ന്യൂദല്‍ഹി: രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്റ്റ നിര്‍മ്മിക്കുന്നതില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നത് അമ്പരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പിന്തുണച്ച പദ്ധതി നടപ്പക്കുന്നത് എതിര്‍ക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ കപടമുഖമാണ് തെളിയുന്നത്- കേന്ദ്രമന്ത്രി പറഞ്ഞു.
‘കോവിഡ് മഹാമാരി പടരുമ്പോള്‍ ജനങ്ങളുടെ ജീവിതത്തിന് ശ്രദ്ധകൊടുക്കതെ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാന്‍ ശ്രദ്ധകൊടുക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സെന്‍ട്രല്‍ വിസ്റ്റ എന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ചെലവ് 20000 കോടിയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ രണ്ടിരട്ടിയാണ് വാക്സിന്നല്കുന്ന പദ്ധതിക്ക് ചെലവാക്കിയത്. ഏകദേശം 3 ലക്ഷം കോടിയാണ് ഇന്ത്യയുടെ ആരോഗ്യക്ഷേമ ബജറ്റില്‍ ഈ വര്‍ഷം നല്‍കിയത്. എന്താണ് മുന്‍ഗണന എന്ന് ഞങ്ങള്‍ക്കറിയാം,’- ഹര്‍ദീപ് സിംഗ് പുരി ട്വീറ്റില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും കപടനാട്യം തുറന്നുകാട്ടുന്ന ഏതാനും ട്വീറ്റുകള്‍ കേന്ദ്രമന്ത്രി പറത്തുവിട്ടു. കേന്ദ്ര ഭവന- നഗരകാര്യമന്ത്രിയായ ഹര്‍ദീപ് സിംഗ് പുരിയുടെ വകുപ്പാണ് സെന്‍ട്രല്‍ വിസ്റ്റ നടപ്പാക്കുന്നത്. ‘കോണ്‍ഗ്രസ് കപടനാട്യത്തിലും അവസാനിക്കുന്നില്ല. അവരുടെ നാണംകെട്ട ഇരട്ടമുഖം നോക്കൂ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ആവശ്യപ്പെട്ട് എഴുതിയത്. അന്നത്തെ സ്പീക്കറും 2012ല്‍ നഗരവികസമന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതുമാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ ഇതേ പദ്ധതിയെ എതിര്‍ക്കാനുള്ള കൊടുംപക എങ്ങിനെയുണ്ടായി?’ – അദ്ദേഹം ചോദിച്ചു.
‘നുണ പരത്തി കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ പരാജയം മറയ്ക്കാന്‍ ശ്രമിക്കുകയാണ്. ആയിരക്കണക്കിന് വിദഗ്ധ, അവിദഗ്ധതൊഴിലാളികള്‍ക്ക് ജോലി നല്കുന്ന പദ്ധതിയാണെന്നറിഞ്ഞിട്ടും ഇപ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് അവര്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ പുതിയ എംഎല്‍എ ഹോസ്റ്റലും ഛത്തീസ്ഗഡില്‍ പുതിയ നിയമസഭാമന്ദിരവും പണിയാന്‍ അവിടുത്തെ സര്‍ക്കാരുകള്‍ ശ്രമിക്കുമ്പോള്‍ എന്തുകൊണ്ട് കേന്ദ്രത്തിന് സെന്‍ട്രല്‍ വിസ്റ്റ പണിതുകൂടാ. സെന്‍ട്രല്‍ വിസ്റ്റ പോലെ നൂറുകണക്കിന് പദ്ധതികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് കാലം പോലെയല്ല , ഭരണനിര്‍വ്വഹണം ഇപ്പോള്‍ ഒരിയ്ക്കലും നിശ്ചലമാകുന്നില്ല. സെന്‍ട്രല്‍ വിസ്റ്റയും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ്. കോണ്‍ഗ്രസ് ഒഴികെ മറ്റൊരാള്‍ക്കും ഇതേക്കുറിച്ച് ആശങ്കയില്ല,’ അദ്ദേഹം പറഞ്ഞു.
‘പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനും സെന്‍ട്രല്‍ വിസ്റ്റ് അവന്യൂ പുനരുജ്ജീവിപ്പിക്കുന്നതിനും ഉള്ള തുകയായ 862 കോടിയും 477 കോടിയും മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളൂ. സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ മറ്റ് പല ഭാഗങ്ങളും വര്‍ഷങ്ങളെടുത്ത് പൂര്‍ത്തിയാക്കുന്ന പദ്ധതികളാണ്,’ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: