കോഴിക്കോട്: തീറ്റകള്ക്കുണ്ടായ വില വര്‍ധന മൂലം കന്നുകാലി കര്‍ഷകര്‍ പ്രതിസന്ധിയില്‍. കൊവിഡ് പ്രതിസന്ധിയും, ലോക്ഡൗണുമെല്ലാം കന്നുകാലി കര്‍ഷകരെ പ്രതിരോധത്തിലാക്കുന്നു. വില നല്കിയാലും ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭിക്കുന്നില്ലന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. പശു, പോത്ത്, ആട്, കോഴി കര്‍ഷകരാണ് ദുരിതത്തിലായത്. പെല്ലറ്റ്, കോഴിത്തീറ്റ, ഗോതമ്പ് ഉമി എന്നിവയ്ക്കാണ് വില വര്‍ധിച്ചത്. പരുത്തിപ്പിണ്ണാക്കിനും കടലപ്പിണ്ണാക്കിനും വിലവര്‍ധിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
പ്രധാനമായും തമിഴ്നാട്ടില്‍നിന്നാണ് സംസ്ഥാനത്തേക്ക് കോഴിത്തീറ്റയും കാലിത്തിറ്റയും എത്തുന്നത്. പല ന്യായങ്ങളും നിരത്തിയാണ് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. മുന്‍പ് 20 രൂപ വിലയുണ്ടായിരുന്ന ഗോതമ്പ് ഉമിക്ക് 26 രൂപയായി. ആടു കര്‍ഷകര്‍ കൂടുതലായി ആശ്രയിക്കുന്നത് ഗോതമ്പ് ഉമിയാണ്. വിലവര്‍ധന ആട് കര്‍ഷകരെ ബാധിച്ചു. പെല്ലറ്റിന്റ വില കേരള ഫീഡ്സ് ഒഴികെയുള്ള കമ്പനികള്‍ കിലോയ്ക്ക് ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ ഒരു ചാക്കിന് 50 രൂപയുടെ വര്‍ധനവായി. കെഎസ് കാലിത്തീറ്റയുടെ സുപ്രീം,
ഡീലക്സ് എന്നിവയ്ക്കാണ് വില വര്‍ധിച്ചത്. കെഎസ് കാലിത്തീറ്റയുടെ സുപ്രീം മുന്‍പ് 1300 രൂപയായിരുന്നു വില ഇന്ന് 1360 രൂപ നല്‍കണം. ഡീലക്സിന് 1220 രൂപയായിരുന്നത് 1270 രൂപയായി. അതേസമയം, പെല്ലറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് അനിയന്ത്രിത വില വര്‍ധന. ഒരു കിലോ പരുത്തി പിണ്ണാക്ക് 32 രൂപ ആയിരുന്നത് 40 രൂപ ആയി വര്‍ധിച്ചു. 43 രൂപ വിലയുണ്ടായിരുന്ന കടല പിണ്ണാക്കിന് 50 രൂപയ്ക്ക് മുകളിലായി വില. കാലിത്തീറ്റയ്ക്കുണ്ടായ വില വര്‍ധനവ് മൂലം ക്ഷീരകര്‍ഷകര്‍ വിലയ പ്രതിസന്ധിയാണ് നേരിടുന്നത്.
കോഴിത്തീറ്റയ്ക്ക് നിലവില്‍ നാലു രൂപയുടെ വര്‍ധനവുണ്ടായി. കോഴിത്തീറ്റ ഇപ്പോള്‍ വിപണിയില്‍ ലഭിക്കാനുമില്ല. ലോക്ഡൗണിന്റെ മറവില്‍ സംസ്ഥാനത്തേക്ക് കോഴിത്തീറ്റ എത്തുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. ഇത് മുട്ടക്കോഴി വളര്‍ത്തുന്ന കര്‍ഷകരെ പ്രതിസന്ധിയിലാക്കി. തീറ്റയ്ക്ക് വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
കാലിത്തീറ്റ നിര്‍മ്മിക്കാം
കപ്പവേസ്റ്റ്, ബിയര്‍ വേസ്റ്റ്, ചോളം മാവ്, ചോളത്തൊണ്ട്, ഗോതമ്പ് തവിട് എന്നിവ സമാസമം ചേര്‍ത്ത് കുഴയ്ക്കുക. ഇതില്‍ ആവശ്യത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ്, സോഡാ കാരം, ബാര്‍ളി, തവിട് എന്നിവ ചേര്‍ത്താല്‍ മികച്ച കാലിത്തീറ്റ നിര്‍മ്മിക്കാം. ഇത് നല്കിയാല് പശുക്കള്‍ക്ക് പാല് ഉത്പാദനം വര്‍ദ്ധിക്കുമെന്നാണ് ഫാം ഉടമകള്‍ പറയുന്നത്. പത്തിലധികം കന്നുകാലികളെ വളര്‍ത്തുന്ന കര്‍ഷകര്‍ സ്വയം കാലിത്തീറ്റ നിര്‍മ്മിക്കുകയാണ്. പോത്ത്, എരുമ, ആട് എന്നിവ വളര്‍ത്തുന്നവര്‍ക്കും ഈ കാലിത്തീറ്റ ഗുണകരമാണ്. പുറത്ത് നിന്ന് വാങ്ങിക്കുന്ന കാലിത്തീറ്റയുടെ നാലില്‍ ഒന്ന് ചെലവ് മാത്രമാണ് ഇതിനുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: