തളിപ്പറമ്പിലെ ആദ്യകാല സ്വയംസേവകനും സംഘപ്രസ്ഥാനങ്ങളിലും പുറത്തുമുള്ള വിവിധ രംഗങ്ങളിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അസാധാരണ വ്യക്തിത്വവുമായിരുന്നു മെയ് ഒന്നിന് ഒന്‍പത് പതിറ്റാണ്ടു തികഞ്ഞ ജീവിതത്തോട് വിടപറഞ്ഞ കടച്ചി കണ്ണന് എന്ന കണ്ണേട്ടന്. നാലഞ്ചു വര്‍ഷക്കാലമായി ശയ്യാവലംബിയായിരുന്നുവെങ്കിലും അവസാന ദിവസം വരെ തന്റെ പരിചയസീമയിലുണ്ടായിരുന്ന സംഘപ്രവര്‍ത്തകരെയും മുതിര്‍ന്നവരെയും കുറിച്ച് അന്വേഷിച്ചിരുന്നുവെന്നാണറിയാന് കഴിഞ്ഞത്.
1950 ല്‍ കണ്ണൂരില്‍ പ്രചാരകനായെത്തിയ വി.പി. ജനാര്‍ദ്ദനനാണ് തളിപ്പറമ്പില്‍ ശാഖാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ശരിയായ അര്‍ഥത്തില്‍ മുഴുവന്‍ ഹിന്ദുസമാജത്തെയും ഉള്‍ക്കൊള്ളാന്‍ സംഘത്തിന് കഴിയുമെന്ന് ജനേട്ടന് അവിടെ തെളിയിച്ചു. ഹിന്ദു സമാജത്തിലെ ഒരു ജാതിയെയും ഒഴിവാക്കാതെ സംഘപ്രവര്‍ത്തനത്തില്‍ കൊണ്ടുവന്നതായിരുന്നു ജനേട്ടന് അവിടെ കൈവരിച്ച വിജയം. കേരളത്തിലെ ഏറ്റവും വലിയ നെയ്ത്തുഗ്രാമമാണ് അവിടെ തൃച്ചംബരത്തുള്ള പൂക്കോത്ത് തെരു. അവിടെ ശാഖ ആരംഭിച്ചത് പോലെതന്നെ, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തും അദ്ദേഹം പ്രവര്‍ത്തനമാരംഭിച്ചു.
പൂക്കോത്തു തെരുവിലെ സ്വയംസേവകര്‍ ഏറ്റവും ദരിദ്രപരിതസ്ഥിതിയില് കഴിഞ്ഞിരുന്നു. അവര്‍ മദ്യപിച്ചും വഴക്കടിച്ചും കഴിഞ്ഞുകൂടി. അവരില്‍നിന്ന് ഒട്ടേറെ മാണിക്യങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ ജനേട്ടന് സാധിച്ചു. അതുപോലെതന്നെ അടുത്തു വലിയൊരു കുലാലസങ്കേതവുമുണ്ടായിരുന്നു. അവിടെയും സംഘം വേരുപിടിച്ചു; അക്കൂട്ടത്തില്‍നിന്നും ഉത്തമരായ പ്രവര്‍ത്തകര്‍ വളര്‍ന്നുവന്നു.
പൂക്കോത്തു തോര്‍ത്ത് എന്ന വിശ്രുതമായ അംഗവസ്ത്രം നെയ്യുന്നവരില്‍ മുമ്പനായിരുന്നു കണ്ണേട്ടന്. വി.പി. ജനേട്ടന്റെ സമ്പര്‍ക്കത്തില്‍ വരുന്നതിനു മുമ്പത്തെ തളിപ്പറമ്പിന്റെ സാമൂഹ്യ രാഷ്ട്രീയസ്ഥിതി വളരെ രസകരവും വിശദവുമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ഞാന്‍ കണ്ണൂരില്‍ പ്രചാരകനായി എത്തുമ്പോള്‍ ബൈഠക്കുകളില്‍ മാത്രമേ അവരെ കണ്ടിരുന്നുള്ളൂ. എന്നാല്‍ അതിനു മുമ്പ് ചെന്നൈയിലെ പല്ലാവാരം എന്ന സ്ഥലത്തു നടന്ന സംഘശിക്ഷാവര്‍ഗില്‍ രണ്ടാം വര്‍ഷ ശിക്ഷണത്തിന് പോയപ്പോള്‍ കണ്ണേട്ടനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഥമവര്‍ഷം അതിനു രണ്ടു വര്‍ഷം മുമ്പു കഴിഞ്ഞിരുന്നു. പല്ലാവാരം ഒടിസിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്മരണകള്‍ ഇടയ്ക്കിടെ കാണുമ്പോള്‍ ഞങ്ങള്‍ അയവിറക്കാറുണ്ടായിരുന്നു. കേരള സംസ്ഥാനപ്പിറവിക്കു ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. തമിഴ്നാട്, കേരളം, ആന്ധ്ര, കര്‍ണാടകം എന്ന സംസ്ഥാനങ്ങളില്‍നിന്നുള്ള സ്വയംസേവകര്‍ പങ്കെടുത്ത ആ ശിബിരം ഒരനുഭവംതന്നെയായിരുന്നു. 1857 ന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് അവിടെ പ്രത്യേക പ്രഭാഷണങ്ങളുണ്ടായി. അതിന്റെ മലയാള സംഗ്രഹം പരമേശ്വര്‍ജി തയ്യാറാക്കിയത് പകര്‍ത്തിയെടുക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. അവസാനകാലത്തുപോലും, അതിന്റെ വിവരങ്ങള്‍ കണ്ണേട്ടന്റെ മനസ്സില്‍ തെളിഞ്ഞുനിന്നു.
കേരളത്തിലെ ജനസംഘ പ്രവര്‍ത്തനം ചിട്ടയോടെ രൂപപ്പെടുത്തിയെടുക്കാന്‍ പരമേശ്വര്‍ജിക്കാണ് നറുക്കു വീണത്. അതിന്റെ ഹരിശ്രീ കുറിക്കാന്‍ ബേപ്പൂരില്‍ ദീനദയാല്‍ ഉപാധ്യായയും, ദത്തോപാന്ത് ഠേംഗ്ഡിയും മറ്റും പങ്കെടുത്ത ഒരു പഠന ശിബിരം സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കാനായി കണ്ണൂര്‍ ജില്ലയില്‍നിന്ന് രണ്ടുപേരെയാണ് ജനേട്ടന് നിയോഗിച്ചത്. കണ്ണനേയും ധര്‍മ്മടത്തുനിന്ന് സി. ചിന്നനും. കണ്ണന് അതേറ്റെടുത്ത് ആജന്മം നിലനിര്‍ത്തി. ആദ്യം ജനസംഘത്തിലും പിന്നെ ബിജെപിയിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശനവും ആവേശവും പ്രചോദനവുമായി. അവരില്‍ അവിസ്മരണീയനായ ഒരാള്‍ സി.കെ. പത്മനാഭനാണ്. തളിപ്പറമ്പില്‍നിന്ന് 25 കി.മീ കിഴക്ക് കോട്ടൂര്‍ എന്ന മലയോര ഗ്രാമത്തിലെ തികച്ചും കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സി.കെ.പി താനെങ്ങനെ ജനസംഘത്തിലും ബിജെപിയിലും എത്തിയെന്ന് അമൃതാ ടിവിക്കു നല്കിയ ഒരഭിമുഖ പരിപാടിയില്‍ വിവരിക്കുന്നുണ്ട്. തന്നെ അങ്ങോട്ടു നടത്തിച്ചതിന്റെ മുഴുവന്‍ മേന്മയും നല്‍കുന്നത് കണ്ണട്ടനാണ്. 1972 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പുള്പ്പെടുന്ന കാസര്‍കോട് മണ്ഡലത്തില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിക്കപ്പെട്ടിരുന്നു. അന്ന് കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനും തളിപ്പറമ്പ് സ്വദേശിയുമായ ഐ.ജി. മേനോക്കിയായിരുന്നു സ്ഥാനാര്‍ഥി. അന്ന് കാസര്‍കോട് താലൂക്കിലെ സംഘപ്രവര്‍ത്തനവും ജനസംഘവും കര്‍ണാടകത്തിന്റെ ചുമതലയിലായിരുന്നു. മേനോക്കിയുടെ പ്രചാരണത്തിനും മറ്റുമായി കണ്ണനും പി.വി. കൃഷ്ണന്‍നായരും മാമാ വാര്യരും മറ്റുമാണുണ്ടായിരുന്നത്.
സര്‍ക്കാരിന്റെ ടെക്സ്റ്റൈല്‍ നയം കൈത്തറി നെയ്ത്തു മേഖലയെ ക്രമേണ നശിപ്പിച്ചു. ഒരു കാലത്ത് പാശ്ചാത്യ ലോകത്തെ പരിഷ്കാരഭ്രമക്കാരുടെ ഇഷ്ടവസ്ത്രങ്ങളായിരുന്നത് കണ്ണൂര്‍ ജില്ലയിലെ കൈത്തറിക്കാരുടെ സൃഷ്ടികളായിരുന്നു. ഓരോ മാസവും നൂതനമായ ടെക്സ്ചറും ഡിസൈനുകളും തയ്യാറാക്കുന്ന വിദഗ്ധരുണ്ടായിരുന്നു ആ ഭാഗങ്ങളില്‍. അതനുസരിച്ച് വസ്ത്രങ്ങള്‍ നെയ്തെടുക്കുന്നവരായിരുന്നു നെയ്ത്തുകാര്‍. ‘ബ്ലീഡിങ് മദ്രാസ്’ എന്നതരം തുണികള്‍ അലക്കുമ്പോള്‍ നിറംമാറുന്നവയായിരുന്നു. അവയും കണ്ണൂരിലെ ഉള്‍പ്രദേശങ്ങളില്‍ തയ്യാറാക്കിവന്നു. നെയ്ത്തുകാരെ നൂതന സമ്പ്രദായങ്ങള്‍ സ്വീകരിപ്പിക്കാന് കൈത്തറികള്‍ക്കു പകരം യന്ത്രത്തെറികള് സ്ഥാപിക്കുന്ന പരിപാടിയുമായി അധികൃതര്‍ ഇറങ്ങി. ചാലിയത്തെരുവുകളില്‍ നെയ്ത്തിന്റെ താളം ‘ക്ലിക്കെറ്റികള്ക്’ എന്നതുമാറി യന്ത്രങ്ങള്‍ കറങ്ങുന്നതിന്റെ ആയി. പഴയ പ്രസിദ്ധമായ തുണിത്തരങ്ങള്‍ അന്യംനിന്നു.
ഇതിനിടയിലും കണ്ണേട്ടന് മുഴുവന്‍ സമയ പ്രവര്‍ത്തകനായി ജനസംഘത്തില്‍ ചേര്‍ന്നു. അദ്ദേഹം 1959 ല്‍ വിവാഹിതനായി. ആ വിവാഹത്തില്‍ പങ്കെടുക്കാന്‍ അന്നത്തെ പ്രാന്തകാര്യവാഹ് ആയിരുന്ന അണ്ണാജി എന്ന എ. ദക്ഷിണാമൂര്‍ത്തി എത്തിയിരുന്നു. ആ വിവാഹത്തില്‍ എന്തോ പ്രശ്നമുണ്ടാകുകയും, അതു വേണ്ടെന്നുവച്ച്, ഇന്നത്തെ കുടുംബം ഉണ്ടാക്കുകയും ചെയ്തു. കുടുംബപരിപാലനവും സംഘടനാ പ്രവര്‍ത്തനവും മുന്നോട്ടുകൊണ്ടുപോകാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടിയിരുന്നു. 1974 ല്‍ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി. അഖിലഭാരത തലത്തില്‍ ഉജ്ജയിനിയില്‍ നടത്തപ്പെട്ട പഠനശിബിരത്തില്‍ പങ്കെടുത്തിരുന്നു. ഉജ്ജയിനിയിലെ കാലാവസ്ഥ അദ്ദേഹത്തിന് അസഹ്യമായി. അതിന്റെ ഫലമായി തിരിച്ചുവന്നശേഷം മലമ്പനി ബാധിച്ചു. കണ്ണൂരിലെ പ്രസിദ്ധനായിരുന്ന ഡോ. മേജര്‍ സി. രാമന് പരിശോധിച്ചപ്പോഴാണ് രോഗനിര്‍ണയം ഉണ്ടായത്. അദ്ദേഹത്തിന്റെ ചികിത്സയില്‍ സുഖം പ്രാപിച്ചു. വാജ്പേയി, അദ്വാനിജി, സുന്ദര്‍സിങ് ഭണ്ഡാരി, നാനാജി ദേശ്മുഖ് മുതലായ അക്കാലത്തെ ജനസംഘ നേതാക്കന്മാരുമായി അടുത്തിടപഴകാന്‍ ആ അവസരം ഉപകരിച്ചു.
കണ്ണൂര്‍ ജില്ലയുടെ, എല്ലാ ഭാഗങ്ങളിലും അദ്ദേഹം പ്രവര്‍ത്തകരുടെ ആദരപാത്രമായിരുന്നു. സി.കെ. പത്മനാഭന്റെ കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലൊ. 1975 ജൂലൈ രണ്ടിന് ജനസംഘത്തിന്റെ സംസ്ഥാന പ്രതിനിധിസഭ കോഴിക്കോട്ടു ചേരാനിരുന്നു. അതിന് മുമ്പായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. അതിനെത്തിയവരില് പലരും പോലീസ് പിടിയിലാകുകയും, കോഴിക്കോട്ട് ജയിലില്‍ തടവില്‍ കിടക്കേണ്ടിവരികയുമുണ്ടായി. ഞാനും കണ്ണനും അക്കൂട്ടത്തില്‍പ്പെട്ടു. ആ ജയില്‍ ജീവിതം വലിയൊരു വിദ്യാഭ്യാസമായി. ജയില്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ വായിക്കാന്‍ ലഭിച്ചിരുന്നു. വിക്ടര്‍യൂഗോയുടെ ‘പാവങ്ങള്‍’ എന്ന പുസ്തകം നാലപ്പാടന് വിവര്‍ത്തനം ചെയ്തതാണ് കണ്ണേട്ടന് എടുത്തതില്‍ ഒന്ന്. അതു മുഴുവന്‍ അത്യന്തം ക്ഷമയോടെ വായിച്ചുള്കൊണ്ടതാണ് ഒരു സവിശേഷത. നെപ്പോളിയനും, സാര്‍ അലക്സാണ്ടറുമായുള്ള സംഭാഷണവും യുദ്ധവുമൊക്കെ രസിച്ചുവായിച്ചും ഴാങ്വാല്‍ ഴാങ് എന്തു വിചിത്രമായ പേരാണ് എന്നൊരു സംശയവും ഉന്നയിക്കാതിരുന്നില്ല. ജയില്‍ജീവിതകാലത്ത് ധാരാളം പഴയ ഗ്രാമീണ ഗാനങ്ങള്‍ പാടിക്കേള്‍പ്പിക്കുമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍നിന്ന് കുമ്പളയിലെ രവീന്ദ്രനും, പിന്നീട് ബിജെപി പ്രവര്‍ത്തകനും ജന്മഭൂമിയുടെ ലേഖകനുമായിരുന്ന എ. ദാമോദരനുമുണ്ടായിരുന്നു ജയിലില്‍.
ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞ ശേഷം അദ്ദേഹം തന്റെ ജീവിതവും, തളിപ്പറമ്പിലെ സംഘചരിത്രവുമടങ്ങുന്ന ഒരു ചരിത്രം കുറിച്ചു. സ്വന്തം കൈപ്പടയില്‍ വലിയൊരു ബൗണ്ട് ബുക്ക് നിറയെയുണ്ടായിരുന്നു. വിവരങ്ങളുടെ ഒരു ഖനി തന്നെയാണ്. വായിച്ചു നോക്കാനായി എന്നെ ഏല്‍പ്പിച്ചിരുന്നു. തന്റെ തനതായ ഭാഷാശൈലിയാണതെഴുതിയത്. അതിന്റെ മൗലികതയാണെനിക്കിഷ്ടപ്പെട്ടത്. ചിറയ്ക്കല്‍ താലൂക്കിന്റെ ഓരോ ഗ്രാമത്തിനും ഒരു ഭാഷാ രീതിയുണ്ട്. ഓരോ കുടുംബത്തിനും തനത് ശൈലിയുണ്ടെന്ന് ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന് നായര്‍ പറയുമായിരുന്നു. കണ്ണേട്ടന്റെ ഭാഷയുടെ മൗലികത എനിക്കിഷ്ടപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പല പ്രമുഖ സ്വയംസേവകരും അതു പ്രസിദ്ധപ്പെടുത്തണമെന്ന അഭിപ്രായമുണ്ടായിരുന്നു. തനതു ശൈലി കളയാതെ വേണമെന്ന എന്റെ അഭിപ്രായം അവര്‍ക്കു സ്വീകാര്യമായില്ല.
2008ല്‍ എന്റെ മകന് അനു നാരായണന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എ. ദാമോദരനും, കണ്ണേട്ടനും കുമാരമംഗലത്തെ വീട്ടിലും തൊടുപുഴയിലെ കല്യാണ മണ്ഡപത്തിലും (ഇഎപി ഹാള്‍)വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: