അമ്പലപ്പുഴ: കൊറോണയുടെ പേരില്‍ ആംബുലന്‍സുകാര്‍ രോഗികളെയും ബന്ധുക്കളെയും പിഴിയുന്നതായി ആക്ഷേപം. ആംബുലന്‍സ് നിരക്ക് നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഇല്ലാത്തതിനാല്‍ തോന്നുന്ന നിരക്കാണ് ഈടാക്കുന്നത്.കൊറോണ ബാധിതരില്‍നിന്നും അമിതനിരക്ക് ഈടാക്കാമെന്നതിനാല്‍ മറ്റ് രോഗികള്‍ക്ക് യാത്രചെയ്യാന്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ ലഭിക്കുന്നുമില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കൊറോണ രോഗികളുമായി പോകുന്നതിന് അമിതനിരക്ക് ഈടാക്കുന്നത്.
ആശുപത്രിയില്‍ കൊറോണ ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനാണ് ചിലവേറെയും. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള ചെലവാണ് പറയുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം രോഗിയെ കൊണ്ടുപോകാന്‍ 2000 രൂപയാണ് ഈടാക്കുന്നത്. ഇതിനുപുറമെ പിപിഇ കിറ്റിന് 500 രൂപ വീതം നല്‍കേണ്ടിവന്നു. ആശുപത്രി പരിസരങ്ങളില്‍ വിലകുറച്ച് കിറ്റുകള്‍ ലഭ്യമാണെങ്കിലും രോഗികളോടൊപ്പം ഉള്ളവരോട് കിറ്റിന്റെ വില പറയാതെ യാത്രാനിരക്കുള്പ്പെടെയുള്ള തുക കൈപ്പറ്റുകയാണ് ചെയ്യുന്നത്.
ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ക്ക് പിപിഇ കിറ്റ് ലഭിക്കുന്നത്. ആശുപത്രി വളപ്പിനുള്ളില്‍ കച്ചവടങ്ങള്‍ അനുവദനീയമല്ലെങ്കിലും കിറ്റിന്റെ കച്ചവടം ആശുപത്രി വളപ്പില്‍ പൊടിക്കുകയാണ്. ഇടനിലക്കാര്‍ മുഖേനയാണ് ഇവിടെ കിറ്റ് എത്തുന്നത്. ആംബുലന്‍സുകാര്‍ക്ക് 250 മുതല്‍ 300 നിരക്കിലാണ് കിറ്റുകള്‍ നല്‍കുന്നത്. ഇവര്‍ ഇതിന് ഇരട്ടിവിലയാണ് ഈടാക്കുന്നത്. രോഗിയുമായി പോകുമ്പോള്‍ ഡ്രൈവര്‍ക്കുള്ള പിപിഇ കിറ്റും രോഗിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.
കിറ്റിന് ബില്ലും നല്‍കാറില്ല. മുന്‍ഗണന പ്രകാരമാണ് ആവശ്യക്കാര്‍ക്ക് ആംബുലന്‍സ് സേവനം ലഭിക്കുന്നത്. മറ്റ് ആംബുലന്‍സുകളുടെ സേവനം ലഭിക്കാത്തതിനാല്‍ ഇവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട അവസ്ഥയാണുള്ളത്. ജില്ലാ കളക്ടറും ആരോഗ്യവകുപ്പും ഇടപെട്ട് ആബുലന്സുകാരുടെ ചൂഷണങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: