കിഴക്കന്‍ ഭാരതത്തില്‍ ഭാരതീയജനതാപാര്‍ട്ടിയുടെ കാവിക്കൊടി ഉയര്‍ന്ന് പാറുമ്പോള്‍ രാഷ്ട്രീയമായും വ്യക്തിപരമായും ഏറെ സന്തോഷവും അഭിമാനവും തരുന്ന രണ്ട് സ്ഥാനലബ്ധികളുണ്ട്. അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്മയുടേയും ബംഗാള്‍ പ്രതിപക്ഷ നേതാവായി സുവേന്ദു അധികാരിയുടെയും. കഴിവും പ്രാപ്തിയുമുള്ള നേതാക്കള്‍ക്ക് മുന്നിരയിലെത്താന് ഭാരതീയ ജനതാപാര്‍ട്ടി എങ്ങനെ അവസരം നല്‍കുമെന്നതിന്റെ നേര്‍ച്ചിത്രമാണ് ഹിമന്ദയും സുവേന്ദുവും. രണ്ടു പേരും അവര്‍ പ്രവര്‍ത്തനമാരംഭിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് കലഹിച്ച് ബിജെപി തട്ടകത്തിലെത്തിയ, സ്വന്തം വ്യക്തിത്വങ്ങള്‍ കാത്തുസൂക്ഷിച്ച, അഴിമതിയോട് സന്ധിചെയ്യാത്ത നേതാക്കള്‍. അസം കോണ്‍ഗ്രസിലെ കുടുംബാധിപത്യവും അഴിമതിയുമാണ് ഹിമന്ദ ബിശ്വ ശര്‍മയെ ബിജെപിയിലെത്തിച്ചതെങ്കില് മമത ബാനര്‍ജിക്ക് സ്വന്തം മരുമകനോടുള്ള അതിരുവിട്ട വാല്സല്യവും അവരുടെ അഴിമതിയുമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരാന്‍ സുവേന്ദുവിനെ പ്രേരിപ്പിച്ചത്.
കോണ്‍ഗ്രസ് തട്ടകമായിരുന്ന വടക്കുകിഴക്കന്‍ ഭാരതത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കരുത്തേകിയ നേതാവാണ് ഹിമന്ദ ബിശ്വശര്‍മ. മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതുപോലെ വടക്കുകിഴക്കിന്റെ രാഷ്ട്രീയ ചാണക്യന്. കഴിവും ജനകീയതയും കൈമുതലായിട്ടും അസമില്‍ തരുണ്‍ ഗോഗോയുടെ മക്കള്‍രാഷ്ട്രീയത്തില്‍ നീതി നിഷേധിക്കപ്പെട്ട് കോണ്‍ഗ്രസ് വിടേണ്ടി വന്നു. 2016ല്‍ അസമിലെ ആദ്യ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ഹിമന്ദയാണ്. പക്ഷേ അസംകാരുടെ പ്രിയ ‘അമ്മാവന് ‘ സ്ഥാനമാനങ്ങള്‍ക്കായി വിലപേശിയില്ല. വടക്കുകിഴക്കിനെയാകെ ഒപ്പം നിര്‍ത്തുക എന്ന വലിയ ദൗത്യമാണ് പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ ഏല്‍പ്പിച്ചത്. പിന്നീട് വിശ്രമമില്ലാത്ത നാളുകളായിരുന്നു ഹിമന്ദ് ദായ്ക്ക്. വടക്കുകിഴക്കന്‍ ജനാധിപത്യസഖ്യത്തിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ സങ്കീര്‍ണമായ രാഷ്ട്രീയ പരിതസ്ഥിതിയാണ് അദ്ദേഹത്തിന് കൈകാര്യം ചെയ്യേണ്ടി വന്നത്. നാഗാ സമാധാന കരാര്‍ മുതല്‍ പൗരത്വഭേദഗതി നിയമം വരെ തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്ത് വിജയം കൈവരിച്ച ഹിമന്ദ്ദാ ഒരു രാഷ്ട്രീയ പാഠപുസ്തകം തന്നെയാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ മേഖലയിലെ 25 ല്‍ പത്തൊന്‍പത് സീറ്റും ദേശീയ ജനാധിപത്യ സഖ്യം നേടിയതിന്റെ കാരണക്കാരില്‍ പ്രധാനിയും ഹിമന്ദ ബിശ്വശര്‍മ തന്നെ. കേരളം പോലെ ക്രൈസ്തവ സഹോദരങ്ങള്‍ ഏറെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഗോവയുടെ മാതൃക പിന്തുടര്ന്ന് ബിജെപിക്കൊപ്പം നിന്നു. രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്നതുപോലെ ഉത്തരേന്ത്യന്‍ പാര്‍ട്ടിയല്ല ബിജെപിയെന്നും ഇതോടെ തെളിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് അസമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഹിമന്ദ ബിശ്വശര്‍മ എന്നതില്‍ തര്‍ക്കമില്ല.
ബംഗാളില്‍ സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തിലൂടെ മമത ബാനര്‍ജിക്ക് കല്ലും മുള്ളും നിറഞ്ഞ ദിനങ്ങളാണ് ഭാരതീയ ജനതാ പാര്‍ട്ടി കാത്തുവച്ചിട്ടുള്ളത്. തീയില്‍ കുരുത്ത സുവേന്ദുവിന് മുന്നില്‍ നന്ദിഗ്രാമില്‍ അടിയറവ് പറഞ്ഞുകൊണ്ടാണ് മമതയുടെ മടങ്ങിവരവ്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ഭരണത്തിന്റെ അടിവേരറുത്ത നേതാവാണ് സുവേന്ദു അധികാരി. നന്ദിഗ്രാം കര്‍ഷകപ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുത്ത് മമത ബാനര്‍ജിക്ക് ബംഗാള്‍ രാഷ്ട്രീയത്തില്‍ തിരിച്ചുവരവിനുള്ള കളമൊരുക്കിയ തന്ത്രജ്ഞന്‍. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും മറന്ന് ബുദ്ധദേബ് ഭട്ടാചാര്യയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വന്‍കിട കുത്തകളുടെ അച്ചാരം വാങ്ങിയപ്പോള്‍ നന്ദിഗ്രാമിന്റെ മണ്ണില്‍ നിന്ന് കമ്മ്യൂണിസ്റ്റുകളെ തുരത്തിയോടിച്ചത് സുവേന്ദുവിന്റെ നേതൃത്വത്തിലാണ്. കര്‍ഷകരുടെ ചോര വീണ മണ്ണില്‍ പ്രമുഖ കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക് പിന്നിട് കാലുകുത്താന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ തങ്ങളുടെ കോട്ടയായിരുന്ന നന്ദിഗ്രാമില്‍ പിന്നീടൊരു ഓഫീസ് തുറക്കാന്‍ 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു സിപിഎമ്മിന്. സുവേന്ദുവിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത ഭൂമി ഉച്ചാട് പ്രതിരോധ സമിതിക്ക് കമ്മ്യൂണിസ്റ്റ് ധാര്‍ഷ്ട്യവും അഴിമതിയും ജനദ്രോഹനയങ്ങളും രാജ്യത്തിന്റെയാകെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ കഴിഞ്ഞു. ഇന്ന് നന്ദിഗ്രാമടങ്ങുന്ന പൂര്വമേദിനിപ്പൂരിലെ ഏറ്റവും ജനകീയനായ നേതാവാണ് സുവേന്ദു അധികാരി. എന്നിട്ടും സ്വന്തം മരുമകന് അഭിഷേക് ബാനര്‍ജിയെ നേതൃനിരയിലേക്ക് ഉയര്‍ത്തി സുവേന്ദുവിനെ വഞ്ചിക്കുകയായിരുന്നു മമത ബാനര്‍ജി. ഇതോടെയാണ് സുവേന്ദു അധികാരി എന്ന ജനകീയനും ഊര്‍ജ്ജസ്വലനുമായ ചെറുപ്പക്കാരനെ ഭാരതീയ ജനതാപാര്‍ട്ടി വരവേറ്റത്. നന്ദിഗ്രാമില്‍ മമതയെ വെല്ലുവിളിച്ചാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. വോട്ടിങ് മെഷീനുകള്‍ ഒളിപ്പിക്കുന്നതടക്കം ഏതുവിധത്തിലും നന്ദിഗ്രാം ഫലം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ തെരഞ്ഞെടുപ്പ് വിജയിച്ചെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോലും സുവേന്ദുവിനെ അനുവദിക്കാതിരിക്കാന്‍ തൃണമൂല്‍ ഗൂണ്ടകള്‍ ശ്രമിച്ചു. പക്ഷേ പതറാതെ തലഉയര്‍ത്തിപ്പിടിച്ച് നിന്നു അധികാരി കുടുംബത്തിലെ ഇളമുറക്കാരന്. നിയമസഭയില്‍ എതിര്‍ശബ്ദങ്ങള്‍ക്ക് പുല്ലുവില കൊടുക്കുന്ന മമത ബാനര്‍ജി ഇനി സഭയ്ക്കുള്ളിലും വിറയ്ക്കും. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുതല്‍ എംഎല്‍എയും എംപിയും മന്ത്രിയും ആയിട്ടുള്ള സുവേന്ദു രണ്ടര പതിറ്റാണ്ടിന്റെ ഭരണപരിചയവുമായാണ് പ്രതിപക്ഷ നേതാവാകുന്നത്. മമതയുടെ താന്‍ പോരിമയ്ക്ക് മുന്നില്‍ മുട്ടിടിച്ചു നില്ക്കുന്ന സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പോലെയാവില്ല സുവേന്ദു നയിക്കുന്ന പ്രതിപക്ഷമെന്ന് തീര്‍ച്ച.
ഭാരതീയ ജനതാപാര്‍ട്ടിക്കുള്ളിലെ ശരിയായ ജനാധിപത്യത്തിന്റെ ഉദാഹരണങ്ങളാണ് ഈ രണ്ട് നേതാക്കളും. രാഷ്ട്രീയ എതിരാളികളും അവരുടെ ഏറാന്മൂളികളായ ചില മാധ്യമങ്ങളും പടച്ചുണ്ടാക്കുന്ന കള്ളക്കഥകള്‍ എന്തുമാകട്ടെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ബിജെപി നയമാണ് ഹിമന്ദയെയും സുവേന്ദുവിനെയും പോലുള്ള പ്രഗല്ഭന്മാരെ പാര്‍ട്ടിയിലെത്തിച്ചത്. പുതുതായി വന്നവര്‍ക്കും മുമ്പേ ഉള്ളവര്‍ക്കുമെല്ലാം കഴിവുതെളിയിക്കാന്‍ ഒരു പോലെ അവസരം നല്‍കുന്നതാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ രീതി. നേതാക്കള്‍ക്കും പാര്‍ട്ടിക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഇത്തരം കടന്നുവരവുകള്‍. ബിജെപി ദുര്‍ബലമായ പല സംസ്ഥാനങ്ങളിലും കരുത്തരായ ഇത്തരം നേതാക്കളാണ് പാര്‍ട്ടിയെ മുന്‍നിരയിലെത്തിച്ചത്. ഏതെങ്കിലും ഒരു കുടുംബത്തിലോ വ്യക്തിയിലോ കേന്ദ്രീകരിച്ചല്ല ഈ പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നത്. കൂട്ടായ ആലോചനകള്‍ ബിജെപിയുടെ മുഖമുദ്രയാണ്. സംസ്ഥാനഘടകങ്ങളിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ എപ്പോഴും ജാഗരൂകരായിരിക്കുന്ന കേന്ദ്രനേതൃത്വമാണ് ബിജെപിയുടെ കരുത്ത്. പാര്‍ട്ടി അത്ര ശക്തമല്ലാത്ത കേരളത്തിനും ആ ശ്രദ്ധയും പരിഗണനയും കേന്ദ്രനേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്.കേരളത്തിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ഗ്രൂപ്പിനും വ്യക്തിതാല്പര്യങ്ങള്ക്കും അതീതമായി കഴിവിന് അംഗീകാരവും ആഗ്രഹിക്കുന്ന നേതാക്കള്‍ക്ക് കടന്നുവരാന്‍ കഴിയുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വേച്ഛാധിപത്യവും അഴിമതിയും കേരളരാഷ്ട്രീയത്തിന്റെയും മുഖംമാറ്റുന്ന കാലമാണ് വരാനിരിക്കുന്നത്. ബംഗാളിലും വടക്കുകിഴക്കുമെന്നതുപോലെ കേരളത്തിലും കാവിപ്പതാക ഉയര്ന്നുപാറുന്നകാലം വിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: