കൊല്ലം: ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണെന്ന് ആര്‍എസ്പി യുവനേതാവ് ഷിബു ബേബി ജോണ്‍.
ഒരു കാലത്ത് ആര്‍എസ്പിയുടെ കോട്ടയായ കൊല്ലം ജില്ലയിലെ ചവറ മണ്ഡലത്തില്‍ രണ്ടാം തവണ തോല്‍വി രുചിച്ച ഷിബു ബേബി ജോണ്‍ ഫേസ് ബുക്കിലൂടെ തോല്‍വിയുടെ കാരണം പങ്കുവെക്കുകയായിരുന്നു. ഇക്കുറി സിപിഎം സ്ഥാനാര്‍ത്ഥി ഡോ. സുജിത് വിജയന്‍ പിള്ളയോടാണ് വെറും 1096 വോട്ടുകള്‍ക്ക് ഷിബു ബേബി ജോണ്‍ തോറ്റത്. ഗ്രൂപ്പ് യോഗം ചേരുകയും തോൽവിയെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കൾക്കെതിരേ ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ കുറിപ്പില്‍ ആഞ്ഞടിച്ചു. തോല്‍വിയുടെ കാരണം ഉള്‍ക്കൊള്ളാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണെന്ന് ഷിബു ബേബി ജോൺ ചോദിച്ചു.
ഫേസ് ബുക്ക് കുറിപ്പ്:
മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്ത യുഡിഎഫ് നേതാക്കളോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ ‘എന്നെ തല്ലണ്ടമ്മാ ഞാൻ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്. അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഷിബു ബേബി ജോൺ പറയുന്നു.
നേരത്തെ ചവറയിൽ ഒറ്റ യുഡിഎഫ് പ്രവർത്തകനും തന്നെ വഞ്ചിച്ചിട്ടില്ലെന്ന് തന്‍റേടത്തോടെ പറയാൻ കഴിയുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞിരുന്നു. ഒരൊറ്റമനസോടെ രാപ്പകൽ അധ്വാനിച്ച ആയിരകണക്കിന് വരുന്ന കോൺഗ്രസിന്റെയും ആർ.എസ്.പിയുടെയും ലീഗിന്റെയും നേതാക്കന്മാരോടും പ്രവർത്തകരോടുമുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ടിട്ട പോസ്റ്റിലായിരുന്നു ഷിബു ബേബി ജോൺ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രവർത്തിയെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: