തൃശൂര്‍ : കൊവിഡ് പോസിറ്റീവായി ചികിത്സയ്ക്കെത്തുന്നവരെ സ്വകാര്യ ആശുപത്രികള്‍ പിഴിയുന്നതായി ആക്ഷേപം. അവസരം മുതലാക്കി നിര്‍ധന രോഗികളില്‍ നിന്നടക്കം വലിയ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നത്. ജില്ലയിലെ ചില ആശുപത്രികള്‍ കൊള്ള നടത്തുന്നതായാണ് രോഗികളുടെയും ബന്ധുക്കളുടെയും പരാതി.
കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യണമെങ്കില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ അഡ്വാന്‍സ് പെയ്മെന്റ് നടത്തണം. 50,000 രൂപ മുന്‍കൂര്‍ ആയി കെട്ടിവെച്ചാലേ അടിയന്തര ചികിത്സക്ക് രോഗിയെ വാര്‍ഡില്‍ പ്രവേശിപ്പിക്കൂ.
രോഗം ബാധിച്ച് പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നവരോ ശ്വാസം മുട്ടുന്നവരോ ആണ് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്നത്. എന്നാല്‍ ഇവരില്‍ നിന്ന് ഫീസിന്റെ പേരില്‍ വാങ്ങുന്നത് വന്‍ തുകയാണ്. പിപിഇ കിറ്റിന്റെയടക്കം മറവില്‍ വന്‍ കൊള്ളയാണ് നടത്തുന്നത്.250 രൂപമുതല്‍ 300 രൂപവരെയാണ് പിപിഇ കിറ്റിന് ഇപ്പോഴുള്ള പരമാവധി വില. എന്നാല്‍ പിപിഇ കിറ്റിന് പല നിരക്കാണ് ആശുപത്രികളില്‍ ഈടാക്കുന്നത്.
ചില ആശുപത്രികളില്‍ ഒരു ദിവസത്തേക്ക് 12,000 രൂപ വരെ വാങ്ങിയിട്ടുണ്ട്. മറ്റിടങ്ങളില്‍ മൂന്ന് ദിവസത്തേക്ക് 45,000 രൂപ വാങ്ങിയെന്നാണ് പരാതി. ഒരു ആശുപത്രിയില്‍ 2 ദിവസത്തേക്ക് പിപിഇ കിറ്റിനു 16,000 രൂപയും ഓക്സിജന്‍ 40,000 രൂപയുമാണ് വാങ്ങിയത്.
മരുന്ന്, ലാബ്, എക്സ്റേ, പരിശോധന എന്നിവക്ക് വേറെ ഫീസ് നല്‍കണം. ഇതടക്കമുള്ളവയ്ക്ക് കൃത്യമായ ഫീസ് കാണിക്കേണ്ടിവരുമ്പോഴും, പിപിഇ കിറ്റ് എത്രതവണ മാറ്റുന്നു എന്നത് ഒരു ആശുപത്രിയും രോഗികളെ അറിയിക്കുന്നില്ല. ഇതിനാല്‍ ഒരു രോഗിയില്‍ നിന്ന് ഒരു ദിവസത്തെ പിപിഇ കിറ്റ് ഫീസായി 10,000ലധികം രൂപയാണ് ഇപ്പോള്‍ വാങ്ങുന്നത്.
വ്യാപകമായി പരാതിയുള്ളപ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ല. ഫീസ് നിരക്ക് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ മറച്ചു വെക്കുകയാണെന്ന് ആക്ഷേപമുണ്ട്. രോഗികളുടെ എണ്ണം കൂടിയതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഇതിനാല്‍ ചികിത്സ ലഭിക്കാതെ സാധാരണക്കാരാണ് ദുരിതത്തിലായത്.
കഴുത്തറപ്പന്‍ ഫീസ് വാങ്ങുന്നതിനാല്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണ്.കൊള്ള ഫീസ് ഈടാക്കുന്നതിനെ ന്യായീകരിക്കില്ലെന്ന് സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടും പല ആശുപത്രികളും അവസരം പരമാവധി മുതലെടുക്കുകയാണ്.
അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.കോവിഡ് ചികിത്സക്ക് കൂടുതല്‍ ഫീസ് ഈടാക്കുന്നില്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ പറയുന്നത്. പിപിഇ കിറ്റിന് അമിത ഫീസ് വാങ്ങുന്നില്ല. ഐസിയുവിലും വെന്റിലേറ്ററിലും കിടക്കുന്ന രോഗികള്‍ക്ക് ചുമത്തുന്നത് സ്വഭാവികമായ നിരക്ക് മാത്രമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ചില ആശുപത്രികള്‍ അമിത ഫീസ് വാങ്ങിയത് പുറത്തറിഞ്ഞതോടെ പരാതി ഉണ്ടാകുമെന്ന് അറിഞ്ഞ് പണം തിരിച്ചുകൊടുത്ത് തടിയൂരിയതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: