മുംബൈ: കൊറോണ വാക്സിനുകള്‍ ജനിതകമാറ്റം വന്ന വൈറസുകളെ ചെറുക്കുമോയെന്ന ആശങ്കയ്ക്ക് വിരാമം. ജനിതകമാറ്റം വന്ന വൈറസുകളെ ചെറുക്കാന്‍ പര്യാപ്തമാണ് വാക്സിനുകളെന്ന് ഇന്ത്യയിലെയും ബ്രിട്ടനിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
വാക്സിന് കുത്തിവയ്ക്കുന്നതിന്റെ ഫലമായി ശരീരത്തില്‍ ഉടലെടുക്കുന്ന ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാനുള്ള കഴിവ്, ചെറിയ തോതില്‍, ജനിതകമാറ്റം വന്ന വൈറസുകള്‍ക്കുണ്ട്. എങ്കിലും അവയെ ചെറുക്കാനും കുറഞ്ഞ പക്ഷം അവയുടെ ശക്തി കുറയ്ക്കാനെങ്കിലും വാക്സിനുകള്‍ക്ക് കഴിയുന്നു. അതിനാലാണ്, വാക്സിനെടുത്ത ചിലര്‍ക്ക് രോഗം ബാധിച്ചെങ്കിലും അത് വളരെ നേരിയ തോതിലാകുന്നത്. ജനങ്ങളെ പരിരക്ഷിക്കാന്‍ പര്യാപ്തം തന്നെയാണ് വാക്സിന്, ഗവേഷകര്‍ വ്യക്തമാക്കി.
മൂന്നു മാസം മുന്‍പ് മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ് ബി 1.617 എന്ന വകഭേദം കണ്ടെത്തിയത്. ഈ വൈറസ് ഇന്ന് ഇന്ത്യ മുഴുവന്‍ പടര്‍ന്നു. മാത്രമല്ല 40 രാജ്യങ്ങളിലും ചെന്നെത്തി. ഇരട്ട ജനിതക മാറ്റം വന്ന ഈ വൈറസുകള്‍ക്ക് വലിയ വ്യാപന ശേഷിയാണ്. ഇന്ത്യയില്‍ രണ്ടാം തരംഗമുണ്ടാക്കിയത് ഈ വകഭേദമാണ്, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ രവി ഗുപ്ത പറഞ്ഞു.
ജനിതക മാറ്റം വന്ന വൈറസുകള്‍ക്കെതിരെ വാക്സിനുകള്‍ ഫലപ്രദമാണെന്ന് ദല്‍ഹി ജെനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ഡോ. അനുരാഗ് അഗര്‍വാളും വിനോദ് സ്കറിയയും പറഞ്ഞു. കൊവാക്സിനും കൊവിഷീല്‍ഡും ഫലപ്രദമാണ്, അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: