ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി(പിഎം-കിസാന്‍)യുടെ കീഴിലുള്ള സാമ്പത്തിക സഹായത്തിന്റെ എട്ടാം ഗഡുവായി 19,000 കോടി രൂപ നരേന്ദ്രമോദി വെള്ളിയാഴ്ച കൈമാറും. 9.5 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രാവിലെ 11ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും തുക കൈമാറുക. 9.5 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് 19,000 കോടിയിലധികം രൂപ ഈ ഗഡു കൈമാറുന്നതുവഴി ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ഗുണഭോക്താക്കളായ കര്‍ഷകരുമായി ചടങ്ങില്‍ പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും. കേന്ദ്ര കൃഷിമന്ത്രിയും പങ്കെടുക്കും. പിഎം-കിസാന്‍ പദ്ധതിപ്രകാരം, അര്‍ഹതയുള്ള കര്‍ഷക കുടംബങ്ങള്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപവീതം ലഭിക്കും. രണ്ടായിരം രൂപവീതം നാലുമാസം കൂടുമ്പോഴാണ് തുക വിതരണം ചെയ്യുക. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തും. പദ്ധതിപ്രകാരം ഇതുവരെ ഒന്നരലക്ഷം കോടി രൂപ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: