തിരുവനന്തപുരം : ഇസ്രയേലില്‍ മലയാളി യുവതി മരിച്ചത് പാലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തിലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. പാലസ്തീന്‍ ഭീകരാക്രമണത്തില്‍ സൗമ്യയുടെ മരണം മലയാളി യുവതി ആയിട്ട് പോലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. പാലസ്തീന്‍ അനുകൂല നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൊണ്ടത്. അതിനിടയിലാണ് പാലസ്തീന്‍ തീവ്രവാദികളെന്ന് പരാമര്‍ശിച്ച് ഉമ്മന്‍ചാണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണെന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ വേര്‍പാടിന്റെ നടുക്കത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവന്‍ സങ്കടമാണ്. സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സഹമന്ത്രി വി. മുരളീധരന് കത്ത് അയച്ചതായും ഉമ്മന്‍ ചാണ്ടി കുറിപ്പില്‍ പറയുന്നു.
പൊതുപ്രവര്‍ത്തകരും ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളുമായ സതീശന്റേയും സാവിത്രിയുടെയും മകളാണ് ദുരന്തത്തിനിരയായ സൗമ്യ. ഈ കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണുള്ളത്. പ്രതീക്ഷിതമായി ഉണ്ടായ വേര്‍പാടിന്റെ നടുക്കത്തില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ വേദന നാടിന്റെ മുഴുവന്‍ സങ്കടമാണ്. വിദേശരാജ്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി കരുതലിന്റെ കാവല്‍ മാലാഖമാരായി സേവനം ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ എത്രമാത്രം അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്നുകൂടിയാണ് ഈ ദാരുണ ദുരന്തം വിരല്‍ചൂണ്ടുന്നതെന്നും ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റില്‍ പറയുന്നുണ്ട്.
പാലസ്തീന്‍ തീവ്രവാദികളെന്ന് തുറഞ്ഞ പറഞ്ഞ ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. സൗമ്യ കൊല്ലപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ. വീണ എസ്. നായര്‍ പാലസ്തീന്‍ തീവ്രവാദികള്‍ എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് നല്‍കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു.
പാലസതീന്‍ തീവ്രവാദികളെന്ന് പറയാന്‍ ധൈര്യം കാണിച്ച അങ്ങയോട് ബഹുമാനം തോന്നുന്നു. മാപ്പു പറഞ്ഞു പോസ്റ്റ് പിന്‍വലിക്കാന്‍ ഇടയാകാതിരിക്കട്ടെ. വീണ്ടും അടുത്ത തെരഞ്ഞെടുപ്പില്‍ നില്‍ക്കേണ്ടി വരും എന്നതിനാല്‍ കുറച്ചുപേര്‍ ഇതേ വിഷയത്തെക്കുറിച്ച് ഇട്ട പോസ്റ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്. താങ്കള്‍ എത്ര നേരം പിടിച്ചു നില്‍ക്കും എന്ന് നോക്കാം. എന്നിങ്ങനെ ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റിന് പ്രതികരണങ്ങളും വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: