ന്യൂദല്‍ഹി : രാജ്യത്ത് ഓകസിജന്‍ സിലിണ്ടറിന്റെ ആവശ്യം വര്‍ധിച്ചതോടെ അഗ്നിശമന ഉപകരണങ്ങള്‍ സിലിണ്ടര്‍ എന്നപേരില്‍ വില്‍പ്പന നടത്തിവര്‍ അറസ്റ്റില്‍. കോവിഡ് രോഗികളുടെ ബന്ധുക്കള്‍ക്ക് അഗ്നിശമന ഉപകരണങ്ങളില്‍ പെയിന്റടിച്ച് നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ദല്‍ഹി അലിപൂര്‍ സ്വദേശികളായ രവി ശര്‍മ്മ (40), മുഹമ്മദ് അബ്ദുള്‍ (38), ശംഭു ഷാ (30) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് നടത്തിയ തെരച്ചിലില്‍ ഇവരുടെ പക്കല്‍ നിന്നും 530ഓളം അഗ്നിശമനയന്ത്ര വാതക സിലിണ്ടറുകളും 25ലധികം ഓക്സിജന്‍ ഗ്യാസ് സിലിണ്ടര്‍ നോസലുകളും പിടിച്ചെടുത്തിട്ടുണ്ട്. സിലിണ്ടറുകളുടെ പെയിന്റ് മാറ്റി ഓക്സിജന്‍ സിലിണ്ടറിന്റേതിന് സമാനമായി പെയിന്റടിച്ച് ഇവര്‍ വിതരണം ചെയ്യുകയായിരുന്നു.
ഇവരില്‍ നിന്നും സിലിണ്ടറുകളുടെ പെയിന്റ് നീക്കം ചെയ്യാന്‍ ഉപയോഗിച്ച ഇലക്ട്രിക് ഗ്രൈന്‍ഡറുകള്‍, സ്പ്രേ- പെയിന്റ് ക്യാനുകള്‍, 49,500 രൂപ എന്നിവയും കണ്ടെടുത്തു. കോവിഡ് രോഗികള്‍ക്ക് സൗജന്യമായി സിലിണ്ടറുകള്‍ എത്തിച്ച് നല്‍കിയിരുന്ന രാധ വല്ലാബ് സേവാ സംഘ് എന്ന എന്‍ജിഒയുടെ പരാതിയെ തുടര്‍ന്നാണ് വ്യാജ ഓക്സിജന്‍ സിലിണ്ടര്‍ റാക്കറ്റിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
അതേസമയം ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് ദിനം പ്രതി വില ഉയര്‍ത്തുകയാണെന്നും ആരോപണമുണ്ട്. അലിപൂരിലെ അപ്നി കോളനിയില്‍ സ്ഥിതിചെയ്യുന്ന വര്‍ഷ എഞ്ചിനീയറിങ് എന്ന ഓക്സിജന്‍ സിലിണ്ടര്‍ വിതരണക്കാരന് 4.5 ലിറ്റര്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ 5,500 രൂപയ്ക്കാണ് ആദ്യം വിറ്റത്. അതിനുശേഷം കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ വിതരണക്കാരന് വില വര്‍ധിപ്പിക്കുകയും 4.5 ലിറ്റര്‍ സിലിണ്ടറിന് 13,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാരിന് അധികനികുതി നല്‍കണമെന്നാണ് ഇതിന് വിതരണക്കാരന് മറുപടി നല്‍കിയത്.
എന്നാല്‍ സിലിണ്ടറിന് അധിക നികുതി നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ദല്‍ഹി പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: