‘പ്രവാചകനായ ഋഷിയാണ് കവി’ എന്ന് സംസ്കൃതമീമാംസകന്‍ നിരീക്ഷിക്കുന്നു. പുരാണേതിവൃത്തമെങ്കിലും സ്വാത്മപ്രതിഭയുടെ മഹാപ്രകാശത്തില്‍ കാവ്യം മൗലികതയുടെ മൗലിയേറുന്നു. കവിത്വസിദ്ധിയിലും സാധനയിലും കാളിദാസനോളം ഉന്നതശീര്‍ഷനായി അടയാളപ്പെടുകയാണ് ഭാരവി.
മഹാകവിയുടെ ഊരോ പേരോ യഥാവിധി രേഖപ്പെടുത്താന്‍ ഗവേഷകര്‍ക്കായില്ല. ഏഴാം ശതകത്തിലെ ശിലാലേഖ്യത്തില്‍ കാളിദാസനൊപ്പം ഭാരവിയേയും ആദരിച്ച് അനുസ്മരിക്കുന്നുണ്ട്. കാലത്തിളക്കത്തില്‍ മാറ്റു കുറയാത്ത ‘കിരാതാര്‍ജുനീയം’ എന്ന ഒരൊറ്റ മഹാകാവ്യത്തിലൂടെ ആ സര്‍ഗകലയുടെ സത്യശിവ സൗന്ദര്യം ഏറ്റുവാങ്ങാം.
കാവ്യശാസ്ത്രകാരന്മാര്‍ ഭാരവിയുടെ കവിതയ്ക്ക് ‘നാളീകേര പാക’മാണ് സങ്കല്‍പ്പിക്കുന്നത്. അമര്‍ത്തിച്ചുംബിച്ചാല്‍ സുഗന്ധമേറുന്ന ഇലഞ്ഞിമാലയാണ് ഭാരവിക്കവിതയെന്ന് നിരീക്ഷിക്കുന്ന നിരൂപകര്‍ ആ കവിതയുടെ ധന്യാത്മക സുഗന്ധത്തെയാണ് വാഴ്ത്തുന്നത്.
കിരാതാര്‍ജുനീയം സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളില്‍ സ്ഥാനം പിടിക്കുന്നു. കിരാതവേഷത്തില്‍ വരുന്ന ശിവനും അര്‍ജുനനും തമ്മിലുള്ള പോരാട്ടവും പാശുപതാസ്ത്ര ദാനവുമാണ് കഥാതന്തു.
മഹാഭാരതത്തില്‍ നിന്ന് ഉറവകൊണ്ട കഥ പതിനെട്ടു സര്‍ഗങ്ങളുടെ പടികളേറി മഹാകാവ്യരൂപം പ്രാപിക്കുന്നു. നീതിമാനായ മാതൃകാ മഹാരാജാവിന്റെ ഭരണക്രമങ്ങളും അര്‍ഥ കാമങ്ങള്‍ക്കായി ക്ഷത്രിയന്റെ അനുഷ്ഠാന വൃത്തികളും കൃതിയില്‍ ആശയ സൂചനയായുണ്ട്. ധര്‍മയുദ്ധം മോക്ഷ വിശുദ്ധിയാണെന്ന ധന്യാത്മക ദര്‍ശനമേകുന്ന മഹാകവി വീരരസത്തിന്റെ വിഭൂതി തുളുമ്പുന്ന വിവിധരംഗചിത്രണത്തില്‍ അഭിരമിക്കുന്നു. അര്‍ഥത്തിന്റെ അഗാധതയില്‍ ഉദാത്തമായ ഗാംഭീര്യം പകരുന്നതാണ് ഈ കാവ്യമെന്ന് പണ്ഡിത മതമുണ്ട്.
‘ഭാരവേരര്‍ഥഗൗരവം’ എന്ന കീര്‍ത്തിമുദ്രയില്‍ കേളിപ്പെടുകയാണ് ഈ മഹാകാവ്യം. ഒന്നോ രണ്ടോ മൂന്നോ അക്ഷരമുപയോഗിച്ചുള്ള ചിത്രാങ്കിതമായ ശ്ലോക നിര്‍മിതിയാണ് ‘ചിത്രകാവ്യം’. ഭാരവിയുടെ പ്രശസ്തമായ ഇത്തരം ചിത്രകാവ്യങ്ങള്‍ അഭ്യാസസിദ്ധിയുടെയും വരവര്‍ണനയുടെയും സൂചകമാണ്. ഇവയുടെ കാവ്യാത്മകമായ രൂപകങ്ങളും ആന്തരാര്‍ഥതലങ്ങളും സ്വാംശീകരിക്കാന്‍ തികഞ്ഞ പാണ്ഡിത്യവും മികച്ച സംവേദനത്വവും അനിവാര്യമാണ്.
കിരാതാര്‍ജുനീയത്തിലെ പതിനഞ്ചാം സര്‍ഗം പൂര്‍ണമായും ചിത്രകാവ്യ നിബദ്ധമാണ്. ദുര്‍വിനീതന്‍ എന്ന പണ്ഡിതരാജന്‍ ഇതിനു രചിച്ച അഗാധമായ പഠനവ്യാഖ്യാനം പ്രസിദ്ധമാണ്. ലാവണ്യ സുഷമയില്‍ ഉപമയെ പ്രതിഷ്ഠിച്ച കാളിദാസന് ലഭിച്ച ‘ദീപശിഖാ കാളിദാസന്’ എന്ന ബിരുദനാമം പോലെ ഭാരവിയും ആലങ്കാരിക ബിരുദമുദ്ര നേടിയിട്ടുണ്ട്. കിരാതാര്‍ജുനീയത്തില്‍ അര്‍ജുനനും അനുചരനായ യക്ഷനും കൂടി ശരത്ക്കാല ദീപ്തിയില്‍ ഹൈമവതഭൂവില്‍ സഞ്ചരിക്കുന്നു. പൊട്ടിവിടരുന്ന താമരത്താരില്‍ നിന്ന് മധുരപരാഗ കണങ്ങള്‍ ഏറ്റുവാങ്ങി ചുഴലിക്കാറ്റ് മാനത്തേക്ക് ഉയര്‍ന്നു. സുവര്‍ണ നിര്‍മിതമായ തിളങ്ങും കുട പോലെ വശ്യമനോഹരമായ ദൃശ്യം അവരെ ആനന്ദത്തിലാഴ്ത്തുന്നു. വികാരതരളിതവും വിചാരമധുരവുമായ ഈ കല്‍പ്പനാ ചാതുരിയിലാണ് ഭാരവി ‘ഛത്ര ഭാരവി’ എന്ന ‘അലങ്കാരക്കുട’ സ്വന്തമാക്കുന്നത്.
ചിന്താപരമായ അറിവിന്റെ അനുഭൂതി തലങ്ങള്‍ ഈ മഹാകാവ്യത്തിന്റെ ഉള്ളറയില്‍ ഉറങ്ങിക്കിടക്കുന്നു. ‘ഒരു കാര്യവും പെട്ടെന്ന് ചെയ്യരുത്. ആലോചനാരഹിതമായ പ്രവര്‍ത്തനം ആപത്തു വരുത്തും’ തുടങ്ങിയ താത്ത്വിക വചനമുള്‍ക്കൊള്ളുന്ന ശ്ലോകത്തിന് കാവ്യത്തിന് ഗരിമയേകുന്നു.
വര്‍ണനകള്‍, അലങ്കാരമാലകള്‍, പ്രതീകങ്ങള്‍, രുചിരമായ പദസങ്കേതങ്ങള്‍, മായികാന്തരീക്ഷം ആത്മീയതയുടെ തനതുമുദ്രകള്‍, രസപോഷണസാമഗ്രികള്‍ എല്ലാം തന്നെ മഹാകവിയുടെ രചനാ ശില്‍പ്പത്തിന് ഔചിത്യമയമായ ചേരുവകളൊരുക്കുന്നു. കാലലീലയില്‍ മുങ്ങിപ്പോകാത്ത പ്രസാദാത്മകമായ ദര്‍ശനമാണ് മഹാകവി കാഴ്ച വയ്ക്കുന്നത്. പ്രകൃതിയെയും അതീതപ്രകൃതിയെയും സമരസപ്പെടുത്തുന്ന രചനാതന്ത്രത്തില്‍ കാവ്യം അനന്തമായ ഊര്‍ജപ്രവാഹിനിയാകുന്നു.
മഹാകാവ്യത്തിന്റെ ലക്ഷണസമ്പുഷ്ടമായ സങ്കേതപഥങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും ചിത്രവിചിത്രാനുഭൂതിയുടെ സമ്പുട സാക്ഷാത്കാരമാണ് കിരാതാര്‍ജുനീയം. സംസ്കൃതഭാരതിയുടെ ഭാഗധേയപ്പൊരുളായി ഭാരവി സ്വയം ഇതിഹാസമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: