Categories: Article

മാധ്യമ ‘മമത’

'നേരോടെ നിര്‍ഭയം നിരന്തരം' ഐ എസ് പരിശീലനമാണോ അവിടെ ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കുന്നത്? നേരോടെ നിര്‍ഭയം നിരന്തരം അവര്‍ നടത്തുന്നത് കൊലപാതക ജേര്‍ണലിസമാണോ? അതോ അത്തരം ശക്തികളുടെ കൈയയച്ചുള്ള സാമ്പത്തിക സഹായത്തിന് 'ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണ'യോ?

ചിലര്‍ക്ക് അവരുടെ പേര് ആത്യന്തികമായി യോജിക്കില്ല. രക്ഷിതാക്കളുടെ പൊന്നുണ്ണികള്‍ക്ക് അവരാരായിത്തീരാനാണോ അവരുടെ ആഗ്രഹം അതിനനുസരിച്ചുള്ള പേരാണ് നല്‍കുക. പക്ഷേ, കാലം ചെല്ലുമ്പോള്‍ ആ പേരും വ്യക്തിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉണ്ടാവൂ.

ഉദാഹരണങ്ങള്‍ പ്രാദേശിക- സംസ്ഥാന-ദേശീയ തലത്തില്‍ അനവധി. ഏറ്റവും ഒടുവില്‍ വംഗദേശത്തെ നേതാവിനെ നോക്കിയാല്‍ മതി. പക, ധാര്‍ഷ്ട്യം, കുറ്റവാസന, അഹങ്കാരം … തുടങ്ങി സകല തിന്മകളോടുമാണ് അവര്‍ക്ക് പ്രിയം. പക്ഷേ, പേര് മമതയെന്നത്രേ! വീട്ടുകാരോടും നാട്ടുകാരോടും സ്‌നേഹമസൃണമായ സ്വഭാവം ഉണ്ടാവണമെന്ന ആഗ്രഹം കൊണ്ടാവാം ആ പേരിട്ടതെങ്കിലും നേര്‍ വിപരീതമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഒരു പക്ഷേ, അവരുദ്ദേശിച്ച കാര്യം മറ്റുചില സന്ദര്‍ഭങ്ങളിലേക്ക് വഴി തെറ്റിപ്പോയതായിരിക്കാം. ജനിതക സ്വഭാവത്തിന്റെ പ്രശ്‌നവുമാവാം. ക്രിമിനല്‍ മേലാപ്പ് രാഷ്‌ട്രീയത്തിന് മുകളിലിടാനുള്ള മമതയാണ് മമതാ ബാനര്‍ജി എന്ന നേതാവിനുളളത്. അതിന്റെ ദൂഷ്യവശങ്ങള്‍ അവിടത്തുകാര്‍ പ്രത്യേകിച്ചും മറ്റുള്ളവര്‍ പൊതുവിലും അനുഭവിക്കുകയാണ്.

വംഗദേശത്തെ മമതാ സ്വഭാവം പല മേഖലകളിലും തിറയാടുന്നുണ്ട്. അതില്‍ ഏറ്റവും അപകടം നിറഞ്ഞതത്രേ മാധ്യമ രംഗത്തേത്.അതിലൊന്നാണ് കഴിഞ്ഞ ദിവസം ‘നേരോടെ നിര്‍ഭയം നിരന്തരം’ എന്ന് നെറ്റിയില്‍ വിളംബരപ്പെടുത്തുന്ന ദൃശ്യനില്‍ നിന്ന് ഉണ്ടായത്. വംഗദേശത്തെ ക്രൗര്യങ്ങള്‍ക്കു മീതെ കരിമ്പടം മൂടിയ ‘നിര്‍ഭയ’ നീക്കങ്ങള്‍ കണ്ട ഒരു പ്രേക്ഷക അക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഉണ്ടായ പ്രതികരണം ഞെട്ടിക്കുന്നതത്രേ. ‘കോവിഡും മറ്റും ഇങ്ങനെ താണ്ഡവമാടുമ്പോള്‍ ബംഗാളില്‍ കുറച്ച് സംഘികള്‍ക്ക് അടി കിട്ടിയത് ഇത്ര വലിയ കാര്യമാണോ? അടി കിട്ടിയത് പാകിസ്ഥാന്‍കാര്‍ക്കല്ലേ? അതൊന്നും ഞങ്ങള്‍ കൊടുക്കില്ല. നിങ്ങള്‍ സൗകര്യമുണ്ടെങ്കില്‍ കണ്ടാല്‍ മതി’ എന്നത്രേ ‘ ജീര്‍ണലിസ്റ്റാ’ യ മഹിളാമണി ആക്രോശിച്ചത്. വംഗദേശത്തെ നേതാവിന്റെ പ്രേതം ഉറഞ്ഞുതുള്ളുന്നത് അനുഭവിച്ച പ്രേക്ഷകയും അവരിലൂടെ വിവരമറിഞ്ഞ സാക്ഷര കേരളവും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയല്ലേ?

‘നേരോടെ നിര്‍ഭയം നിരന്തരം ‘ഐ എസ് പരിശീലനമാണോ അതിലെ ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കുന്നത്? നേരോടെ നിര്‍ഭയം നിരന്തരം അവര്‍ നടത്തുന്നത് കൊലപാതക ജേര്‍ണലിസമാണോ? അതോ അത്തരം ശക്തികളുടെ കൈയയച്ചുള്ള സാമ്പത്തിക സഹായത്തിന് ‘ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണ’യോ?

ഒരു കൊമ്പും ക്യാമറയുമുണ്ടെങ്കില്‍ ‘നാലാം തൂണി’ന്റെ സംരക്ഷകരാണ്’ തങ്ങളെന്ന ധാര്‍ഷ്ട്യമാണ് ഇവരെ മ്ലേച്ഛതയിലേക്കു നയിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മമതാ സ്വഭാവം മാധ്യമ രംഗത്തും മപ്പടിക്കുന്നു എന്നു സാരം. സാക്ഷര കേരളത്തെ രാക്ഷസ കേരളമാക്കുന്നത് ഇത്തരം ‘പാഷാണത്തിലെ കൃമി’കളാണ്. ഇതിനുള്ള വാക്‌സീന്‍ സ്വയം രൂപപ്പെട്ടുവരണം.  

അതിന് സ്ഥാപനങ്ങള്‍ തന്നെ ശ്രദ്ധിക്കണം. നാലാംതൂണിന് പരമാധികാരമൊന്നും ഭരണഘടന കല്‍പിച്ചു നല്‍കിയിട്ടില്ലെന്ന് പരസ്യത്തിന്റെ ഇടവേളയിലെങ്കിലും ചാനലിലെ തമ്പുരാക്കന്മാര്‍ ഒന്നു പറഞ്ഞു കൊടുക്കണം. ലോകം തങ്ങള്‍ മാത്രം കാണുന്നതും അനുഭവിക്കുന്നതും അല്ലെന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്.

കെ. മോഹന്‍ദാസ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക