ഭാരതീയ നാടക സംസ്‌കൃതിയുടെ പ്രാചീന രഥ്യയില്‍ പ്രൗഢോജ്വലമായ പ്രതിഭാസാന്നിധ്യമാണ് മഹാകവി ഭാസന്‍. ആര്‍ഷ പ്രേരിതമായ ജീവനമൂല്യങ്ങളുടേയും ജീവിതപ്രേരണയുടെയും അന്തര്‍നാദമാണ് ഭാസന്റെ ഐതിഹാസിക കൃതികള്‍. കവിയുടെ ദേശകാലങ്ങളെക്കുറിച്ച് വിഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. ആറാം നൂറ്റാണ്ടിനു മുമ്പാണെന്നും ബി.സി. നാലാം ശതകം കഴിഞ്ഞതാണെന്നും വാദമുഖം ക്രമീകരിച്ചിട്ടുണ്ട്. ദേശത്തെ പറ്റിയുള്ള നിര്‍ണയം തെന്നിന്ത്യ വരെ നീളുന്നു.
പൗരാണികതയുടെ ഉണര്‍ത്തു പാട്ടായ ഭാസനാടകങ്ങള്‍ പ്രധാനമായും കേരളത്തില്‍ നിന്നാണ് കണ്ടെടുത്തിട്ടുള്ളത്. പ്രാചീന നാടക സാഹിത്യത്തിന്റെ സാമ്പ്രദായിക ലക്ഷണങ്ങളാണ് അവയുടെ രൂപശില്‍പ്പം. പ്രാമാണ്യത്തിലും മൂല്യസങ്കല്‍പ്പത്തിലും അദ്വിതീയമായ കയ്യെഴുത്ത് പ്രതികളുടെ ശേഖരം തിരുവിതാംകൂര്‍ രാജാവിന്റെ കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. 1912 ല്‍ 13 നാടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മഹാഗ്രന്ഥം അവയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇവ കേരളത്തില്‍ കൂടിയാട്ടത്തിന് ചാക്യാന്മാര്‍ പിന്തുടരുന്ന നാടകങ്ങളാണ്. നാടകങ്ങളില്‍ പൊതുവേ സ്വീകരിക്കുന്ന ശൈലിയും അന്തരീക്ഷവും ഭാഷയും ദര്‍ശനവും മാത്രമല്ല ‘സ്ഥാപന’ മുതല്‍ ‘ഭരതവാക്യം’ വരെയുള്ള ലക്ഷണ സമാനതകളും ഇവ ഒരേ കവിയടേതാണെന്ന് നിസ്സംശയം തെളിയിക്കുന്നു. ഭാസകൃതികള്‍ എന്ന് ഗ്രഹിച്ച് ഈ ഗ്രന്ഥസമുച്ചയത്തിന് ‘ഭാസ നാടക ചക്രം’ എന്ന് പേരിട്ട്, ചര്‍ച്ചകള്‍ക്കും വ്യവഹാരങ്ങള്‍ക്കും അഗ്നി പകര്‍ന്നു. സംസ്‌കൃതനാടകം രൂപകം എന്ന സാങ്കേതിക നാമത്തിലാണ് അറിയപ്പെട്ടത.് നാടകം, പ്രകരണം, ഭാണം, പ്രഹസനം, ഡിമം, വ്യായോഗം, സമവകാരം, വീഥി അങ്കം, ഈഹാമൃഗം എന്ന് പത്തു വിധമായി ഇത് തരം തിരിയുന്നു. ഭാസനാടകങ്ങള്‍ ഇവയില്‍ ചിലതിന്റെയെല്ലാം രൂപ മാതൃകയാണ് പിന്തുടരുന്നത്.
രാമായണം, മഹാഭാരതം, പുരാണങ്ങള്‍, ബൃഹദ്കഥ, ചരിത്രം, സാമൂഹ്യ കഥകള്‍ തുടങ്ങിയവ ആധാരമാക്കിയാണ് ഭാസ കൃതികളുടെ രചന. പ്രതിജ്ഞായൗഗന്ധരായണവും ‘സ്വപ്‌നവാസവദത്ത’വും ബൃഹദ്കഥയിലെ ഉദയന രാജാവിന്റെ ജീവചരിത്രമാണ്. ‘പ്രതിമാ നാടക’വും ‘വിച്ഛിന്നാഭിഷേക’വും രാമായണകഥ ഉള്‍ക്കൊള്ളുന്നു. മഹാഭാരതത്തെ ഉപജീവിച്ച് എഴുതിയ രചനകളാണ് മധ്യമവ്യായോഗം, ദൂതഘടോത്ക്കചം, ദൂതവാക്യം, പഞ്ചരാത്രം, കര്‍ണഭാരം ഊരുഭംഗം എന്നിവ. ‘ബാലചരിത’ത്തിന് ഭാഗവതം, ഹരിവംശം എന്നീ പുരാണങ്ങളാണ് അടിസ്ഥാനം. ദരിദ്രചാരുദത്തവും അവിമാരകവും ചരിത്രാംശമുള്ള സാമൂഹ്യകഥകളില്‍നിന്ന് പിറവി കൊള്ളുന്നു.
ഭാസന്റെ ഭാസുരപര്യായമായി പ്രശോഭിക്കുന്ന ‘പ്രതിജ്ഞായൗഗന്ധരായണ’വും ‘സ്വപ്‌നവാസവദത്ത’വും ചാക്യാന്മാര്‍ കൂടിയാട്ടത്തിന് പ്രയോജനപ്പെടുത്തുന്ന നാടകങ്ങളാണ്. അവന്തി രാജകുമാരിയായ വാസവദത്തയുടെയും വത്സ രാജാവായ ഉദയനന്റെയും കഥയാണ് പ്രതിജ്ഞായൗഗന്ധരായണം. ഉദയനന്റെ മന്ത്രിയായ യൗഗന്ധരായണനും നാടകത്തില്‍ തിളങ്ങുന്നു. ഇതിലെ കഥാബിന്ദുവിന്റെ തുടര്‍ച്ചയാണ് സ്വപ്‌നാത്മകമായ ദൃശ്യഭംഗിയില്‍ പരിസമാപിക്കുന്ന ‘സ്വപ്‌നവാസവദത്തം’. കൂടിയാട്ടത്തിന്റെ സങ്കേതങ്ങളും കലാംശവും മുന്‍നിര്‍ത്തി രസനീയമായി ഈ കഥകള്‍ ചാതുര്യത്തോടെ ചാക്യാന്മാര്‍ അഭിനയിച്ച് ഫലിപ്പിച്ച് ഈ രണ്ടു കൃതികള്‍ക്കും അസാധാരണമായ പരിവേഷവും പരിപോഷണവും കാലാന്തരത്തില്‍ ലഭിക്കുകയായിരുന്നു. ഭാസനാടകചക്രം അഗ്നിപരീക്ഷണത്തിന് വിധേയമാക്കിയപ്പോള്‍ സ്വപ്‌നവാസവദത്തത്തെ മാത്രം തീ തീണ്ടിയില്ല എന്ന സങ്കല്‍പ്പകഥയില്‍ ഭാസന്റെ പ്രകൃഷ്ട രചനയുടെ പ്രഭാവം ജ്വലിക്കുന്നു. ദാരിദ്ര്യത്തിന്റെ ദൈന്യതയും രാജഭരണത്തിന്റെ ക്ഷുദ്രപ്രവണതകളും പ്രകാശിപ്പിക്കുകയാണ് ‘ദരിദ്രചാരുദത്തം’.
വിഷ്ണുസേനന്‍ എന്ന അവിമാരകന്റെ കഥപറയുന്ന അവിമാരകം ഫലിതമയമായ അന്തരീക്ഷത്തില്‍ രസനീയ മുഹൂര്‍ത്തങ്ങളൊരുക്കുന്നു. പൗരാണിക കഥകളെ ലാവണ്യാത്മകമായി പരിവര്‍ത്തനം വരുത്തിയാണ് ഭാസന്‍ സ്വീകരിക്കുക. വൈകാരികതയും സാരള്യവും സംഘര്‍ഷവും തുളുമ്പുന്ന സംഭാഷണം കൊണ്ട് നാടകത്തെ പൊലിപ്പിക്കുന്നു. രംഗ ഭംഗിയും നാടകീയ മുഹൂര്‍ത്തങ്ങളും അപൂര്‍വ സന്ദര്‍ഭങ്ങളും രസനീയ സങ്കല്പനങ്ങളും ചേര്‍ന്ന് മായികമായ നാടകാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭാസന്‍. കാളിദാസനും ശൂദ്രകനും രചനയില്‍ മാര്‍ഗദര്‍ശിയായിരുന്നു ഈ പ്രതിഭ.
കാലത്തെ അതിജീവിക്കുന്ന നാടക സംസ്‌കൃതിയില്‍ ഉരുത്തിരിയുന്ന ജീവനമൂല്യ പ്രകാശനങ്ങളും സങ്കേത പ്രമാണങ്ങളും ഭാസനെ സംസ്‌കൃത നാടക സാഹിത്യ ചരിത്രത്തിന്റെ മഹാസാരഥിയാക്കുന്നു. മനുഷ്യനും പ്രകൃതിയും വനസംസ്‌കാരവും ചേര്‍ന്ന പൗരാണിക ജീവനകലയുടെ നിരൂപണവും ദര്‍ശനവുമാണ് ഭാസസാഹിത്യത്തിന്റെ നൈവേദ്യം. ഭാരതീയ നാടകത്തിന്റെ ഭാസുര ഭാസ്‌കരനായി ഭാസന്‍ ഉദിച്ചു നില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: