തൃശൂര്‍: വിജയത്തിളക്കത്തിലും സിപിഎമ്മിനുള്ളില്‍ നടക്കുന്നത് രണ്ടാംവെട്ടിനിരത്തല്. ഇതേച്ചൊല്ലി പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ രൂക്ഷമാകുകയാണ്. വലിയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ലഭിച്ചിട്ടും മന്ത്രിസഭാ രൂപീകരണം പോലും വൈകുന്നത് പാര്‍ട്ടിയിലെ തര്‍ക്കങ്ങളും ഭിന്നതയും മൂലം. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച് ഒട്ടേറെ നേതാക്കളെ വെട്ടിനിരത്തിയതിന് പിന്നാലെ മന്ത്രിസഭ രൂപീകരണത്തിലും വെട്ടിനിരത്തല്‍ തുടരുകയാണ്. പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാമെന്ന നിര്‍ദേശത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വലിയ എതിര്‍പ്പാണ്.
മുഖ്യമന്ത്രി പിണറായി വിജയനു പുറമേ കോടിയേരി ബാലകൃഷ്ണന്, എം.എ.ബേബി, എസ്.രാമചന്ദ്രന് പിള്ള എന്നിവരടങ്ങുന്ന അവെയ്ലബിള് പിബിയാണ് മന്ത്രിമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റിനെ നോക്കുകുത്തിയാക്കി പി.ബി.അംഗങ്ങള്‍ അമിതാധികാരം കയ്യാളുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍ പരാതിപ്പെടുന്നു. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവന് പോലും കാര്യങ്ങള്‍ അറിയുന്നില്ല. മുന്‍പ് സെക്രട്ടേറിയേറ്റാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തീരുമാനിച്ചിരുന്നത്. കീഴ്വഴക്കങ്ങള് പോലും ലംഘിച്ച് തങ്ങളെ വെട്ടിനിരത്തുന്നതായാണ് പ്രമുഖ രണ്ടാം നിര നേതാക്കള്‍ പരാതി പറയുന്നത്.
അകല്‍ച്ചയിലായിരുന്ന കോടിയേരിയും എം.എബേബിയുമായി പിണറായി ധാരണയിലായതോടെ കൂടെനിന്നവരെ കൈവിട്ടു. പാര്‍ട്ടിയില്‍ അപ്രമാദിത്വം നിലനിര്‍ത്താന്‍ ഇ.പി.ജയരാജന് ഉള്‍പ്പെടെയുള്ള രണ്ടാം നിര നേതാക്കളെയാണ് പിണറായി ഉപയോഗിച്ചിരുന്നത്. പിണറായിക്കുവേണ്ടി കോടിയേരിക്കെതിരെവരെ ഇവര്‍ കൊമ്പുകോര്‍ത്തു. ഇപ്പോള്‍ പിണറായി കളം മാറി ചവിട്ടിയതോടെ തങ്ങള്‍ തഴയപ്പെടുന്നതാണ് ഇവരെ ചൊടിപ്പിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി പദത്തില്‍ കണ്ണുവെച്ച ഇ.പിക്ക് ഇപ്പോള്‍ അതും ലഭിക്കില്ല എന്നാണ് സൂചന. കോടിയേരി സെക്രട്ടറിയായി തിരിച്ചെത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായി അറിയിച്ചു കഴിഞ്ഞു. എതിര്ശബ്ദങ്ങളുയരാതിരിക്കാനുള്ള ശ്രമമാണ് പിണറായി കോടിയേരിയുടെ സഹായത്തോടെ നടപ്പാക്കുന്നത് എന്ന് വ്യക്തം.
രണ്ട്വട്ടം മത്സരിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനവും അവെയ്ലബിള് പിബിയുടെ പേരില്‍ പിണറായിയും കോടിയേരിയും ചേര്‍ന്ന് എടുത്തതായിരുന്നു. ഇതിലും മുതിര്‍ന്ന നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണമെന്നാണ് പിബി അംഗങ്ങളുടെ നിലപാട്. ഒരേ നേതാക്കള്‍ തന്നെ പതിറ്റാണ്ടുകള്‍ തുടര്‍ന്നതാണ് ബംഗാളില്‍ പാര്‍ട്ടി തകരാന്‍ കാരണമായത്. ബംഗാളിലെ അനുഭവം ഇവിടെ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ മന്ത്രിസഭയില്‍ പുതിയ മുഖങ്ങള്‍ വരണം.പി.ബി അംഗങ്ങള്‍ തങ്ങളുടെ നിലപാട് ന്യായീകരിക്കുന്നതിങ്ങനെ. എന്നാല്‍ രണ്ടാം നിരയെ വെട്ടിയൊതുക്കാനുള്ള നീക്കമായാണ് നേതാക്കള്‍ ഇതിനെ കാണുന്നത്.
മുന്മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടവരും നേതൃത്വത്തിനെതിരെ കടുത്ത വിയോജിപ്പിലാണ്. പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ലെങ്കിലും വിയോജിപ്പും ശീതസമരവും രൂക്ഷമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായിയെയും കോടിയേരിയെയും വെല്ലുവിളിച്ച് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടത്താന്‍ ഇവര്ക്കാകുമോയെന്നതാണ് സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: