ചാത്തന്നൂര്‍: കൈതക്കുഴി നെഹ്‌റു മെമ്മോറിയല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി രക്ഷാകര്‍ത്താക്കളും അധ്യാപകരും രംഗത്ത്. അണ്‍ എയ്ഡഡ് സ്‌കൂളായ ഇതിന്റെ പ്രവര്‍ത്തനം മതിയാക്കുന്നതായി മാനേജ്മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തരായി അധ്യാപകരും നൂറിലേറെ രക്ഷിതാക്കളും സ്‌കൂളിലെത്തിയത് സംഘര്‍ഷത്തിന്റെ വക്കിലെത്തി. ഇന്നലെ രാവിലെ പത്തോടെ ആദിച്ചനല്ലൂര്‍ കൈതക്കുഴിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു സംഭവം.
സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ ടിസി വാങ്ങി മറ്റു സ്‌കൂളുകളിലേയ്‌ക്കു പോകണമെന്നും കാട്ടി സ്‌കൂള്‍ മാനേജ്മെന്റ് കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. ഇത് കണ്ട് പരിഭ്രാന്തരായി എത്തിയ രക്ഷിതാക്കളോടും അദ്ധ്യാപകരോടും മാനേജ്മെന്റ് പ്രതിനിധികള്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്ന് പണ്ടിടിഎ ഭാരവാഹികള്‍ പറഞ്ഞു. സംഭവം സംഘര്‍ഷത്തിലേക്കു നീങ്ങിയതോടെ ചാത്തന്നൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് രക്ഷകര്‍തൃപ്രതിനിധികളും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍പോള്‍, ചാത്തന്നൂര്‍ എഇഒ ഷൈനി ഹബീബ് എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.
സ്‌കൂള്‍ വര്‍ഷങ്ങളായി നഷ്ടത്തിലാണെന്നും മുന്നോട്ടു കൊണ്ടുപേണ്ടാകാനാകില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. എന്നാല്‍ കൊവിഡ് ബാധിച്ച കാലയളവിലും മാനേജ്മെന്റ് 80 ശതമാനം ഫീസും പിരിച്ചെടുത്തതായി രക്ഷിതാക്കള്‍ പറഞ്ഞു. ഇക്കാലയളവില്‍ അധ്യാപകര്‍ക്ക് 50 ശതമാനം വരെ ശമ്പളമേ നല്‍കിയിട്ടുള്ളൂവെന്ന് അധ്യാപകരും പറഞ്ഞു. കഴിഞ്ഞ ആഴ്ചവരെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തതായും ഇവരില്‍ നിന്ന് വാങ്ങിയ തുകയ്‌ക്ക് താല്‍ക്കാലിക രസീത് പോലും നല്‍കിയിട്ടില്ലെന്നും ആരോപണമുയര്‍ന്നു.ചര്‍ച്ചകള്‍ക്കൊടുവില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍പോള്‍ പറഞ്ഞു. 1965ല്‍ സ്ഥാപിതമായ സ്‌കൂളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: