കണമെന്നും സർക്കാർ വ്യക്തമാക്കി.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പതിനായിരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മരുന്നുകട, പെട്രോള്‍ ബങ്ക് എന്നിവ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറുമണിക്കു മുന്‍പ് വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ മുതലായവര്‍ക്കും ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളില്‍ യാത്രചെയ്യാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതാണ് അഭികാമ്യം.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതല്‍ ഉച്ചയ്‌ക്ക് ഒന്നുവരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: