ഡോ. സി.വി. ആനന്ദബോസ്
ഒന്നാം വരവ് നടത്തി കോവിഡ് മടങ്ങിപോയെന്ന് കരുതിയിരിക്കുമ്പോഴാണ് രണ്ടാമതും കൂടുതൽ ശക്തിയോടെ വന്നു ചേർന്നിരിക്കുന്നത്. ഒന്നാം വരവിനെക്കാൾ ഭയാനകമാണ് രണ്ടാം വരവെന്ന് നാം മനസിലാക്കി കഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യമാണ് നമുക്ക് മുന്നിലുള്ളത്. കാർമേഘപടലങ്ങൾക്കുള്ളിലെ രജതരേഖ പോലെ നമ്മെ സമാശ്വസിപ്പിക്കുന്ന ഒന്നുണ്ട്. കോവിഡിൻറെ ആദ്യവരവിൽ നമ്മുടെ കൈയിൽ ആയുധമില്ലായിരുന്നു. ആയുധം കൈയ്യിലില്ലാത്തോൻ അടരാടുന്നതെങ്ങന. എന്നാൽ നമ്മുടെ നിശ്ചയദാർഢ്യവും ഫെഡറൽ സംവിധാനത്തിൻറെ കരുത്തും പൊതു സമൂഹത്തിൻറെ ശക്തിയും ഒത്തു ചേർന്നപ്പോൾ ഒന്നാം ഘട്ടത്തിൻറെ പ്രതിസന്ധി മറികടക്കാൻ നമുക്ക് കഴിഞ്ഞു. ഇപ്പോഴത്തെ പ്രധാന പ്രശ്‌നം എങ്ങനെ രണ്ടാംഘട്ടം നേരിടാം എന്നതാണ്. ഇത് വിലപേശാനും പഴിചാരാനും ഉള്ള സമയമല്ല. അങ്ങനെ ചില പ്രവണതകൾ കാണുന്നത് ജീർണ്ണരാഷ്ടീയത്തിന്റെ ബാക്കിപത്രമായി കണ്ടാൽ മതി. പുര കത്തുമ്പോൾ വാഴ വെട്ടാൻ നോക്കുന്നവരെ എല്ലാവരും തിരിച്ചറിയും.
പൊതുജനാരോഗ്യ രംഗത്തെ അടിയന്തരാവസ്ഥ എന്നാണ് കോവിഡ് രണ്ടാം വരവിനെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിട്ടുള്ളത്. ഇക്കാര്യം ഭരണപ്രതിപക്ഷ ഭേദമന്യേ എല്ലാവരും മനസിലാക്കി ചടുലമായ നീക്കങ്ങൾ നടത്തണം. മൗലികാവകാശങ്ങൾ ലംഘിക്കുകയും രാഷ്‌ട്രീയ പ്രതിയോഗികളെ തുറുങ്കിലടക്കുകയും ചെയ്ത ആ കറുത്ത പദമല്ല ഇന്നത്തെ അടിയന്തരാവസ്ഥ. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗും ദേവഗൗഡയും മുതിർന്ന നേതാവ് കപിൽ സിബലും പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ ആവശ്യമാണ് എന്ന് പറഞ്ഞു കഴിഞ്ഞു. ഇത് ഒരു ദേശീയ സമവായമായി കാണാം എന്നു തോന്നുന്നു.
ഊർജ്ജിത വാക്‌സിൻ ഉൽപ്പാദനം
മഹാമാരിയുടെ രണ്ടാം വരവിനെ പിടിച്ചുനിർത്തുന്നതിനുള്ള ഒരു ഫോർമുല നമ്മുടെ രാഷ്‌ട്രീയ കക്ഷികൾ ആദ്യം സൃഷ്ടിക്കണം. പ്രതിരോധകുത്തിവയ്‌പ്പ് എല്ലാവർക്കും നൽകുക എന്നതാണ് ഇതിൽ ആദ്യപടി. ലോകത്തെ ഏറ്റവുമധികം ഔഷധ നിർമ്മാണ കമ്പനികൾ പ്രവർത്തിക്കുന്നത് ഇന്ത്യയിലാണ്. ഇവരെല്ലാം ചേർന്ന് വിചാരിച്ചാൽ ഇന്ത്യക്ക് ആവശ്യമുള്ള വാക്‌സിനുകൾ നിർമ്മിക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിലുള്ള അടിയന്ത സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യയിലെ എല്ലാ മരുന്ന് കമ്പനികൾക്കും വാക്‌സിൻ നിർമിക്കാനുള്ള അനുമതി നൽകുക. പേറ്റന്റ് നിയമവും ലോകവ്യാപാര സംഘടനയും അനുശാസിക്കുന്ന രീതിയിൽ ആരുടെ പേറ്റന്റും ഉപയോഗിച്ച് വാക്‌സിൻ നിർമ്മിക്കാനുള്ള അനുമതി ആയിരിക്കണം ഇത്. ഇതിനെ കംപൽസറി ലൈസൻസ് പ്രൊവിഷൻ എന്ന് വിളിക്കും. ഒരിക്കൽ കരളിനും വ്യക്കക്കും ആവശ്യമുള്ള മരുന്നു ഇത്തരത്തിൽ വൻതോതിൽ ഇന്ത്യ ഉല്പാദിപ്പിച്ചിട്ടുണ്ട്. അന്ന് ബേയർ കോപറേഷൻ 2.8 ലക്ഷം രൂപക്കാണ് മരുന്ന് വിറ്റിരുന്നത്. എന്നാൽ പ്രത്യേക ലൈസൻസ് പ്രകാരം ഇന്ത്യയിലെ നാറ്റ്‌കോ എന്ന കമ്പനി ഇതേ ഔഷധം നിർമിക്കുകയും വെറും 9000 രൂപയ്‌ക്ക് വിപണിയിൽ എത്തിക്കുകയും ചെയ്തു. ഇസ്രയേൽ, എച്ച് ഐ വി ക്ക് നൽകുന്ന മരുന്നുകൾ ഇത്തരത്തിൽ വൻതോതിൽ ഉല്പാദിപ്പിച്ചിട്ടുണ്ട്.
ലോകത്തെവിടെയെല്ലാം വാക്‌സിൻ ലഭിക്കുമോ അവിടെ നിന്നെല്ലാം അവശ്യമായ തോതിൽ വാക്‌സിൻ ഇന്ത്യയിൽ എത്തിക്കണം. അത് ആവശ്യക്കാരിലെത്തിക്കാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കണം. പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ആരോഗ്യ സംവിധാനങ്ങളുടെ ഒരു ദേശീയ ശ്യംഖലയുണ്ടാക്കണം. സ്വകാര്യാശുപത്രികളെയും ഇതിൻറെ ഭാഗമാക്കണം. ആവശ്യമെങ്കിൽ ഹോട്ടലുകളും വിദ്യാലയങ്ങളും താൽകാലിക ആശുപത്രിയാക്കണം. അതാത് സ്ഥലത്തെ കോവിഡ് രോഗികളെ പരിപാലിക്കേണ്ട ചുമതല പഞ്ചായത്തുകൾക്ക് നൽകണം. മൊബൈൽ ആശുപത്രികൾ നിരത്തിലിറങ്ങണം. ഒപ്പം മൊബൈൽ ഐ.സി യു വും. എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ നിന്ന് രോഗികളെ എത്തിക്കാനും ഉടനടി വൈദ്യസഹായം നൽകാനും ഹെലികോപ്റ്റർ ഏർപ്പാടാക്കണം. തീവണ്ടികളും കപ്പലുകളും ആവശ്യാനുസരണം താത്കാലിക കോവിഡ് ആശുപത്രികളാക്കണം. വൈദ്യ ശുശ്രൂഷയ്‌ക്കായുള്ള ഇടത്താവളങ്ങൾ തുറക്കാൻ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകണം. ഇതെല്ലാം നോക്കിനടത്താൻ ജീവനക്കാരെ എവിടെ നിന്നും കിട്ടും? വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും. സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഇതിന് വേണ്ടി നിയമിക്കണം.പോലീസിനെ സഹായിക്കാനായി സർവ്വീസിൽ നിന്നു വിരമിച്ചവരെയും വിമുക്ത ഭടൻമാരെയും യുവാക്കളെയും രംഗത്തിറക്കാം.
വരുമാനമില്ലാത്തവരാണ് ഇക്കാലത്തെ വലിയ പ്രശ്‌നം. കേന്ദ്ര സർക്കാർ ഒരിക്കൽ ചെയ്തതു പോലെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കാം. സാധാരണകാർക്ക് 5000 രൂപയെങ്കിലും ബാങ്കുകളിൽ നിന്ന് ഓവർഡ്രാഫ്റ്റ് നൽകുന്നതും പരിഗണിക്കാം .
പട്ടിണിയെ പടി കടത്തുക.
12 കോടി കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുന്ന നാടാണ് നമ്മുടേത്. കോവിഡ് സാഹചര്യത്തിൽ ഇതിന് സമാനമായ ഒരു സൗജന്യ ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കാൻ നമ്മുടെ രാജ്യത്തിന് കഴിയും. ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് പ്രയോജനം ലഭിയ്‌ക്കത്തക്ക രീതിയിൽ പട്ടിണി രഹിത ഭാരതം എന്ന പദ്ധതി നടപ്പിലാക്കുക. കോവിഡ് കാലത്ത് സാധാരണകാർക്കാണ് ഏറ്റവും അധികം തൊഴിൽ നഷ്ടമുണ്ടായിട്ടുള്ളത്. ഇതിനെ പ്രതിരോധിക്കാൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി തൊഴിലവസരങ്ങളും വരുമാനവും കൂട്ടണം.
കോവിഡ് രൂക്ഷമായ ഒരു വർഷം പൊതുജനതകൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക്, ജീവിതത്തിൽ അപ്പാടെ നഷ്ടമാകാതിരിയ്‌ക്കാനുള്ള ഒരു മാർഗ്ഗം ഈ ഒരു വർഷം കലണ്ടറിൽ നിന്നും നീക്കം ചെയ്യുക. സീറോ ഇയർ എന്ന സങ്കർപ്പം കൊണ്ടുവരുക. വിദഗ്‌ദ്ധർ വിശദമായി പരിശോധിയ്‌ക്കണ്ട പരിഗണനാർഹമായ ഒരു ആശയമാണിത്.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ദേശീയമായ ഒരു കാഴ്ചപ്പാട് ആവശ്യമാണ്. മാധ്യമങ്ങൾക്കിതിൽ ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. ജനങ്ങൾക്ക് കോവിഡിനെ കുറിച്ച് സുവ്യക്തമായ വിവരങ്ങൾ നൽകണം. കരുത്തനായ പ്രതിശത്രുവിനെ ഇല്ലായ്‌മ ചെയ്യുന്നതിനാവണം എല്ലാ ചർച്ചകളും നടക്കേണ്ടത്.മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. കോവിഡ് വിമുക്തമായ ഒരു ഭാരതം സ്വപ്നം കാണണമെങ്കിൽ ഫെഡറൽ സംവിധാനത്തിൻറെ സാധ്യതകൾ ഉൾക്കൊണ്ട് കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഒരുമിച്ച് നീങ്ങണം. വിദേശികൾ നമ്മെ കീഴടക്കിയതിൻറെ പ്രധാനകാരണം ഇന്ത്യയിലെ രാജാക്കൻമാർ പരസ്പരം കലഹിച്ചതാണ്. ഇനിയും അങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. ദേശീയ വിപത്തിനെ ദേശീയ പ്രശ്‌നമായി കണ്ട് ഒരുമിച്ച് നിൽക്കണം.
ആരോഗ്യഅടിയന്താരവസ്ഥയുടെ ഗൗരവം പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിൻറെ ചുമതല നമ്മുടെ പൊതു പ്രവർത്തകർക്ക് തന്നെയാണ്. അതിലവർ പരാജയപ്പെട്ടാൽ മരിക്കുന്നത് നമ്മുടെ അമ്മമാരും സഹോദരിമാരും ബന്ധുക്കളും സുഹൃത്തുക്കളും തന്നെയായിരിക്കും.
പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയെക്കുറിച്ച് ഭരണഘടന നിശബ്ദമാണ്. അതു കൊണ്ടു തന്നെ അതിനെ രാഷ്‌ട്രീയ അടിയന്തരാവസ്ഥയുമായി കുട്ടിക്കുഴച്ച് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കരുത്. 1897 ൽ പാസാക്കിയ എപ്പിഡമിക്ക് ഡിസീസസ് ആക്റ്റും ഇന്ത്യൻ പീനൽ കോഡുമാണ് നമ്മുടെ കൈയിലെ ആയുധം. ഇവ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റുമായി ചേർത്ത് വായിയ്‌ക്കണം. പ്രതിസന്ധികൾ വരുമ്പോൾ അതിനെ നേരിടാൻ സർക്കാരിന് അധികാരം നൽകുന്ന ഒരു പൊതുനിയമം നിലവിലില്ല.സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിലെടുത്തു കൊണ്ട് ഇങ്ങനെ ഒരു നിയമം നിർമ്മിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. അടിയന്തിര സാഹചര്യം പരിഗണിക്കുമ്പോൾ ഒരു ഓഡിനൻസ് ആയികൂടെന്നില്ലല്ലോ.
ഇന്ത്യയുടെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുമ്പോൾ കോവിസിൻറെ രണ്ടാം വരവിൽ നാം ഭയപ്പെടേണ്ടതില്ല.കാരണം ഇന്ത്യ 14 കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകിയപ്പോൾ മറ്റ് രാജ്യങ്ങൾക്ക് അതിൻറെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ആന്തരിക ശക്തി ഇവിടെത്തെ സാധാരണക്കാരുടെ ശക്തിയാണ്. ഇന്ത്യയെ നയിക്കുന്ന ഭരണാധികാരികൾ ഒരേ സ്വരത്തിൽ സംസാരിച്ചാൽ,ഒരേ ദിശയിൽ നീങ്ങിയാൽ മഹാമാരിയെ തുരത്താൻ ഇന്ത്യയുടെ ആന്തരിക ശക്തിക്ക് കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട. മുന്നോട്ടു കുതിക്കേണ്ട സമയമാണ് ഇത്. പിന്നോട്ട് നോക്കി വിലപിക്കേണ്ട കാര്യമില്ല. ഇതിന് മുമ്പും നാം ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട്. ബംഗാൾ ഫാബിൻ നമുക്ക് മറക്കാനാവുമോ? സ്വാതന്ത്ര്യത്തിൻറെ ആദ്യ ഘട്ടത്തിൽ അതിർത്തിയിലുണ്ടായ കൂട്ട കൊലകൾ മറക്കാറായിട്ടില്ലല്ലോ. ജനാധിപത്യത്തിനേറ്റ എത്രയോ പ്രഹരങ്ങൾ നാം തടുത്തു. പിന്നെയാണോ കോവിഡ് !
തമസോമാ ജ്യോതിർഗമയാ
നൊബേൽ ജേതാവായ ഐറിഷ് കവി ഡബ്‌ള്യു ബി യെയ്റ്റ്‌സ് രണ്ടാം വരവ് എന്ന തന്റെ കവിതയിൽ പറയുന്നതിങ്ങനെ:
എല്ലാം തകർന്നു വീഴുന്നു
നിയന്ത്രണം വിട്ടു പോയിരിക്കുന്നു
ഏതാണ്ട് ഇതുപോലെ തന്നെയാണ് കോവിഡിൻറെ രണ്ടാം വരവ്. എന്നാൽ അമ്മൂമ്മമാർ പറയുന്നതുപോലെ,നാളെയും നേരം വെളുക്കും.തമസോമാ ജ്യോതിർഗമയാഇരുട്ട് മാറുക തന്നെ ചെയ്യും.
നാം ഈ ദുരന്തത്തെ ഒരു അവസരമാക്കി മാറ്റും. ഏതു പ്രതിസന്ധിയെയും നേരിടാനുള അന്തരീയ ശക്തി കൂട്ടും. ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ അല്ലല്ലോ മനുഷ്യ ജീവിതത്തെ വിലയിരുത്തേണ്ടത്. എലിയെ പേടിച്ച് ഇല്ലം ചുടേണ്ടതില്ല. ഐക്യമത്യം മഹാബലം. ഒരേ ഒരിന്ത്യ ഒരൊറ്റ ജനത. എന്റെ നാടിന്റെ നാവനങ്ങിയാൽ ലോകം ശ്രദ്ധിയ്‌ക്കും കാലം വരും.സംശയം വേണ്ട. മഹാകവി നമ്മെ ഉത്തേജിപ്പിക്കുന്നു
‘ ഭാരതമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക: