മലപ്പുറം: ഫിറോസ് കുന്നംപറമ്പില്‍ ചികിത്സാ സഹായത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തുന്നുവെന്ന് ഡിവൈഎഫ്ഐ. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം ഫിറോസ് പണപ്പിരിവ് നടത്തുന്നുവെന്ന് തെളിഞ്ഞതാണ്. അതിനാല്‍ അദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം.
സ്ത്രീകളെ അപമാനിക്കല്‍, പിടിച്ചുപറി, ഭവനഭേദനം എന്നിങ്ങനെ നിരവധി കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിന് പാലക്കാട് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തിയതിനും വീട്ടില്‍ കയറി അതിക്രമം കാട്ടിയതിനും എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലും കേസുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് വിട്ടു നല്‍കിയത്. ജില്ലയില്‍ തന്നെ നിരവധി നേതാക്കള്‍ ഉണ്ടായിട്ടും മുസ്ലീം ലീഗ് അനുഭാവിയായ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയത് നാല് കോടി രൂപ കോഴ വാങ്ങിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടാതെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥിയായിരുന്നു ഫിറോസ് കുന്നംപറമ്പിലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്നെ ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: