മട്ടാഞ്ചേരി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റേഷന്‍ വാങ്ങാന്‍ കാര്‍ഡ് ഉടമകള്‍ കടയിലേക്ക് കൂട്ടമായെത്തിയത് പ്രശ്നങ്ങള്‍ക്കിടയാക്കി. കടയില്‍ മെയ് മാസത്തെ റേഷന്‍ സ്റ്റോക്ക് എത്താതിനാല്‍ പലയിടങ്ങളിലും കാര്‍ഡ് ഉടമകളും വ്യാപാരികളും തമ്മില്‍ തര്‍ക്കത്തിനും ഇടയായി.
മാസം തുടങ്ങി ആറ് ദിവസം പിന്നിട്ടെങ്കിലും മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട റേഷന്‍ ഇതുവരെ കടകളില്‍ എത്തിയിട്ടില്ല. സാധാരണ മാസാദ്യം തുടങ്ങിയാല്‍ സ്റ്റോക്ക് എത്താറുണ്ടെങ്കിലും ഇത്തവണ വൈകുകയാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. കൊച്ചി എന്‍എഫ്എസ്എ ഗോഡൗണില്‍ നിന്നാണ് കൊച്ചി താലൂക്കിലെ റേഷന്‍ കടകളിലേക്കുള്ള സ്റ്റോക്ക് എത്തേണ്ടത്. എന്നാല്‍ ഇവിടുത്തെ മെല്ലേപോക്ക് നയമാണ് റേഷന്‍ വിതരണം വൈകാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.
ഭൂരിഭാഗം റേഷന്‍ കടകളിലും തൊണ്ണൂറ് ശതമാനം കാര്‍ഡും മുന്‍ഗണന വിഭാഗത്തിലുള്ളതായിരിക്കും. ഇവര്‍ക്ക് നല്‍കേണ്ട റേഷന്‍ പകരം പ്രധാനമന്ത്രിയുടെ സൗജന്യ റേഷന്റെ ബില്ലാണ് എന്‍എഫ്എസ്എ ഗോഡൗണില്‍ അടിച്ചിട്ടുള്ളത്. എന്നാല്‍ സൗജന്യ റേഷന്‍ കണക്ക് ഇ പോസ് മെഷിനില്‍ കയറാത്തതിനാല്‍ അത് വിതരണം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. തൊഴിലാളികളുടെ കുറവാണ് റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അധികത്തൊഴിലാളികളെ വെച്ച് വാതില്‍പടി റേഷന്‍ വിതരണം യുദ്ധകാലടിസ്ഥാനത്തില്‍ നടത്താന്‍ അധികൃതര്‍ തയാറാകണമെന്നും അല്ലാത്ത പക്ഷം ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നും ഓള് കേരള റീട്ടൈല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കൊച്ചി സിറ്റി കമ്മിറ്റി പ്രസിഡന്റ് കെ.കെ കുഞ്ഞച്ചന്, സെക്രട്ടറി സി.എ ഫൈസല്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: