ആര്‍പ്പൂക്കര (കോട്ടയം): കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പണിതീര്‍ത്ത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ ഓക്സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഇഴയുന്നു. ഇന്നലെ ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. ഇതിപ്പോള്‍ പുതിയ മന്ത്രിമാര്‍ക്കു വേണ്ടി മാറ്റി.
കേരളവും ഓക്സിജന്‍ ക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓക്സിജന്‍ പ്ലാന്റ് രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി നീട്ടിവച്ചിരിക്കുന്നത്. ഓക്സിജന്‍ പ്ലാന്റിന്റെ ട്രയല്‍ റണ്ണും വിജയകരമായി നടത്തി പ്രവര്‍ത്തനക്ഷമത വിലയിരുത്തി യിരുന്നു. പിഎം കെയര്‍ ഫണ്ടില്‍ നിന്ന് 2.75 കോടി രൂപ ചെലവഴിച്ച് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത മെഷീനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് 60 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിലാണ്.
അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് വായു വലിച്ചെടുത്ത് നൈട്രജന്‍ വേര്‍തിരിച്ച ശേഷം ശുദ്ധമായ ഓക്സിജന്‍ നിര്‍മ്മിക്കുകയാണ് ഈ പ്ലാന്റില്‍ ചെയ്യുന്നത്. ഒരു മിനിറ്റില്‍ 2000 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. ഇവിടെ നിന്ന് കുഴലുകള്‍ വഴി ഓക്സിജന്‍ വിതരണം ചെയ്യാനുള്ള സൗകര്യവും പൂര്‍ത്തിയായി. പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുകയില്ല. പക്ഷേ, ഇത് എന്ന് പ്രവര്‍ത്തിച്ചു തുടങ്ങുമെന്നതാണ് ഇനി അറിയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: