ഡോ.കെ. ജയപ്രസാദ്
ഇസ്രായേല്‍- പാലസ്തീന് സംഘര്‍ഷം എല്ലാ സീമകളെയും ലംഘിച്ച് യുദ്ധസമാനമായ സാഹചര്യത്തില്‍ എത്തി നില്‍ക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ നൂറ്റിപതിമൂന്നിലധികം പേര് ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. നിര്‍ഭാഗ്യവശാല്‍, കൊല്ലപ്പെട്ടവരില്‍ ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന മലയാളിയായ നഴ്സ് സൗമ്യ സന്തോഷും ഉള്‍പ്പെട്ടു.സൗമ്യ സന്തോഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ചില മതേതരരാഷ്ട്രീയ നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച് പിന്‍വാങ്ങിയത് നമ്മെ അമ്പരിപ്പിച്ചതാണ്. ചില ഇസ്ലാമിക സംഘടനകള്‍ ഹമാസിന്റെ പക്ഷം ചേര്‍ന്ന് നടത്തുന്ന പ്രചരണങ്ങള്‍ ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തില്‍ ഇസ്രായേല്‍- പാലസ്തീന് സംഘര്‍ഷം വസ്തുതാപരമായി വിശകലനം ചെയ്യേണ്ടതുണ്ട്.
ഇസ്രായേല്‍- പാലസ്തീന് സംഘര്‍ഷത്തിന് ഇസ്രായേല്‍ രൂപീകരിക്കാന്‍ ഐക്യരാഷ്ട്രസംഘടന തീരുമാനമെടുക്കുന്ന 1947 മുതലുള്ള ചരിത്രമുണ്ട്. മതാടിസ്ഥാനത്തില്‍ ഭാരതത്തെ വിഭജിച്ച് ഇസ്ലാമികരാജ്യമായ പാകിസ്താന് രൂപീകരിച്ച് ഏതാനും നാള് കഴിയുമ്പോഴാണ് പാലസ്തീനിനെയും വിഭജിച്ച് ഒരു ജൂതരാജ്യമായ ഇസ്രായേല്‍ നിലവില്‍ വരുന്നത്. ലോകം മുഴുവന്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞ ജൂതന്മാര്ക്ക് ഏതാണ്ട് രണ്ടായിരം വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അവരുടെ പുണ്യഭൂമിയില്‍ ഒരു രാജ്യം ജന്മം കൊള്ളുന്നത്. നിര്‍ഭാഗ്യവശാല്‍ 1948- മെയ് 14 ന് ഇസ്രായേല്‍ ഔദ്യോഗികമായി രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ അറബ് രാജ്യങ്ങള്‍ ഇസ്രായേലിനോട് യുദ്ധം പ്രഖ്യാപിച്ചു. 1947-49, 1956, 1967, 1967-70, 1973 എന്നീ വര്‍ഷങ്ങളില്‍ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ യുദ്ധം നടന്നു. ഈ എല്ലായുദ്ധങ്ങളിലും ഇസ്രായേല്‍ പൂര്‍ണ്ണ വിജയം നേടുകമാത്രമല്ല 1967 ലെ യുദ്ധത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്ക്, ഗാസ, കിഴക്കന്‍ ജറുസേലം എന്നിവ ഇസ്രായേല്‍ പിടിച്ചെടുക്കുന്ന സാഹചര്യം ഉണ്ടായി. മാത്രമല്ല ഈജിപ്റ്റില്‍ നിന്നും സിനായ് പ്രദേശവും, സിറിയയുടെ ഗോലാന്‍കുന്നുകളും ഇസ്രായേല്‍ കയ്യടക്കി. ഈ പശ്ചാത്തലത്തിലാണ് 1978 ല്‍ അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ ക്യാമ്പ് ഡേവിഡ് കരാര്‍ ഈജിപ്റ്റും, ഇസ്രായേലും ചേര്‍ന്ന് ഒപ്പുവയ്ക്കുന്നത്. 1980ല്‍ ഈജിപ്റ്റും ഇസ്രായേലും നയതന്ത്രബന്ധം ആരംഭിച്ചു. ജൂതരാജ്യത്തെ അംഗീകരിച്ച ഈജിപ്റ്റിന്റെ നടപടിയില്‍ മറ്റു അറബ് രാജ്യങ്ങള്‍ തൃപ്തരല്ലായിരുന്നു. പാലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന്(പിഎല്‍ഒ) ഈ കരാറിനെ എതിര്‍ത്തു. ഇസ്രായേല്‍ എന്ന രാജ്യത്തെ പാലസ്തീനില്‍ അനുവദിക്കില്ല എന്ന നിലപാടാണ് അറബ്രാജ്യങ്ങളും, പിഎല്‍ഒയും അന്ന് സ്വീകരിച്ചത്. സംഘര്‍ഷങ്ങള്‍ തുടര്‍ന്നുവെങ്കിലും 1978 ല്‍ ഈജിപ്റ്റ് സ്വീകരിച്ച സമാധാനത്തിന്റെ പാത 1994 ല്‍ പിഎല്‍ഒ അംഗീകരിക്കുകയും ഇസ്രായേലുമായി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കും, ഗാസയും ഉള്‍പ്പെട്ട സ്വയംഭരണ പ്രദേശം,പാല്സതീനിയന് അതോറിറ്റി നിലവില്‍ വന്നത് അങ്ങനെയാണ്. 1996 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യാസര്‍ അറാഫത്ത് പാലസ്തീനിയന്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യാസര്‍ അറാഫത്തിന്റെ മരണശേഷം മഹമൂദ് അബ്ബാസ് പാലസ്തീനിയന്‍ അതോറിറ്റിയുടെ പ്രസിഡന്റായി 2005 ല്‍ ചുമതല ഏറ്റെങ്കിലും പാലസിതീന്‍ മൂവ്മെന്റിന്റെ ഏകീകൃതരൂപം വിഭജിക്കപ്പെട്ടു.
പാലസ്തീനിയന്‍ നാഷണല്‍ അതോറിറ്റി നിലവില്‍ വന്നെങ്കിലും ഇസ്രായേല്‍- പാലസ്തീന് സംഘര്‍ഷത്തിന് അയവുവന്നില്ല. നിരന്തരമായ തീവ്രവാദ ആക്രമണങ്ങളും അതിന് ഇസ്രായേല്‍ നല്കുന്നതിരിച്ചടിയും കാരണം എല്ലാ സമാധാന ശ്രമങ്ങളും വിജയം വരിക്കാതെപോയി. ഇസ്രായേല്‍- പാലസ്തീന് ചര്‍ച്ചകള്‍ പരാജയപ്പെടുകയും 2000- ല്‍ വീണ്ടും വമ്പിച്ച സംഘര്‍ഷങ്ങള്‍ക്ക് പാലസ്തീന് വേദിയാകുകയും ചെയ്തു. 2000 ല്‍ ആരംഭിച്ച പാലസ്തീനിയന്‍ ജനമുന്നേറ്റം അഥവാ രണ്ടാം ഇന്ന്റിഫത് 2005 വരെ തുടര്‍ന്നു. ഈ കാലയളവില്‍ സൈനികര്‍ ഉള്‍പ്പെടെ ആയിരത്തില്‍പ്പരം ഇസ്രായേലികളും അയ്യായിരത്തിലധികം പാലസ്തീനികളും കൊല്ലപ്പെട്ടു. ഈ സംഘര്‍ഷത്തില്‍ സാധാരണ പൗരന്മാരാണ് കൂടുതലും കൊല്ലപ്പെട്ടത്. ആത്മഹത്യാസ്ക്വാഡുകളാണ് പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കിയത്. 2008 ല്‍ ആരംഭിച്ച ഗാസയുദ്ധത്തില്‍ വ്യാപകമായ ആള്‍നാശമാണ് ഉണ്ടായത്. മാത്രമല്ല ഈജിപ്റ്റ്-ഇസ്രായേല്‍ ബന്ധം വഷളാവുകയും ചെയ്തു.
യഥാര്‍ത്ഥത്തില്‍ പാലസ്തീന് അതോറിറ്റി രൂപീകരണത്തോടെ തുടക്കം കുറിച്ച സമാധാനശ്രമങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. അതിന് കാരണമായത് പി.എല്‍.ഒയും, യാസര്‍ അരാഫത്തും നടത്തിയ സമാധാന ശ്രമങ്ങളെ തുടക്കത്തിലേ ഹമാസ് തുരങ്കംവച്ചതുകൊണ്ടാണ്. 1987 ല്‍ ഹമാസ് രൂപം കൊണ്ടതു തന്നെ പി.എല്‍.ഒയ്ക്കും, യാസര്‍ അരാഫത്തിനും എതിരായ പ്രസ്ഥാനമായാണ്. ഇസ്രായേലിനെ അംഗീകരിക്കുന്ന സമീപനം യാസര്‍ അരാഫത്ത് എടുത്തത് ഹമാസ് അംഗീകരിക്കുന്നില്ല. പശ്ചിമഏഷ്യയില്‍ ഇസ്രായേല്‍ എന്ന ജൂതരാജ്യം പാടില്ലെന്ന നിലപാടാണ് ഹമാസിനുള്ളത്. 2006 ല്‍ പാലസ്തീന് കൗണ്‍സില്‍ ഹമാസ് വിജയിച്ചുവെങ്കിലും ഭരണത്തില്‍ തുടരാനായില്ല. ഗാസയില്‍ കേന്ദ്രീകരിച്ചാണ് ഹമാസ് ഭരണം നടത്തുന്നത്. നിലവില്‍ പാലസ്തീന് രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വെസ്റ്റ് ബാങ്കില്‍ ഫത്താപാര്‍ട്ടി ഭരണം നടത്തുമ്പോള്‍ ഗാസയില്‍ ഹമാസാണ് ഭരണം കയ്യാളുന്നത്. 2007-2008 ല്‍ ഇസ്രായേല്‍ ഗാസയുദ്ധത്തെ തുടര്‍ന്നാണ് ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
ഹമാസിന്റെ നടപടികള്‍ പശ്ചിമേഷ്യയെ ഒരുയുദ്ധത്തിന്റെ വക്കിലേയ്ക്ക് എത്തിച്ചിരിക്കുകയാണ്. അമേരിക്ക,ബ്രിട്ടന്, യൂറോപ്യന്യൂണിയന്, കാനഡ, ഓസ്ട്രേലിയ, ജപ്പാന് തുടങ്ങി വളരെയധികം രാജ്യങ്ങള്‍ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് വളരെയധികം സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്തി ജനപിന്തുണയാര്‍ജ്ജിക്കുകയും, അവരുടെ സൈനികവിഭാഗം തീവ്രവാദശൈലി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ഹമാസ് എക്കാലത്തും ജന വാസ കേന്ദ്രങ്ങളില്‍ ഒളിഞ്ഞിരുന്ന് ഇസ്രായേലിനെ ആക്രമിക്കുന്ന ശൈലിയാണ് പിന്തുടരുന്നത്. അതുകൊണ്ട്തന്നെ ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുന്നത് കൂടുതലും സിവിലിയന്‍മാരായിരിക്കും. ഹമാസ് നടത്തുന്ന ഏറ്റവും വലിയ ജനവഞ്ചനയാണിത്. ഈജിപ്റ്റിലെ മുസ്ലീം ബ്രദര്‍ഹുഡിനെ മാതൃകയാക്കിയാണ് ഹമാസിന്റെ പ്രവര്‍ത്തനം. 1988 ല്‍ ഹമാസ് അംഗീകരിച്ച ചാര്‍ട്ടര്‍ പ്രകാരം ഇസ്രായേലിന് ഒരു രാജ്യമായി പശ്ചിമഏഷ്യയില്‍ തുടരാന്‍ കഴിയില്ല. ഇസ്രായേലിനെ യുഎഇ ഉള്‍പ്പെടെ നിരവധി മുസ്ലിം രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. പൊതുവേ കേമ്പ് ഡേവിഡ് കരാറിനുശേഷം അറബി രാജ്യങ്ങള്‍ ഇസ്രായേല്‍ എന്ന രാജ്യത്തെ അംഗീകരിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. 1994 ല്‍ പാലസ്തീനും ഇസ്രായേലും കരാര്‍ ഒപ്പുവച്ചത് ഈ പശ്ചാത്തലത്തിലാണ്.ഹമാസ് ഈ സമാധാനശ്രമങ്ങളെ ഭീകരപ്രവര്‍ത്തനം കൊണ്ട് അട്ടിമറിച്ചു മാത്രമല്ല. ഇന്ന് പാലസ്തീനിലെ ജനങ്ങള്‍ സംഘടനാപരമായും, ഭരണപരമായും വിഭജിക്കപ്പെട്ടതും ഹമാസിന്റെ നയങ്ങള്‍ കൊണ്ടാണ്. യാസര്‍ അരാഫത്ത് പാലസ്തീന് രാജ്യം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കാന്‍ നടത്തിയ ശ്രമങ്ങള്അട്ടിമറിച്ചത് ഇറാന്റെ പിന്തുണയുള്ള ഹമാസാണ്. ഇറാനും ഹമാസിനും ഇസ്രായേലിന്റെ നിലനില്പ്പിനോട് ഒരേ സമീപനമാണ് ഇന്നുള്ളത്. മറ്റു അറബിരാജ്യങ്ങള്‍ പാലസ്തീന് ജനതയ്ക്ക് സ്വതന്ത്ര്യവും ഇസ്രായേലിന്റെ രാഷ്ട്രമായി നിലനില്‍ക്കാനുള്ള അവകാശത്തെയും അംഗീകരിക്കുമ്പോള്‍ ഇറാനും, ഹമാസും ഇസ്രയേലും ഈ ഭൂമുഖത്ത് പാടില്ല എന്ന നയമാണ് പിന്തുടരുന്നത്. ആദ്യകാലത്ത് ഈജിപ്റ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പിഎല്‍ഒയും ഈ സമീപനം സ്വീകരിച്ചിരുന്നു. നിരവധി യുദ്ധങ്ങളില്‍ തുടര്‍ച്ചയായി ഇസ്ലാമികരാജ്യങ്ങള്‍ പരാജയപ്പെട്ടതും, പാലസ്തീനിന്റെയും ഈജിപ്റ്റിന്റെയും, സിറിയയുടെയും പ്രദേശങ്ങള്‍ കൈയ്യടക്കിയതുമാണ് ഇസ്രായേല്‍ നയത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് അറബ് രാജ്യങ്ങള്‍ തയ്യാറായത്.
പില്ക്കാലത്ത് യാസര്‍ അരാഫത്തും പിഎല്‍ഒയും അത് സ്വീകരിച്ചു. സ്വാഭാവികമായും പശ്ചിമേഷ്യയില്‍ ഉണ്ടാകുമായിരുന്ന സമാധാനം അട്ടിമറിച്ചത് ഇറാന്റെ സമീപനങ്ങളും ഹിസ്ബുള്ളയുടെ നയങ്ങളും ഹമാസിന്റെ തീവ്രവാദശൈലിയുമാണ്. ക്യാമ്പ് ഡേവിഡ് കരാറും, ഇസ്രായേല്‍ – പാലസ്തീന് കരാറും മുന്നില്‍ വച്ച പരസ്പര ധാരണയുടെയും വിശ്വാസത്തിന്റെയും സന്ദേശം ഇന്ന് പൂര്‍ണ്ണമായും അസ്തമിച്ചിരിക്കുന്നു. വളരെയധികം അറബ് രാജ്യങ്ങള്‍ പാലസ്തീന് വിഷയത്തില്‍ ഇന്ന് ഇടപെടാതെ മാറിനില്‍ക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ബഹറിന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ സമീപനത്തില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടായി. ലബനനിലെ ഹിസ്ബുള്ളയെ മാതൃകയാക്കുന്ന ഹമാസ് ഫലത്തില്‍ ഗള്‍ഫ് സഹകരണ സഖ്യത്തില്‍പ്പെട്ട രാജ്യങ്ങളുടെ നയം മാറ്റം അംഗീകരിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.
പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാവണമെങ്കില്‍ ഈജിപ്റ്റും, പിഎല്‍ഒയും,യാസര്‍ അരാഫത്തും സ്വീകരിച്ച നയം പാലസ്തീന് ജനത സ്വീകരിക്കണം. ഹമാസ് പാലസ്തീന് വിമോചന പ്രസ്ഥാനത്തെരണ്ടായി വിഭജിക്കുക മാത്രമല്ല ഈ മേഖലയില്‍ രൂപം കൊണ്ട പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷത്തെ തുടക്കത്തിലേ അട്ടിമറിക്കുകയും ചെയ്തു എന്നു വേണം വിലയിരുത്താന്‍. ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിക്കാതെ ഈ മേഖലയില്‍ സമാധാന ശ്രമങ്ങള്‍ വിജയിക്കില്ല. ഇറാന്റെയും ലെബനനിലെ ഹിസ്ബുള്ളയുടെയും നയങ്ങള്‍ ഹമാസ് പിന്തുടരുന്ന കാലത്തോളം പാലസ്തീനില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയില്ല. സ്വന്തം രാജ്യത്തെയും, ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള മൗലികമായ അവകാശവും സ്വാതന്ത്ര്യവും ഇസ്രായേല്‍ ഭരണകൂടത്തിനുണ്ട്. ജനവാസകേന്ദ്രങ്ങളില്‍ ഇരുന്ന് ഒരു രാജ്യത്തിനെതിരെ ഒളിയാക്രമണം നടത്തുമ്പോള്‍ സ്വാഭാവികമായും പ്രത്യാക്രമണത്തില്‍ നിരായുധരായ സാധാരണക്കാര്‍ ഇരയാകും. ഇന്ന് ഗാസയില്‍ നടക്കുന്നത് അതാണ്.
സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ സഹകരണത്തിന്റെ സാദ്ധ്യത പരോക്ഷമായി ഇന്ന് നിലനില്ക്കുന്നതിന്റെ കാരണം ഈ മേഖലയില്‍ ഇറാന്, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങളുടെ ഇടപെടലും അവര്‍ ലെബനനിലെ ഹിസ്ബുള്ളയെയും, ഗാസയിലെ ഹമാസിനെയും നിയന്ത്രിക്കുന്നതു കൊണ്ടാണ്. 2020 ആഗസ്റ്റില്‍ യുഎഇ, ഇസ്രയേലുമായി പൂര്‍ണ്ണ നയതന്ത്രബന്ധം ആരംഭിച്ചത് മലയാളികള്‍ പഠിക്കേണ്ടതുണ്ട്. മലയാള മാധ്യമങ്ങളുടെ ഇസ്രായേല്‍ വിരുദ്ധ റിപ്പോര്‍ട്ടിംഗില്‍ സ്ഥാനം പിടിക്കാതെപോയ ഇസ്രായേല്‍-യുഎഇ സഹകരണവും, ഊഷ്മളമായ നയതന്ത്രബന്ധങ്ങളും കൂടുതല്‍ ചര്‍ച്ചവിഷയമാക്കേണ്ടതുണ്ട്. 1996 ല്‍ ഖത്തര്‍ ഇസ്രായേലുമായി വാണിജ്യബന്ധം സ്ഥാപിച്ചു. ഒമാനും അതേപാത സ്വീകരിച്ചു. ജോര്‍ഡാനും ഇസ്രായേലും സമാധാന കരാര്‍ ഒപ്പുവച്ചതും കൂട്ടിവായിക്കണം. 2020 സെപ്തംബറില്‍ ബഹറിനും ഇസ്രായേലും നയതന്ത്രബന്ധം ആരംഭിച്ചു.ചുരുക്കത്തില്‍ ഇസ്രായേല്‍ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഹമാസ് തയ്യാറാകുകയോ, ഹമാസിനെ നിയന്ത്രിക്കുന്ന ഇറാന് പോലുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നതുവരെയോ പാലസ്തീനില്‍ ഇന്നു കാണുന്ന സംഘര്‍ഷം തുടരും. അന്താരാഷ്ട്ര ബന്ധങ്ങളെ മാനിക്കാനുള്ള സംസ്കാരമാണ് വളര്‍ന്നുവരേണ്ടത്. മലയാളികള്‍ ഏറെ ജോലിചെയ്യുന്ന യുഎഇ, ഖത്തര്‍, ഒമാന്‍, ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ ഇസ്രായേലിയന്‍ നയം ഈ അവസരത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകണം. ഹമാസിനോട് ഈ രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്ന സമീപനവും ചര്‍ച്ചചെയ്യപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: