Categories: Samskriti

ധ്വജ സ്തംഭത്തിന്റെ സ്ഥാനം

ക്ഷേത്രനിര്‍മാണത്തിലെ ഒരു പ്രധാന ഘടകം ആണ് ധ്വജസ്തംഭം അഥവാ കൊടിമരം. ഉത്സവാദികള്‍ക്ക് കൊടി ഉയര്‍ത്തി സ്ഥാപിക്കുന്ന സാമാന്യ ഉദ്ദേശ്യത്തിനപ്പുറം ക്ഷേത്രനിര്‍മ്മാണത്തില്‍ പ്രധാന്യമുള്ള ഒന്നാണിത്. ക്ഷേത്ര സംരക്ഷണത്തില്‍ പ്രാധാന്യമുള്ള വിധം ഏറ്റവും ഉയര്‍ന്നതായാണ് ഇതിന്റെ  നിര്‍മ്മിതി. ക്ഷേത്രത്തില്‍ ചുറ്റമ്പലത്തിനും വലിയ വലിയ ബലിക്കല്ലിനും പുറത്തായാണ് കൊടിമരത്തിന്റെ സ്ഥാനം. ഗര്‍ഭഗൃഹ ദ്വാരത്തിന്റെ പന്ത്രണ്ടു ഇരട്ടി ദൂരം മാറിയോ, പ്രാസാദ ദണ്ഡിന്റെ മൂന്നോ, നാലോ, ആറോ ഇരട്ടി ഉത്തരപ്പുറത്തു നിന്ന് നീക്കിയോ കൊടിമരത്തിനു സ്ഥാനം കാണാം.

ഗര്‍ഭഗൃഹദ്വാരത്തിന്റെ പത്തോ, പതിനഞ്ചോ, പതിനേഴോ, ഇരുപതോ ഇരട്ടിയോ, പ്രാസാദത്തിന്റെ ഉയരത്തിനു സമമായോ, മുക്കാലോ, പകുതിയോ അളവില്‍ കൊടിമരത്തിനു ഉയരം കല്‍പ്പിക്കാം. താത്കാലിക ധ്വജമെങ്കില്‍ ഒന്‍പതു കോല്‍, ഏഴു കോല്‍, അഞ്ചു കോല്‍, അളവിലും പണി കഴിക്കാവുന്നതാണ്.

ഗര്‍ഭഗൃഹത്തിന്റെ ഉയരത്തെ നാലോ അഞ്ചോ ആറോ ആയി അംശിച്ചു ഒരംശം കൊണ്ട് സ്തംഭത്തിന്റെ താഴെ ഭാഗത്തിന്റെ വണ്ണവും അതില്‍ നിന്ന് പതിനാറില്‍ ഒരു ഭാഗം കുറച്ചു അഗ്രഭാഗത്തിന്റെ വണ്ണവും കല്പിക്കണം. സാധാരണയായി വൃത്താകൃതിയാണ് ധ്വജസ്തംഭത്തിനു നല്‍കുന്നതെങ്കിലും എട്ടു പട്ടമായും നല്‍കാവുന്നതാണ്.

അടിസ്ഥാന നപുംസക ശില, നാളം, തറ, വേദിക, ദിക്പാലകര്‍, പദ്മം, വെണ്ടകം, പറ, മാലാസ്ഥാനം, ലശുനം, കുംഭം, പദ്മം, മണ്ഡിപ്പലക, വീരകാണ്ഡം, വാഹനം, കൊടിക്കൂറ, യഷ്ടി എന്നിവയാണ് ധ്വജസ്തംഭത്തിന്റെ പ്രധാന അവയവങ്ങള്‍. ഭൂമിക്കടിയില്‍ നപുംസക ശില യഥാവിധി ന്യസിച്ചു അതിനുമുകളിലായി കൊടിമരം ഇറക്കി സ്ഥാപിച്ചു ചാരുകല്ലുകള്‍ വെച്ചുറപ്പിക്കണം. ഭൂമിക്കടിയില്‍ പോകുന്ന ഈ നാളം എന്ന ഭാഗം ദണ്ഡിരട്ടി ഉയരത്തിലുള്ളതും ചതുരാകൃതിയിലുമാകണം. കൊടിമരത്തിന്റെ ആകെ ഉയരത്തില്‍ ഈ അളവ് ഉള്‍പ്പെടാത്തതുമാകുന്നു.

തറയുടെ ഭാഗം തടി എട്ടു പട്ടമായ ആകൃതിയിലായിരിക്കും. ഈ തറ ഒരു കോല്‍ അല്ലെങ്കില്‍ ഒരു ദണ്ഡ് ഉയരത്തിലുള്ളതും, കലശബന്ധം, കപോത ബന്ധം തുടങ്ങിയ അംശക്രമത്തിലുള്ളതും ആകണം. ഇതിന് മുകളിലായി വേദികയും പദ്മവും ദിക്പാലകന്മാരെയും കല്‍പ്പിക്കണം. തുടര്‍ന്ന് മാലാസ്ഥാനം വരെയുള്ള ഭാഗം വെണ്ട, പറ എന്നീ അവയവങ്ങള്‍ കൊണ്ട് ക്രമീകരിക്കണം. ഇവകള്‍ ഒറ്റ സംഖ്യയായി ക്രമീകരിക്കണം.

ഇതിന് മുകളില്‍ മാലകള്‍ തൂക്കി അലങ്കരിക്കുന്ന ഭാഗം മാലാസ്ഥാനവും, ഒന്നോ രണ്ടോ ലശുനം എന്ന അലങ്കാരവും അതിനു മുകളില്‍ ആയി കുംഭം, പദ്മം, മണ്ഡിപ്പലക, അതിന്മേല്‍ വീരകാണ്ഡവും ഉണ്ടാക്കണം. ഈ ഭാഗം ധ്വജം ചതുരമാക്കി നിര്‍മിക്കണം. വീരകാണ്ഡത്തിനു മേലാണ് ധ്വജ പ്രതിഷ്ഠചടങ്ങില്‍ ദേവാനുസൃതമായതും ഉചിതമായ യവ അളവിലും പെട്ട ദേവവാഹനത്തെ ദേവന് അഭിമുഖമായി സ്ഥാപിക്കുന്നത്. ശിവനു കാളയും വിഷ്ണുവിന് ഗരുഡനും ദേവിക്ക് സിംഹവും, സുബ്രഹ്മണ്യന് മയിലും കോഴിയും, ശാസ്താവിന് കുതിരയും ദേവ വാഹനങ്ങളാകുന്നു.

ധ്വജാഗ്രത്തില്‍ നിന്നും ഒരു ദണ്ഡ് താഴ്‌ത്തി ഒരു ദണ്ഡ് നീളമുള്ള യഷ്ടി തുളച്ചു ചെലുത്തണം. ഈ ദണ്ഡ് വശത്തേക്ക് ചെരിച്ചു നിര്‍ത്തുകയും വേണം. കേരളം ഒഴിച്ചുള്ള മറ്റു ദേശങ്ങളില്‍ ദേവനു അഭിമുഖമായാണ് യഷ്ടി സ്ഥാപിക്കുന്നതെങ്കിലും കേരളത്തില്‍ ഇടത്തോട്ട് കൂടാതെ തെക്കോട്ടോ, വടക്കോട്ടോ, ദേവന്റെ വലത്തോട്ടോ എന്ന നിയമപ്രകാരവും ചെയ്തു കണ്ടിട്ടുണ്ട്.

കൊടിമരത്തിന്റെ വേദിക മുതല്‍ മണ്ഡിപ്പലക വരെയുള്ള ഭാഗങ്ങളെല്ലാം ലോഹം കൊണ്ടുണ്ടാക്കി സ്തംഭത്തിന് മേല്‍ സ്ഥാപിക്കുകയാണ് പതിവ്. ശ്രേഷ്ഠമായ ധ്വജസ്തംഭത്തിന് യോജിച്ചത് തേക്ക് തടിയാണെങ്കിലും താത്കാലികമെങ്കില്‍ പുറംതോടോടു കൂടിയ മുള, കവുങ്ങ് എന്നീ വൃക്ഷങ്ങളും ഉപയോഗിക്കാം. ശ്രേഷ്ഠമായ ലക്ഷണങ്ങളോട് കൂടിയ തടി ഭൂമിയില്‍ വീഴാതെ മുറിച്ചു, ക്ഷേത്രപ്രദേശത്ത് എത്തിച്ചു ക്രമപ്പെടുത്തി തൈലാധിവാസം ചെയ്തു സ്വീകരിക്കണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക