Categories: Samskriti

മൃത്യുവിനെ ജയിക്കാന്‍ മൃതസഞ്ജീവനി

ഭാഗവതത്തിലൂടെ

പ്രതീക്ഷിച്ച സമയം കഴിഞ്ഞിട്ടും കചന്‍ തിരിച്ചെത്താതിരുന്നപ്പോള്‍ ദേവയാനിക്ക് വളരെ വിഷമമായി. അവള്‍ ശുക്രാചാര്യരുടെ മുന്നിലെത്തി. അച്ഛനോട് തന്റെ സങ്കടം അറിയിച്ചു. മകളുടെ വിഷമം കാണാനാവാതെ ശുക്രാചാര്യരും ചിന്തയിലായി.

എവിടെയാണ് തന്റെ പ്രിയ ശിഷ്യന്‍? അവനെന്തു സംഭവിച്ചു? അസുരന്മാര്‍ വീണ്ടും ചതിച്ചുവോ? കൂട്ടത്തില്‍ നില്‍ക്കുന്നവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. കാര്യം അവരും തന്റെ ശിഷ്യന്മാരാണെങ്കിലും നന്മയുടെ അംശം വളരെ കുറവാണ്.  

ശുക്രാചാര്യര്‍ തന്റെ ജ്ഞാനദൃഷ്ടിയിലൂടെ നോക്കി. പ്രിയശിഷ്യന്‍ കചന്‍ എവിടെ?  ഒടുവില്‍ ആചാര്യര്‍ അതു കണ്ടു. കചന്‍ തന്റെ ഉള്ളില്‍ തന്നെയുണ്ട്. എങ്ങനെ? എല്ലാം വ്യക്തമായി കാണുന്നു. അസുരന്മാര്‍ കചനെ വധിച്ച് ശരീരം തരിപ്പണമാക്കി മദ്യത്തില്‍ കലക്കി തന്നെക്കൊണ്ട് കുടിപ്പിച്ചു.  

ഇനിയെന്താണൊരുമാര്‍ഗം?    ഏതു മാര്‍ഗത്തിലൂടെയും കചനെ ഇനിയും ജീവിപ്പിക്കണം. മൃതസഞ്ജീവനി മന്ത്രം ഉപയോഗിച്ചാല്‍ കചന്‍ എന്റെ വയറും പൊട്ടിച്ച് ജീവനോടെ പുറത്തു വരും. അപ്പോള്‍ തന്റെ മരണം ഉറപ്പാണ്. എന്നാലും പ്രശ്‌നമല്ല. ശിഷ്യനെ ജീവിപ്പിച്ച് വളര്‍ത്തേണ്ടത് തന്റെ കടമയാണ്. ലോകത്തെ രക്ഷിക്കാനായി സ്വയം കാളകൂടം വിഷമെടുത്തു ഭുജിച്ച ശ്രീപരമേശ്വരനാണ് എന്റെ ഉപാസനാ മൂര്‍ത്തി. സാക്ഷാല്‍ മൃത്യുഞ്ജയ ഭഗവാന്‍.

ആ മൃത്യുഞ്ജയ ഭഗവാനെക്കുറിച്ചോര്‍ത്തപ്പോള്‍ തന്നെ ലോകഗുരുവായ ദക്ഷിണാമൂര്‍ത്തി ഭഗവാന്‍ ശുക്രാചാര്യരുടെ ഉള്ളില്‍ മറ്റൊരു ചിന്ത ഉണര്‍ത്തി. ഉള്ളില്‍ കിടക്കുന്ന കചനെ ഉയിര്‍ കൊടുത്ത്  എഴുന്നേല്‍പ്പിക്കും മുമ്പു തന്നെ ഒരു കാര്യം ചെയ്താലോ? സാക്ഷാല്‍ മൃതസഞ്ജീവനി മന്ത്രം തന്നെ കചന് ഉപദേശിച്ചു കൊടുത്ത് ഉണര്‍ത്തിയാലോ!

ശുക്രാചാര്യര്‍ അതു തന്നെ ചെയ്തു. ഉയിര്‍ കൊണ്ട കചന് മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു കൊടുത്തു. പ്രയോഗവും വ്യക്തമാക്കിക്കൊടുത്തു. തുടര്‍ന്നാണ് പുറത്തു വരാനുള്ള ഊര്‍ജസ്വലത പകര്‍ന്നു നല്‍കിയത്.  

ശുക്രാചാര്യരുടെ വയറിനുള്ളില്‍ വിടവുണ്ടാക്കി കചന്‍ പുറത്തു വന്നു. വയറു പൊട്ടിയ ശുക്രാചാര്യര്‍ മരിച്ചു വീഴുകയായി. കചന്‍ താന്‍ അഭ്യസിച്ച മൃതസഞ്ജീവനി മന്ത്രം കൊണ്ട് തന്റെ ഗുരുവിനെ പുനര്‍ജീവിപ്പിച്ചു. ഇരുവരും ആനന്ദത്താടെ ആശ്ലേഷിച്ചു. ദേവയാനിക്കും സന്തോഷമായി. തന്റെ കമിതാവിനേയും പിതാവിനേയും തിരിച്ചു കിട്ടിയിരിക്കുന്നു.  

ശുക്രാചാര്യര്‍ അന്ന് ഒരു തീരുമാനമെടുത്തു. മദ്യം ആപത്താണ് . അതാണ് തന്നെ അപകടത്തില്‍ പെടുത്തിയത്. അതിനാല്‍ ഇനി മുതല്‍ താന്‍ മദ്യപിക്കില്ല. ഋഷിമാരോ, ബ്രാഹ്മണരോ ഉപാസകരോ മദ്യപിക്കാന്‍ പാടില്ല. അത് നിഷിദ്ധമാണ്. ശുക്രാചാര്യരുടെ ഉറച്ച തീരുമാനം  കേട്ട്  ദേവയാനിക്ക് സന്തോഷമായി.  ഗുരുവില്‍ പോലും ഇത്തരം പരിവര്‍ത്തനം വരുത്താന്‍ താന്‍ നിമിത്തമായതില്‍ കചനും ഏറെ സന്തോഷിച്ചു. കചന്‍ ഗുരുവിനെ നമസ്‌കരിച്ചു.  

അനുഗ്രഹാശിസ്സുകള്‍  ചൊരിഞ്ഞുകൊണ്ട് ശുക്രാചാര്യര്‍ ഇങ്ങനെ വ്യക്തമാക്കി:  നീ ഇനി മുതല്‍ എന്റെ ശിഷ്യന്‍ മാത്രമല്ല എന്റെ മകന്‍ തന്നെയാണ്. എന്റെ ഉദരത്തില്‍ നിന്നു പിറന്ന നീ എന്റെ മകനാണ്. എന്റെ ജീവന്‍ കൂടി തിരിച്ചു നല്‍കിയ നീ എനിക്ക് ജീവദാതാവു കൂടിയാണ്. അതുകൊണ്ട് നീ ഒരേ സമയം ശിഷ്യനും പിതാവും പുത്രനുമാണ്. എല്ലാംകൊണ്ടും നീ താതനുമാണ്.  

വിദ്യ എന്നത് ഒരേ ദിശയില്‍ മാത്രം സഞ്ചരിക്കാനുള്ളതല്ല. ഗുരു ശിഷ്യന് വിദ്യ കൈമാറുമ്പോള്‍ ശിഷ്യന്‍ ഗുരുവിനെ കൂടുതല്‍ ചിന്തിക്കാനും പഠിപ്പിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. അതിനാല്‍ പരസ്പര പോഷണമാണ് ഗുരുശിഷ്യ ബന്ധത്തിലൂടെ നടപ്പാകുന്നത്. ശുക്രാചാര്യര്‍ പറഞ്ഞു നിര്‍ത്തി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: death