ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഈ മാസം 19-ലേക്ക് മാറ്റി. ഏഴുമാസത്തെ ജയില്‍വാസം ബിനീഷിന് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തേ വാദം കേട്ടിരുന്നുവെങ്കിലും ഹൈക്കോടതി അവധിക്ക് പിരിഞ്ഞതിനാല്‍ പുതിയ ജഡ്ജിയുടെ മുന്നിലാണ് ഇന്ന് അപേക്ഷ എത്തിയത്.
തുടര്‍ന്നാണ് വിശദമായ വാദം കേള്‍ക്കാനായി ഹര്‍ജി 19-ലേക്ക് മാറ്റിയത്. പച്ചക്കറി വ്യാപാരം അടക്കം നടത്തിയിരുന്നതിനാലാണ് ബിനീഷ് കോടിയേരിയുടെ അക്കൗണ്ടില്‍ കൂടുതല്‍ പണമെത്തിയതെന്നും പിതാവും സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന് ഗുരുതര രോഗമുള്ളതിനാല്‍ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമുള്ള വാദങ്ങള്‍ ബിനീഷ് കോടിയേരിയുടെ അഭിഭാഷകന് കോടതിയില്‍ ആവര്‍ത്തിച്ചു.
എന്നാല്‍ കേസില്‍ വിശദമായ വാദം കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 200 ദിവസമായി ജയിലിലാണെന്നും അഞ്ചു മിനിറ്റിനകം വാദം പൂര്‍ത്തിയാക്കാമെന്നും അറിയിച്ചുവെങ്കിലും കൂടുതല്‍ കേസുകള്‍ പരിഗണിക്കാനുള്ളതുകൊണ്ടാണ് അവധിക്കാല ബഞ്ച് രൂപീകരിച്ചതെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: