മൗലികമായ സംഭാവനകള്‍കൊണ്ട് മലയാള സാഹിത്യത്തെ ധന്യമാക്കിയ എഴുത്തുകാരനെയാണ് മാടമ്പ് കുഞ്ഞുകുട്ടന്റെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. ആധുനികതയുടെ പേരില്‍ പാശ്ചാത്യ സാഹിത്യാഭിരുചികളുടെ തടവുകാരായി മാറിയ എഴുത്തുകാര്‍ക്കിടയില്‍ പരകീയതയോട് മുഖംതിരിച്ച് തലപ്പൊക്കമുള്ള കൊമ്പനെപ്പോലെ മലയാളത്തറവാടിന്റെ തിരുമുറ്റത്ത് കരുത്തനായി നിന്ന നോവലിസ്റ്റും തിരക്കഥാകൃത്തുമായിരുന്നു മാടമ്പ്. പാരമ്പര്യത്തിന്റെ ശരി തെറ്റുകളെ അനുഭവിച്ചറിഞ്ഞതിന്റെ ചൂടും ചൂരും നിറഞ്ഞ ആ എഴുത്ത് തനതായ ഒരു ഭാവപ്രപഞ്ചം സൃഷ്ടിച്ചു. പാരമ്പര്യത്തോട് കലഹിച്ചാണ് മാടമ്പ് തുടങ്ങിയതെങ്കിലും ഒടുവില്‍ എത്തിച്ചേര്‍ന്നത് ഹൈന്ദവമായ മഹാസംസ്കൃതിയുടെ അടിവേരുകളിലാണ്. വ്യക്തിജീവിതത്തിന്റെ അര്‍ത്ഥശൂന്യത ആവിഷ്കരിക്കുന്ന ‘അശ്വത്ഥാമാവ്’ എന്ന നോവലില്‍നിന്ന് അദൈ്വത ദര്‍ശനത്തിന്റെ കൈവല്യാനുഭവങ്ങളെ ആവഹിക്കുന്ന ‘അമൃതസ്യ പുത്രഃ’ എന്ന കൃതിയിലേക്ക് മാടമ്പ് സഞ്ചരിച്ചെത്തിയത് സ്വയം വെട്ടിത്തുറന്ന വഴികളിലൂടെയാണ്. ശ്രീരാമകൃഷ്ണന്റെ ആത്മീയ ജീവിതത്തെ അടയാളപ്പെടുത്തുന്ന നോവലാണിത്. പ്രമേയങ്ങളില്‍ ഒന്നിനൊന്ന് വൈവിധ്യം പുലര്‍ത്തിയപ്പോഴും ചടുലവും ആകര്‍ഷകവുമായ ആവിഷ്കാര രീതിക്ക് മാറ്റം വന്നില്ല.
സാര്‍ത്ഥകമായ സാഹിത്യ സംഭാവനയാണ് മാടമ്പ് സമ്മാനിച്ചിട്ടുള്ളത്. ഭ്രഷ്ട്, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, ഓം ശാന്തി ശാന്തി ശാന്തി, അവിഘ്നമസ്തു, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, ഗുരുഭാവം, എന്തരോ മഹാനുഭാവുലു എന്നിങ്ങനെയുള്ള മാടമ്പിന്റെ നോവലുകള്‍ സൃഷ്ടിക്കുന്ന ഭാവുകത്വം ഭാരതീയവും കേരളീയവുമാണ്. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയും രചനകള്‍ നടത്തിയിട്ടുണ്ട്. വാസുദേവ കിണി എന്ന നോവലിന്റെ പ്രമേയം മതംമാറ്റമാണ്. തന്റെ സാഹിത്യ ജീവിതം സ്വാഭാവികമായി പരിണമിക്കുന്നതാണ് മാടമ്പിന്റെ സിനിമാ ജീവിതം. ഭ്രഷ്ട്, അശ്വത്ഥാമാവ് എന്നീ നോവലുകള്‍ സിനിമയായത് ഇങ്ങനെയാണ്. പിന്നീട് ദേശാടനം ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് തിരക്കഥകളെഴുതി. മാടമ്പിനു മാത്രം കഴിയുന്ന രചനാ രീതി ഈ സിനിമകളുടെ വിജയഘടകമാവുകയും, പ്രേക്ഷകരെ വന്‍തോതില്‍ ആകര്‍ഷിക്കുകയും ചെയ്തു. മാടമ്പിന്റെ സിനിമകള്‍ സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവാണെന്ന് ചില കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും സാമാന്യ പ്രേക്ഷകര്‍ നിഷ്കരുണം അത് തള്ളിക്കളഞ്ഞു. താന്‍ തിരക്കഥ എഴുതാത്ത സിനിമകളിലും തന്മയത്വത്തോടെ അഭിനയിച്ച് അനുഗൃഹീതനായ ഒരു നടന് കൂടിയാണ് താനെന്ന് മാടമ്പ് തെളിയിച്ചു.
ജീവിതത്തില്‍ വി.ടി. ഭട്ടതിരിപ്പാടിനെയും എഴുത്തില്‍ കോവിലനെയും മാതൃകയാക്കിയ മാടമ്പ് കാതലുള്ള ധിക്കാരിയായിരുന്നു. കൃതികളിലും ജീവിതത്തിലും തന്റെ ബോധ്യങ്ങള്‍ വിളിച്ചുപറയാന്‍ യാതൊരു മടിയും കാണിച്ചില്ല. സംസ്കൃതത്തിലും തന്ത്രശാസ്ത്രത്തിലും അപാരമായ അറിവുകള്‍ നേടിയ മാടമ്പ് ജീവിതത്തെ തന്നെയാണ് പാഠപുസ്തകമാക്കിയത്. സത്യസന്ധമായ നിലപാടുകള്‍ എടുക്കുന്നതുകൊണ്ട് സമൂഹത്തില്‍ താന്‍ ഒറ്റപ്പെട്ടുപോകുമെന്ന ഭയം തൊട്ടുതീണ്ടിയിരുന്നില്ല. അംഗീകാരങ്ങള്‍ വഴിമാറിപ്പോകുന്നതില്‍ പരിഭവിച്ചില്ല. ഒരാള്‍ ഹിന്ദുവായിരിക്കുന്നതില്‍ എന്തെങ്കിലും കുറവുള്ളതായി ഒരിക്കലും കരുതാതിരുന്ന മാടമ്പ് ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്നങ്ങളുടെ ശക്തനായ വക്താവായി രംഗപ്രവേശം ചെയ്ത സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അയോധ്യാ പ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമല്ല, ശക്തമായി ന്യായീകരിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഭ്യുദയകാംക്ഷിയായി ജീവിതാവസാനം വരെ തുടര്‍ന്നു. ഭാരതീയ സംസ്കൃതിയോടുള്ള തീവ്രമായ ആഭിമുഖ്യമാണ് മാടമ്പിനെ തപസ്യ കലാസാഹിത്യവേദിയിലെത്തിച്ചതും, സംഘടനയുടെ സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കാന്‍ പ്രേരിപ്പിച്ചതും. ശാരീരികമായ അവശതകള്‍ വകവയ്ക്കാതെ ‘തപസ്യ’യുടെ വേദികളില്‍ വരുകയും, ക്രാന്തദര്‍ശിയെപ്പോലെ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു. ‘ജന്മഭൂമി’യുടെ സഹയാത്രികന് തന്നെയായിരുന്ന മാടമ്പിന്റെ സൃഷ്ടികള്‍ ഇല്ലാതെ ഇറങ്ങിയിട്ടുള്ള ജന്മഭൂമി ഓണപ്പതിപ്പുകള്‍ വിരളമായിരിക്കും. ഒരേസമയം സംസ്കാരത്തെ സ്നേഹിക്കുകയും സാഹിത്യത്തെ സമ്പന്നമാക്കുകയും സാമൂഹ്യ പ്രതിബദ്ധത നിലനിര്‍ത്തുകയും ചെയ്ത മലയാളത്തിന്റെ മഹാനായ ആ എഴുത്തുകാരന് ഞങ്ങളുടെ ബാഷ്പാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: