തിരുവനന്തപുരം: മുന്‍ മന്ത്രിയും ജെ.എസ്.എസ് സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമായ കെ.ആര്‍. ഗൗരിയമ്മ(102) അന്തരിച്ചു. രക്തത്തിലെ അണുബാധയെ തുടര്‍ന്ന് കരമന പി.ആര്‍.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.
കേരളത്തിന്റെ കമ്യണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തില്‍ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പടിയിറക്കത്തിന്റെയുമൊക്കെ സമാനതകളില്ലാത്ത ഏട് എഴുതിച്ചേര്‍ത്താണ് സംസ്ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായ ഗൗരിയമ്മയുടെ മടക്കം. ഇന്ത്യയില്‍ തന്നെ കൂടുതല്‍ കാലം സംസ്ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോര്‍ഡ് ഗൗരിയമ്മക്കാണ്. കേരള നിയമസഭയില്‍ രണ്ടുതവണ ചേര്‍ത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂര്‍ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.
1919 ജൂൈല 14ന് ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില്‍ കളത്തിപ്പറമ്പില്‍ രാമെന്റയും പാര്‍വതിയമ്മയുടെയും മകളായാണ് ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്, സെന്‍റ് തെരേസാസ്, തിരുവനന്തപുരം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തൊഴിലാളി-കര്‍ഷക പ്രക്ഷോഭങ്ങളില്‍ അണിനിരന്നതിന്റെ പേരില്‍ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: