തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സേവാഭാരതി ഏറ്റെടുത്തിട്ടുള്ളത് സമാനതകളില്ലാത്ത സേവാ ദൗത്യം. അതിതീവ്രമായ രണ്ടാം വ്യാപനത്തെതുടര്‍ന്ന് നിയന്ത്രണങ്ങളേര്‍പ്പെടുത്തി തുടങ്ങിയതോടെയാണ് സേവാഭാരതി സംസ്ഥാനത്ത് സംഘടിതവും ആസൂത്രിതവുമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്കും സേവനങ്ങളിലേക്കും കടക്കുന്നത്. ഇതിനകം പതിനായിരങ്ങള്‍ക്ക് ഈ മഹാദൗത്യത്തിന്റെ പ്രയോജനം ലഭിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് യാതൊരു പ്രതിഫലവും പറ്റാതെ ഈ സാമൂഹ്യ സേവന ദൗത്യത്തില്‍ പങ്കാളികളായിട്ടുള്ളത്.
ട്രാഫിക് നിയന്ത്രണം, ഭക്ഷണവും മരുന്നും വിതരണം ചെയ്യല്‍, രോഗീ പരിചരണം, കൗണ്‍സിലിങ്, രക്തദാനം, ആംബുലന്‍സ്, വാക്‌സിനേഷന്‍, അണുനശീകരണം തുടങ്ങി എല്ലാ മേഖലകളിലും സേവാഭാരതി പ്രവര്‍ത്തകര്‍ സജീവ സാന്നിധ്യമാണ്. കൊവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹ സംസ്‌കാരത്തിനും സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ സജ്ജരാണ്. പതിനാല് ജില്ലകള്‍ കേന്ദ്രീകരിച്ചും ഇപ്പോള്‍ ഹെല്‍പ് ലൈന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. രോഗവും ചികിത്സയും സംബന്ധിച്ച എല്ലാക്കാര്യങ്ങള്‍ക്കും സഹായത്തിനായും ഇവിടെ ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്ത് എട്ട് കൊവിഡ് പരിചരണ കേന്ദ്രങ്ങളാണ് ഇപ്പോള്‍ സേവാഭാരതിയുടെ നേതൃത്വത്തിലുള്ളത്. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. രോഗീപരിചരണത്തിനാവശ്യമായ സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും ഇവിടെയുണ്ട്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാനത്ത് 38 ഇടത്ത് ക്വാറന്റൈന്‍ കേന്ദ്രങ്ങളും ഇതിനകം ഒരുക്കിയിട്ടുണ്ട്. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഇവയുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 1013 സഹായകേന്ദ്രങ്ങളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സേവാഭാരതിയുടെ 125 ആംബുലന്‍സുകളാണ് ഇപ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ സഹായത്തിനുള്ളത്. 341 കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ രക്തദാനം നിര്‍വ്വഹിച്ചു. കൊവിഡ് ബാധിച്ച് മരിച്ച 136 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെയായി സേവാഭാരതി പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: