തൃശൂര്‍: എഴുത്തുകാരനും നടനും തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ (80 വയസ്) (ശങ്കരന്‍ നമ്പൂതിരി) അന്തരിച്ചു. കൊവിഡ് ബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ചികിത്സ തേടിയിരുന്നു.
തൃശൂര്‍ ജില്ലയിലെ വേലൂര്‍ കിരാലൂരില്‍ 1941 ജൂണ്‍ 23 നാണ് ജനനം. നിരവധി നോവലുകളും കഥകളും ഇരുപതോളം സിനിമകള്‍ക്ക് തിരക്കഥകളും എഴുതിയിട്ടുണ്ട്. 2000 ല്‍ കരുണം എന്ന ചിത്രത്തിന് മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്‌കാരം നേടി.
ഭ്രഷ്ട്, അശ്വത്ഥാമാ, മഹാപ്രസ്ഥാനം, ഓം ശാന്തി ശാന്തി ശാന്തി, അഭിവാദയേ, അവിഘ്‌നമസ്തു, ആര്യാവര്‍ത്തം, അമൃതസ്യപുത്ര, ഗുരുഭാവം, പൂര്‍ണമിദം, എന്തരോ മഹാനുഭാവലു, വാസുദേവകിണി, എന്റെ തോന്ന്യാസങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. അമൃതസ്യ പുത്രയും ഗുരുഭാവവും ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതകഥയാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. 2003ല്‍ പരിണാമത്തിന്റെ തിരക്കഥക്ക് ഇസ്രായേലിലെ അഷ്‌ദോദ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ പുരസ്‌കാരം ലഭിച്ചു.
ദേശാടനമാണ് മാടമ്പിന്റെ ഏറ്റവും ശ്രദ്ധേയമായ തിരക്കഥ. ആറാം തമ്പുരാന്‍, അഗ്നിസാക്ഷി, കാറ്റുവന്നു വിളിച്ചപ്പോള്‍, പരിണാമം, രസികന്‍, ആനച്ചന്തം, വീരാളിപ്പട്ട് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം നോവലായ അശ്വത്ഥാമാ സിനിമയായപ്പോള്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതും മാടമ്പായിരുന്നു. സംസ്‌കൃതത്തിലും ആന ചികിത്സയിലും പാണ്ഡിത്യമുണ്ടായിരുന്നു. ചെറുപ്പത്തില്‍ കൊടുങ്ങല്ലൂര്‍ വിദ്യാപീഠത്തില്‍ സംസ്‌കൃതാധ്യാപകനായും ജോലി നോക്കിയിട്ടുണ്ട്. പരേതയായ സാവിത്രി അന്തര്‍ജ്ജനമാണ് ഭാര്യ. മക്കള്‍ ജസീന, ഹസീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: