കേരളത്തിലെ രാഷ്ട്രീയത്തില്‍ വല്ലാത്ത ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് വോട്ട് ചോദിക്കാന്‍ സാധിക്കാതെ വരിക, പൊതുവേദിയില്‍ പ്രസംഗിക്കാന്‍ കഴിയാതെ വരുക, ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന് ശ്രമിക്കുക. അതും സത്യം തുറന്നു പറഞ്ഞതിന്. ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞു, രാജ്യം ഹിന്ദുരാഷ്ട്രമാകണമെന്നു പറഞ്ഞു.
തീവ്രവാദ ശക്തികള്‍ പിടിമുറുക്കുകയാണെന്ന് തുറന്നു പറഞ്ഞു. അതുപോരെ ഒരാളെ ഒറ്റപ്പെടുത്താന്‍, വളഞ്ഞിട്ടാക്രമിക്കാന്‍. മതവര്‍ഗീയ ശക്തികള്‍ ഒന്നിച്ചെതിര്ത്താണ് പി.സി എന്ന പി.സി. ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ തോല്‍പ്പിക്കാന്‍ വഴിയൊരുക്കിയത്. കേരളം എവിടേക്കാണ് പോകുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം.അതേക്കുറിച്ച് ജനപക്ഷം (സെക്കുലര്‍) നേതാവ് പി.സി ജോര്‍ജ്ജുമായി ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍ നടത്തിയ അഭിമുഖം.
- തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വെല്ലുവിളികള്‍
വ്യക്തിപരമായ ആക്ഷേപങ്ങളും വെല്ലുവിളികളും നിരവധി ഉയര്‍ന്നു. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും. വധ ഭീഷണി ഇപ്പോഴും നിലനില്ക്കുന്നു. അതിനെയൊന്നും ഭയപ്പെടുന്നില്ല. ജിഹാദി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയുണ്ടായി. അവരുടെ തെറ്റിദ്ധാരണ പരത്തുന്ന നുണ പ്രചാരണങ്ങളില്‍ നിരവധി പേര് കുടുങ്ങി. മുസ്ലിം സമുദായത്തിനു മുഴുവന്‍ പി.സി. ജോര്‍ജ്ജ് എതിരാണെന്ന് വരുത്തിയെടുക്കാന്‍ സോഷ്യല്‍ മീഡിയയും മറ്റും അക്കൂട്ടര്‍ ദുരുപയോഗം ചെയ്തു. ജിഹാദികളുടെ വധഭീഷണിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഞാന്‍ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും തന്നെ കാണും.
- എവിടെയാണ് കണക്കുകൂട്ടലുകള്‍ പിഴച്ചത്
നാല് പതിറ്റാണ്ടോളം സ്വന്തമെന്ന് കണക്കാക്കി കൊണ്ടു നടന്നവര്‍ ചില വര്‍ഗ്ഗീയവാദികളുടെ പ്രചാരണത്തിലൂടെ തെറ്റിദ്ധാരണയില്‍ വീണു. താമസിയാതെ അവര്‍ക്ക് ശരിയായ ധാരണ കൈവരും. ഭൂരിപക്ഷം നേടുമെന്ന് കണക്കു കൂട്ടിയിരുന്ന പ്രദേശങ്ങളിലൊക്കെ അത് ലഭിച്ചെങ്കിലും പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്തിയില്ല. പിന്നെ, മൂന്നു സ്ഥാനാര്‍ഥികളും ക്രിസ്ത്യാനികള്‍ ആയതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിച്ചു. അത് തിരിച്ചടിയായി. എന്നാല്‍ ഹിന്ദുക്കളില്‍ നല്ല വിഭാഗവും വോട്ട് തന്നു.
- ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണല്ലോ രാഷ്ട്രീയ എതിരാളികള്‍ പറയുന്നത്
തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്മാറില്ല. പൊതു പ്രവര്‍ത്തനത്തിന് എംപിയും എംഎല്‍എയും ആകേണ്ട ആവശ്യമില്ല. അഞ്ച് വര്‍ഷക്കാലം യാതൊരു സ്ഥാനവുമില്ലാതെ എങ്ങനെ പൊതുപ്രവര്‍ത്തനം നടത്താമെന്നത് തെളിയിക്കും. 1987ല്‍ ഇതുപോലെ എണ്ണിപ്പറഞ്ഞ് തോല്‍പ്പിച്ചതാണ്. അന്ന് എല്ലാവരും പറഞ്ഞു പി.സി. ജോര്‍ജ്ജ് തീര്‍ന്നു. പിന്നീടെന്താണ് സംഭവിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ജയം തുടര്‍ന്നു. ഇനിയും ജോര്‍ജ്ജ് പൂഞ്ഞാറില്‍ത്തന്നെ ഉണ്ടാകും. ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്യും.
- അടുത്ത പദ്ധതികള്‍
അഞ്ച് വര്‍ഷവും ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും. എംഎല്‍എ അല്ലാത്തതിനാല്‍ വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് രാഷ്ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടലുണ്ടാകും. എംഎല്‍എ ആയിരുന്നതിനെക്കാള്‍ കൂടുതല്‍ ശക്തിയോടെ സമയമെടുത്ത് കേരളത്തിലെ സര്‍ക്കാരിനെ ശരിയുടെ പാതയിലേക്ക് നയിക്കാനുള്ള ഇടപെടല്‍ നടത്തും. വെറുതെ ഭരിച്ച് പോകാമെന്ന് ആരും കരുതരുത്. ഭൂരിപക്ഷമുണ്ടെന്ന് കരുതി ആരെയും കക്കാന്‍ അനുവദിക്കില്ല. ജനപക്ഷം പാര്‍ട്ടിയുടെ ചെയര്മാന് പദവി ഏറ്റെടുക്കുന്ന കാര്യം ആലോചനയിലുണ്ട്.
സംസ്ഥാനത്ത് ബിജെപിക്കകത്ത് കോ ഓര്‍ഡിനേഷന്റെ കുറവാണ് വോട്ട് ചോരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. ബിജെപി കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹം. ബിജെപിക്ക് കേരളത്തില്‍ വളരാനുള്ള സാഹര്യമുണ്ട്. ഇനിയെങ്കിലും കോണ്‍ഗ്രസ് നന്നായാല്‍ കൊള്ളാം. ഉമ്മന്‍ചാണ്ടിയെ കൊണ്ട് ഇനി പറ്റുകയില്ല. ശക്തമായ നേതൃത്വമാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: