പരവൂര്‍: പൂതക്കുളത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന ആവശ്യവുമായി പൊതുജനം. കഴിഞ്ഞ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് എട്ടു പേരാണ്. മുന്നൂറോളം പേര് ചികിത്സയിലുമുണ്ട്.
പഞ്ചായത്ത് ഭരണസമിതി ക്വാറന്റൈന് സംവിധാനത്തില്‍ പൂര്‍ണ പരാജയമാണെന്ന ആക്ഷേപം ശക്തമാണ്. രോഗവ്യാപനത്തിന്റെ രണ്ടാംവരവില്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാത്തതാണ് പൂതക്കുളത്ത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയായതെന്നാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നത്. പൂതക്കുളം പഞ്ചായത്തിലെ ഊന്നിന്മൂട് വാര്‍ഡില്‍ കഴിഞ്ഞ ദിവസം മരിച്ചത് രണ്ടു പേരാണ്. മകള്‍ മരിച്ചതിന്റെ അടുത്ത ദിവസം ചികിത്സ കിട്ടാതെയാണ് അമ്മയും മരണത്തിന് കീഴടങ്ങിയത്.
ലക്ഷംവീട് കോളനികളില്‍ രോഗവ്യാപനം രൂക്ഷമായിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായിട്ടില്ല. കോളനികളില്‍ രോഗം കണ്ടെത്തിയ സമയത്ത് രോഗികളെ അവരവരുടെ വീടുകളില്‍ ക്വറന്റയിന് ചെയ്തത് രോഗവ്യാപനത്തിന് കാരണമായെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. രോഗവ്യാപനം രൂക്ഷമായതോടെ ഭൂരിഭാഗം ആളുകള്‍ക്കും തൊഴില്‍ നഷ്ടമായ സാഹചര്യമാണുള്ളത്. കോളനികളില്‍ രോഗവ്യാപനം വര്‍ധിച്ചതിനാല്‍ ഭക്ഷണമെത്തിക്കാനോ മറ്റ് അവശ്യസേവനങ്ങള്‍ നല്‍കാനോ ആളുകള്‍ എത്താത്ത സ്ഥിതിയാണ്. പഞ്ചായത്ത് അംഗങ്ങളുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കാതെ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്ന ആരോപണവുമുണ്ട്. എന്നാല്‍ രോഗവ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: