ന്യൂദല്‍ഹി : ഇസ്രയേലില്‍ ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്സ് സൗമ്യയുടെ മൃതദേഹം ഇന്ത്യയിലെത്തി. ദല്‍ഹി അന്താരാഷ്ട്ര വിമാനത്തിലെത്തിച്ച മൃതദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധനരനും ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡര്‍ റോണി യദീദയും ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വീടിനു മുകളില്‍ റോക്കറ്റ് പതിച്ചത്. സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അപകടം അറിഞ്ഞ ഉടന്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഇടപെടുകയും മൃതദേഹം ഇന്ത്യയില്‍ എത്തിക്കുക്കുന്നതിനായി ഇസ്രയേല്‍ എംബസ്സിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി പാലസ്തീന് ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് അടിമാലി സ്വദേശിനിയായ സൗമ്യ കൊല്ലപ്പെട്ടത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയിരുന്നു. ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: