Categories: Kerala

പിണറായിയുടെ തുടര്‍ഭരണത്തില്‍ ഇടതിനൊപ്പം ആഹ്ലാദം പങ്കിട്ട് മദനിയുടെ പാര്‍ട്ടിയും; ഇഎംഎസ് തുടക്കമിട്ട ബന്ധം പിണറായി വളര്‍ത്തി

ആലപ്പുഴ: പിണറായി വിജയന്റെ തുടര്‍ ഭരണത്തില്‍ ഇടതിനൊപ്പം ആഹ്ലാദം പങ്കിട്ട് പിഡിപിയും, ഇടതിന്റെ വിജയദിനാഘോഷത്തില്‍ അബ്ദുല്‍ നാസര്‍ മദനി നയിക്കുന്ന പിഡിപിയും പങ്കാളികളായി. പിഡിപി സംസ്ഥാന തലത്തില്‍ തന്നെ വിജയദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അണികളെ ആഹ്വാനം ചെയ്തിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം മതതീവ്രവാദ ശക്തികളുടെ ഔദാര്യത്തലാണെന്ന ആരോപണം ശരിവെക്കുന്നതാണ് പിഡിപിയും, എസ്ഡിപിഐയും അടക്കമുള്ള സംഘടനകളുടെ പരസ്യനിലപാടുകള്‍.  

നേമം മണ്ഡലത്തിലടക്കം സിപിഎമ്മിനാണ് പിന്തുണ നല്‍കിയതെന്ന് എസ്ഡിപിഐ നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം സംഘടനകളുമായുള്ള ബന്ധം നിഷേധിക്കാനോ, തള്ളിപ്പറയാനോ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ തയാറായിട്ടില്ല. പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയായിരുന്ന വി.എസ്. അച്യൂതാനന്ദന്‍ അടക്കമുള്ളവര്‍ നിശ്ശബ്ദരാക്കപ്പെട്ടതോടെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം മതതീവ്രവാദ ശക്തികളുമായി കൈകോര്‍ക്കുകയെന്ന പഴയ നിലപാട് കൂടുതല്‍ ശക്തമായി നടപ്പാക്കുകയെന്നാണ് വിമര്‍ശനം.

രണ്ടു ദശാബ്ദം മുന്‍പ് മദനിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച് ഇഎംഎസ് ആണ് ഇത്തരം നീക്കത്തിന് തുടക്കമിട്ടത്. അക്കാലയളവില്‍ വിഎസ് ഉള്‍പ്പടെയുള്ളവരുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇഎംഎസിനെ തള്ളിപ്പറഞ്ഞു. ഇഎംഎസ് നിലപാട് തിരുത്തി. പിന്നീടാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി രഹസ്യ നീക്കുപോക്കുണ്ടാക്കിയത്. അതിന്റെ ഭാഗമായി പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പിഡിപി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മദനിയുമൊത്ത് പിണറായി വേദി പങ്കിടുകയും ചെയ്തു. മദനി എത്താന്‍ വൈകിയിട്ടും ഒരു മണിക്കൂറോളം പിണറായി കാത്തിരുന്നതും ഏറെ ചര്‍ച്ചയായിരുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയും പിഡിപിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ, അന്നത്തെ മുഖ്യമന്ത്രി കൂടിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, ഔദ്യോഗിക പക്ഷത്തിന്റെ മദനി ബന്ധത്തിനെതിരേ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് പരാതി നല്‍കി. പിന്നീട് കേന്ദ്ര നേതൃത്വം പൊന്നാനിയിലെ സിപിഎം-പിഡിപി സഖ്യത്തെ തള്ളിപ്പറഞ്ഞു. മാത്രമല്ല, പിണറായി വിജയന്‍ മദനിയുമായി വേദി പങ്കിട്ടത് നിഷേധാത്മക ഫലം ഉണ്ടാക്കിയെന്ന് നിരീക്ഷിച്ചു.

പിന്നീട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വിഭാഗം അപ്രമാദിത്വം നേടിയതോടെ കേന്ദ്ര നേതൃത്വം ദുര്‍ബലമായി. ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായായ മദനിക്ക് സമാന്യ നീതി നല്‍കണമെന്നാവശ്യപ്പെട്ട് പിണറായി നേരത്തേ പ്രസ്താവന പുറപ്പെടുവിച്ചതും പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ജയിലില്‍ പോയി മദനി

യെ കണ്ടതും മാറിയ നിലപാടായിരുന്നു. മദനിയുടെ മകളുടെ വിവാഹത്തിന് ക്ഷണമുണ്ടായിട്ടും വിഎസ് പോകാതിരിക്കുകയും, പിണറായിയും തോമസ് ഐസക്കും പങ്കെടുക്കുകയും ചെയ്തതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിരുന്നു. ഒടുവില്‍ പിണറായി വിജയന്റെ തുടര്‍ഭരണത്തിന് മദനിയുടെ പാര്‍ട്ടി പിന്തുണ നല്‍കി. കേവലം വോട്ട് നേട്ടത്തിനായി മതതീവ്രവാദ ശക്തികളുമായുള്ള ബന്ധങ്ങളെ ചോദ്യം ചെയ്യാന്‍ സിപിഎമ്മില്‍ ആരുമില്ലാത്ത അവസ്ഥയാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക