കളമശേരി: കൊറോണമഹാമാരിക്കാലത്തും മനുഷ്യകുലത്തിന് പ്രതീക്ഷയുടെ നെയ്‌ത്തിരിവെട്ടമാകുകയാണ് വെള്ളക്കുപ്പായമണിഞ്ഞ മാലാഖമാര്‍. മരണത്തോടു മല്ലടിക്കുന്നവരെ അടക്കം ശുശ്രൂഷിച്ചും വാക്‌സിനേഷനില്‍ പങ്കാളികളായും ഓരോ രോഗിക്കും ആശ്വാസത്തിന്റെ പ്രാണവായു നല്‍കിയും നന്മയുടെ പ്രതീകമാകുന്ന നഴ്‌സുമാരുടെ ദിനമാണിന്ന്. ലോക നഴ്‌സസ് ദിനമാണ് ഇന്ന്.
ലോകം ഒന്നടങ്കം അവരെ പ്രണമിക്കേണ്ട ദിവസം. പ്രതിസന്ധിക്കിടയിലും പോരാടുമ്പോള്‍ അവര്‍ പറയുന്നു, നാം അതിജീവിക്കും ഈ മഹാമാരിയേയും. കളമശേരി മെഡിക്കല്‍ കോളേജിലെ നഴ്‌സ് എം. എസ് ശുഭയ്‌ക്കും പറയാനുള്ളത് അതു തന്നെ, എല്ലാം ശുഭമാകും.
18 വര്‍ഷമായി കളമശേരി മെഡി. കോളേജിലെ നഴ്സാണ് ശുഭ. പ്രതിസന്ധികളൊക്കെ നേരില്‍ക്കണ്ടയാള്‍. 21 വര്‍ഷമായി നഴ്സിന്റെ കുപ്പായം ശുഭ അണിഞ്ഞിട്ട്. കൊവിഡിനെതിരായ പോരാട്ടത്തിലാണ് ഇപ്പോള്‍. കൊവിഡ് ജനങ്ങളില്‍ ഭയം ഉണ്ടാക്കിയ സമയത്ത് മറ്റുള്ളവര്‍ക്ക് തന്നോട് സംസാരിക്കാനും ഇടപഴകാനും ഭയമായിരുന്നു, എന്നാല്‍ ഇപ്പോള്‍ അതില്ല, ഏറെ ബഹുമാനത്തോടെയാണ് മറ്റുള്ളവര്‍ ഇടപഴകുന്നത്.
ജോലി പിപിഇ കിറ്റ് ധരിച്ച് കൊടും ചൂടത്ത്. രോഗികള്‍ മരിക്കുമ്പോള്‍ വിഷമമുണ്ട്. ഡ്യൂട്ടി അവസാനിപ്പിച്ച് പോകുമ്പോള്‍ കട്ടിലില്‍ കാണുന്ന ചിലരെ അടുത്ത ദിവസം എത്തുമ്പോള്‍ കാണാനാകില്ല ,ശുഭ നൊമ്പരത്തോടെ ഓര്‍ത്തു. ദൈവമാണ് എപ്പോഴും തുണ. ചില രോഗികള്‍ ആശുപത്രി വിട്ടു പോകുമ്പോള്‍ സ്നേഹത്തോടെ യാത്ര പറയുന്നു. ചിലര്‍ പറയാതെ മടങ്ങുന്നു. ചിലര്‍ വഴിയില്‍ വച്ചു കണ്ടാല്‍ ഓടി വന്ന് സംസാരിക്കും. അങ്ങനെ തീയില്‍ മുളച്ച അനുഭവപാഠങ്ങള്‍.
കഴിഞ്ഞ കൊവിഡ് കാലത്ത് കളമശേരി മെഡിക്കല്‍ കോളേജ് വാര്‍ഡിലെ നിര്‍ധന രോഗികള്‍ക്ക് വസ്ത്രവും വഴിയോരത്തെ തെരുവുനായ്കള്‍ക്ക് ഭക്ഷണവും നല്‍കാന്‍ ശുഭ നേതൃത്വം നല്‍കിയിരുന്നു. നിപ വൈറസ് വ്യാപിച്ചപ്പോഴും പരിചരണത്തിനും ശുഭ ഉണ്ടായിരുന്നു. അന്ന് ഭയമുണ്ടായിരുന്നു. പ്രത്യേകിച്ചും മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍.
നിപയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മരണപ്പെട്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം പോലെയുള്ള പദ്ധതികള്‍ തുടരണമെന്നും ശുഭ പറയുന്നു. എറണാകുളം ഓച്ചന്തുരുത്ത് സ്വദേശിയാണ് ശുഭ. ഭര്‍ത്താവ് എം.എ. ആന്റണി വരാപ്പുഴ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടാണ്. മക്കള്‍: സിയോണ്‍ ആന്റണി, അനഘ (സ്‌കൂള്‍ വിദ്യാര്‍ഥികള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: