തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മൂന്നാറില്‍ സിഎസ്ഐ ധ്യാനത്തില്‍ പങ്കെടുത്ത ഒരു വൈദികന് കൂടി മരിച്ചു. സിഎസ്ഐ ആനാക്കോട് വെസ്റ്റ് മൗണ്ട് ചര്‍ച്ചിലെ സഭാ ശുശ്രൂഷകന് ഇവാ:വൈ.ദേവപ്രസാദ്(59) ആണ് മരിച്ചത്. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് മരിക്കുന്ന വൈദികരുടെ എണ്ണം നാലായി. സിഎസ്ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്ട്രേറ്റീവ് അംഗമാണ് മരിച്ച ദേവപ്രസാദ്.
കോവിഡ് ബാധിച്ച ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു വൈദികന് ബുധനാഴ്ച് മരിച്ചിരുന്നു. ചെറിയകൊല്ല അമ്പലക്കാല സഭയിലെ സഭ ശുശ്രൂഷകന് അമ്പൂരി കാന്താരിവിള ബിനോഭവന്‍ ബിനോകുമാര്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊറോണ ബാധിച്ച് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് ബിനോകുമാര്‍ മരണപ്പെട്ടത്.
ഏപ്രില്‍ 13 മുതല്‍ 17 വരെയായാണ് മൂന്നാര്‍ സിഎസ്ഐ പള്ളിയില്‍ വൈദികരുടെ ധ്യാനം സംഘടിപ്പിച്ചത്. ബിഷപ്പ് ധര്‍മരാജ് റസാലം നേതൃത്വം നല്കിയ ധ്യാനത്തില്‍ 480ഓളം വൈദികരാണ് പങ്കെടുത്തത്. ഇതില്‍ പങ്കെടുത്ത രണ്ട് പേര് മരിക്കുകയും എണ്‍പതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തുവരുന്നത്. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്. കോവിഡ് പരിഗണിച്ച് ധ്യാനം മാറ്റിവെക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും സഭയില്‍ നിന്നുള്ള വൃത്തങ്ങള്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് സഭാ വിശ്വാസികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. ചിഫ് സെക്രട്ടറിക്കും വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. മാസ്ക് പോലും ശരിയായ വിധത്തില്‍ വെച്ചിരുന്നില്ല. സാമൂഹിക അകലവും ഒരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് സിഎസ്ഐ ധ്യാനം സംഘടിപ്പിച്ചതെന്നും ദേവികുളം സബ്കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: