Categories: India

ഇന്ത്യയ്‌ക്ക് കൈത്താങ്ങായി വീണ്ടും യുകെ; ഓക്‌സിജന്‍ ജനറേറ്ററുകളുമായി യുകെയുടെ കൂറ്റന്‍ കാര്‍ഗോ വിമാനം ഞായറാഴ്ച ദല്‍ഹിയിലെത്തും

Published by

ന്യൂദല്‍ഹി : കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്‌ക്ക് കൈത്താങ്ങായി ലോകരാഷ്‌ട്രങ്ങള്‍. അടിയന്തിര സാഹര്യത്തില്‍ രാജ്യത്തിന് വീണ്ടും യുകെ യുടെ സഹായം. മൂന്ന് കൂറ്റന്‍ ഓക്സിജന്‍ ജനറേറ്ററുകളുമായി ലോകത്തെ ഏറ്റവും വലിയ യുകെയുടെ കാര്‍ഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചുകഴിഞ്ഞു. ഞായറാഴ്ച രാവിലെ ഇത് തലസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ആന്റനോവ് 124 എന്ന് പേരുള്ള ഈ വിമാനം മിനിറ്റില്‍ 500 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റുകളുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 18 ടണ്‍ ഭാരമുള്ള ഈ ജനറേറ്ററുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഒരേ സമയം അമ്പത് പേര്‍ക്ക് ഉപയോഗിക്കാനാകും. ആശുപത്രികളില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്ക് പ്ലാന്റ് ആശ്വാസം നല്‍കും. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം വെള്ളിയാഴ്ച യാത്ര തിരിച്ചു കഴിഞ്ഞു.  

ഇന്ത്യയിലെത്തുന്ന ഓക്സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യന്‍ റെഡ് ക്രോസിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റും. ഇതോടൊപ്പം 1000 വെന്റിലേറ്ററുകളും കയറ്റി അയച്ചിട്ടുണ്ട്. ഇന്ത്യ നേരിടുന്ന പ്രതിസന്ധിയില്‍ ബ്രിട്ടന്‍ നല്‍കുന്ന സഹായങ്ങളുടെ തുടര്‍ച്ചയാണിത്.

വിദേശകാര്യ കോമണ്‍വെല്‍ത്ത് ഡെവലപ്മെന്റ് ഓഫീസാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചത്. മാരക വൈറസിനെ നിയന്ത്രിക്കാന്‍ ഇന്ത്യയ്‌ക്ക് സാധ്യമായ എല്ലാ സഹായവും തുടര്‍ന്നും നല്‍കുമെന്ന് ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞ ദിവസം വെര്‍ച്വല്‍ ഉച്ചകോടി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ യുകെ എത്തിച്ചു തുടങ്ങിയത്. കഴിഞ്ഞ മാസം 200 വെന്റിലേറ്ററുകളും 450 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ബ്രിട്ടന്‍ ഇന്ത്യയ്‌ക്ക് നല്‍കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക