കൊല്ലം: പുതിയ രോഗികളെ പ്രവേശിപ്പിക്കാനാകാത്ത വിധം കൊവിഡ് രോഗികളുടെ ബാഹുല്യമായതോടെ ഹോക്കി സ്റ്റേഡിയം താല്കാലികമായി പൂട്ടി. 237 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓക്സിജന്‍ സിലിണ്ടറിലാണ് ജീവന് നിലനില്‍ക്കുന്നത്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അഭാവവും രൂക്ഷമാണ്. നാല് ഡോക്ടര്‍മാരും 12 നഴ്സുമാരുമാണ് രോഗികളെ പരിചരിക്കാനുള്ളത്. കരാര്‍ അടിസ്ഥാനത്തിലുള്ള പല നഴ്സുമാരും ജോലിഭാരം കാരണം രാജി വയ്ക്കാനുള്ള നീക്കത്തിലാണ്. ജില്ലയിലെ വിവിധ താലൂക്കില്‍ നിന്നുള്ള കൊവിഡ് രോഗികളെ എത്തിച്ചിരുന്നത് ഹോക്കി സ്റ്റേഡിയത്തിലാണ്.
ആഴ്ച്ചകളായി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും എത്തിക്കുന്ന രോഗികള്‍ക്ക് ഓക്സിജന്‍ അടക്കം നല്‍കുന്നതിന് ബുദ്ധിമുട്ടുമാണ്. തുടര്‍ന്നാണ് ഡിഎംഒ താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ച് കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ല ആശുപത്രി അടക്കമുള്ളയിടത് ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിറഞ്ഞിട്ടുണ്ട്.
മരണം കണ്ട് മനസ്സ് മരവിച്ച ഡോക്ടര്‍മാര്‍
ആദ്യഘട്ടത്തില്‍ 4000 പേര് ചികിത്സയ്ക്ക് എത്തിയതില്‍ ഒരാളുടെ ജീവനാണ് നഷ്ട്ടപ്പെട്ടത്. എന്നാല്‍ മൂന്നാഴ്ചക്കിടെ മരണങ്ങള് കണ്ട് മരവിപ്പിലാണ് ഹോക്കി സ്റ്റേഡിയത്തിലെ ഡോക്ടര്‍മാര്‍. എല്ലായിടത്തും ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ രോഗികള്‍ എത്തുന്നത് ഇവിടെയാണ്. ഓക്സിജന്റെ കുറവ് മൂലമാണ് മരണ സംഖ്യ കൂടുന്നത്. ഇതുമൂലം ജീവനക്കാരുടെ മാനസികാവസ്ഥയും ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: