മുംബൈ: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആറുകോടിയോളം രൂപ നീക്കിവച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. എന്‍സിപി നേതാവ് അജിത് പവാറിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നോക്കിനടത്താന്‍ പുറത്തുനിന്നുള്ള ഏജന്‍സിയെ നിയമിക്കുമെന്ന് ബുധനാഴ്ചയിറങ്ങിയ ഉത്തരവില്‍ പറയുന്നു. അജിത് പവാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സാധാരണക്കാരെ അറിയിക്കുകയെന്നതുകൂടി ഏജന്‍സിയുടെ ഉത്തരവാദിത്തമായിരിക്കും.
ധന, ആസുത്രണ വകുപ്പുകളാണ് അജിത് പവാറിന് കീഴില്‍ വരുന്നത്. പുറത്തുനിന്ന് ഏജന്‍സിയെ ചുമതലപ്പെടുത്തിയും 2021-22 വര്‍ഷത്തേക്ക് 5.98 കോടി രൂപ ഇതിനായി നീക്കിവച്ചും പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി ആര് എന്‍ മുസലെയാണ് ഉത്തരവ് പുറത്തിറക്കിയത്. തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി.
‘മഹാരാഷ്ട്ര സര്‍ക്കാരിന്റെ അലംഭാവം മൂലം മഹാമാരിയില്‍ ആളുകള്‍ മരിക്കുന്നു. വാക്സിന് വാങ്ങാന്‍ ആവശ്യത്തിന് പണമില്ലെന്ന് ഒരുവശത്ത് സര്‍ക്കാര്‍ പറയുമ്പോള്‍ സമൂഹമാധ്യമങ്ങളിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ആറുകോടി രൂപ ചെലവില്‍ ഒരു സംഘത്തെ ഉപമുഖ്യമന്ത്രിക്കായി നിയോഗിക്കുന്നു’-ബിജെപി എംഎല്‍എ രാം കഡം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: